ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
സാങ്കേതികവിദ്യ കൂടുതലായി ഉൾപ്പെടുത്തിയുള്ള ഭരണത്തിനായി സമാന ചിന്തയുള്ള രാഷ്ട്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ
Posted On:
02 SEP 2021 12:58PM by PIB Thiruvananthpuram
ന്യൂഡൽഹി, സെപ്റ്റംബർ 02, 2021
ഇന്നലെ നടന്ന UNCTAD ഉന്നതതല നയ സംഭാഷണത്തിൽ, കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഡിജിറ്റൽവൽക്കരണത്തിലെ ഇന്ത്യൻ വിജയഗാഥ പങ്കുവെച്ചു. സാമൂഹിക ശാക്തീകരണം, ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള നയങ്ങൾ നടപ്പാക്കിയതിന്റെ അനുഭവങ്ങൾ ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ സംഭാഷണത്തിന്റെ ഭാഗമായി പങ്കിട്ടു. UNCTAD-ഇൻറ്റെ പതിനഞ്ചാമത് മന്ത്രിതല സമ്മേളനത്തിന് മുന്നോടിയായാണ് വെബ്ബിനാർ സംഘടിപ്പിച്ചത്
ഇന്റർനെറ്റ് കണക്ഷനുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കണക്ടിവിറ്റിയുള്ള ലോകത്തിലെ വലിയ രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 80 കോടിയോളം ജനങ്ങൾ രാജ്യത്ത് ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ ഗ്രാമീണ മേഖലയിൽ നടപ്പാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് പദ്ധതികളിൽ ഒന്ന് രാജ്യത്ത് പുരോഗമിക്കുകയാണ്.
കഴിഞ്ഞ ആറു വർഷക്കാലം കൊണ്ട് പൗരനും ഭരണകൂടവും തമ്മിലുള്ള അകലം ഏറെ കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഐഡൻഡിറ്റി, ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പൊതു ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സാങ്കേതിക വിദ്യ എന്നിവയുടെ പരമാവധി ഉപയോഗത്തിലൂടെയാണ് ഇത് സാധ്യമായത്. ഇതിലൂടെ ജനങ്ങൾക്കായുള്ള സബ്സിഡി അനർഹരിലേക്ക് എത്തുന്നത് തടയാനും കഴിഞ്ഞു.
സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കവേ, പൊതുജനങ്ങൾക്കും ചെറുകിട വ്യവസായ സംരംഭങ്ങൾക്കുമായി ഭരണകൂടം പ്രവർത്തിക്കുന്നതിലൂടെ സാങ്കേതികവിദ്യയുടെ ശക്തി, ഇന്ത്യ ലോകത്തിനു മുൻപിൽ തെളിയിച്ചതായും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യ കൂടുതലായി ഉൾപ്പെടുത്തിയുള്ള ഭരണ വികസനരംഗത്ത്, സമാന ചിന്തയുള്ള രാഷ്ട്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്നും ശ്രീ ചന്ദ്രശേഖർ വ്യക്തമാക്കി.
RRTN/SKY
(Release ID: 1751398)
Visitor Counter : 171