പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുനരുദ്ധരിച്ച ജാലിയന്‍ വാലാബാഗ് സ്മാരാക സമുച്ചയം രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 28 AUG 2021 8:59PM by PIB Thiruvananthpuram

ഈ ചടങ്ങില്‍ പങ്കു ചേര്‍ന്നിട്ടുള്ള പഞ്ചാബ് ഗവര്‍ണര്‍ ശ്രീ വിപി സിംങ് ബദ്‌നോര്‍ ജി, പഞ്ചാബ് മുഖ്യ മന്ത്രി  ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ് ജി, കേന്ദ്രകാബിനറ്റിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ.ജി കിഷന്‍ റെഡ്ഡി ജി, ശ്രീ അര്‍ജുന്‍  റാം മേഘ്‌വാൾ ജി , ശ്രീ സോം പ്രകാശ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ.ശ്വയിത് മാലിക് ജി, മറ്റ് മുഖ്യ മന്ത്രിമാരെ, പൊതുജന പ്രതിനിധികളെ, രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ, സഹോദരീ സഹോദരന്മാരെ,
പഞ്ചാബ് എന്ന ധീര ദേശത്തെയും ജലിയന്‍ വാലാബാഗ് എന്ന പുണ്യ ഭൂമിയെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ആരുടെ  സ്വാതന്ത്ര്യത്തിന്റെ അഗ്നിജ്വാലകള്‍  ക്രൂരമായി തല്ലിക്കെടുത്തപ്പെട്ടുവോ  ഭാരതാംബികയുടെ ആ മക്കളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. നിഷ്‌കളങ്കരായ ആ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്വപ്‌നങ്ങള്‍, ജാലിയന്‍ വാലാബാഗിന്റെ ഭിത്തിയില്‍ തുളച്ചു കയറിയ വെടിയുണ്ടയുടെ പാടുകളില്‍ ഇപ്പോഴും ദൃശ്യമാണ്. ഷഹീദി കിണറിലേയ്ക്ക് എണ്ണമറ്റ കുട്ടികളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതങ്ങള്‍ വലിച്ചെറിയപ്പെട്ടു. അവരുടെ സ്വപ്‌നങ്ങള്‍ ചവിട്ടി മെതിക്കപ്പെട്ടു. ഇന്ന് അവരെയെല്ലാം നാം അനുസ്മരിക്കുന്നു.
സഹോദരി സഹോദരന്മാരെ,
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മരണം വരിക്കാന്‍ തയാറായ സര്‍ദാര്‍ ഉദ്ധം സിംങ്, സര്‍ദാര്‍ ഭഗത് സിംങ് തുടങ്ങിയ യോധാക്കളെയും എണ്ണമറ്റ വിപഌവകാരികളെയും പ്രചോദിപ്പിച്ച സ്ഥലമാണ് ജാലിയന്‍ വാലാബാഗ്. 1919 ഏപ്രില്‍ 13 ലെ ആ 10 മിനിറ്റ്, നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ത്ഥ വീര ചരിത്രമായി  ശാശ്വതമായിരിക്കുന്നു.അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റ ആമൃതമഹോത്സവും ആഘോഷിക്കുന്നതിന് നമുക്ക് ഇന്നു സാധിക്കുന്നത്.  സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ജാലിയന്‍ വാലാബാഗ് സ്മാരക സമുച്ചയം നവീകരിക്കപ്പെട്ടു എന്നത്  നമുക്ക് എല്ലാവര്‍ക്കും വലിയ പ്രചോദനത്തിനു കാരണമായിരിക്കുന്നു. ജാലിയന്‍ വാലാബാഗിന്റെ ഈ പുണ്യഭൂമി അനേകം പ്രാവശ്യം സന്ദര്‍ശിക്കുന്നതിനും  വിശുദ്ധമായ ഈ മണ്‍തരികള്‍ നെറ്റിയില്‍ ചാര്‍ത്തുന്നതിനും സൗഭാഗ്യം ലഭിച്ചത് അനുഗ്രമായി ഞാന്‍ കരുതുന്നു. ഈ നവീകരണം ബലിദാനത്തിന്റെ ആ അനശ്വര കഥയെ കൂടുതല്‍ ശാശ്വതമാക്കിയിരിക്കുന്നു. വിവിധ ഗാലറികള്‍, രക്തസാക്ഷികളുടെ ചിത്രങ്ങള്‍ ആലേഖലനം ചെയ്യപ്പെട്ട ചുമരുകള്‍, ഷഹീദി ഉദ്ധംസിംഗ് ജിയുടെ പ്രതിമ എല്ലാം നമ്മെ ആ കാലഘട്ടത്തിലേയ്ക്കു കൂട്ടികൊണ്ടു പോകുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കു മുമ്പ് ഈ സ്ഥലത്ത് പരിശുദ്ധ ബെയ്‌സാക്കി വ്യാപാരമേള നടത്തിയിരുന്നു. സര്‍ബത് ദാ ഭല( എല്ലാവര്‍ക്കും ക്ഷേമം) എന്ന ചൈതന്യത്തില്‍ ഗുരു ഗോബിന്ദ സിംങ് ജി ഈ ദിനത്തിലാണ് ഇവിടെ ഖല്‍സാ പന്ഥ് സ്ഥാപിച്ചത്.  സ്വാതന്ത്ര്യത്തിന്റെ  75-ാം വാര്‍ഷികത്തില്‍ ജാലിയന്‍വാലാബാഗിന്റെ  ഈ പുതിയ രൂപഭാവം രാജ്യത്തെ പൗരന്മാര്‍ക്ക് ഈ പുണ്യസ്ഥലത്തിന്റെ ചരിത്രത്തെ  കുറിച്ചും ഇതിന്റെ ഭൂതകാലത്തെ കുറിച്ചും കൂടുതല്‍ അറിയുന്നതിന് പ്രചോദനമാകും.  സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നമ്മുടെ യാത്രയെ കുറിച്ച്്്, നമ്മുടെ പൂര്‍വികര്‍നേരിട്ട അന്വേഷണങ്ങളെ കുറിച്ച്, അവര്‍ സഹിച്ച എണ്ണമറ്റ ഞെരുക്കങ്ങളെ കുറിച്ച് ഈ സ്ഥലം നമ്മുടെ പുതിയ തലമുറയെ എന്നും ഓര്‍മ്മിപ്പിക്കും. രാഷ്ട്രത്തോടുള്ള ചുമതലകളെ പുതുക്കാനും നമ്മുടെ എല്ലാ പ്രവൃത്തികളും ആത്യന്തികമായി രാജ്യതാല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനും നവീകരിക്കപ്പെട്ട ഊര്‍ജ്ജത്തോടെ നമുക്കും ഇവിടെ നിന്ന് പ്രചോദനം സ്വീകരിക്കാം.  
സുഹൃത്തുക്കളെ,
ചരിത്രത്തെ സംരക്ഷിക്കുക എന്നത് ഓരോ രാഷ്ടത്തിന്റെയും ഉത്തരവാദിത്വമാണ്. ചരിത്ര സംഭവങ്ങള്‍  നമ്മെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കുകയും മുന്നോട്ടു പോരാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.  ജാലിയന്‍ വാലാബാഗു പോലെ മറ്റൊരു ബീഭത്സതയ്ക്ക്  ഇന്ത്യാ വിഭജന സമയത്തും നാം സാക്ഷികളായി.  കഠിനാധ്വാനികളും ഉത്സാഹികളുമായ പഞ്ചാബ്  ജനത ആയിരുന്നു വിഭജനത്തിന്റെ എറ്റവും വലിയ ബലിയാടുകള്‍.  വിഭജന കാലത്ത് ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും പ്രത്യേകിച്ച് പഞ്ചാബിലെ കുടുംബങ്ങളില്‍ നടന്ന സംഭവങ്ങളുടെ  വേദന ഇപ്പോഴും നമ്മേ നോവിപ്പിക്കുന്നുണ്ട്. ഭൂതകാലത്തെ ഇത്തരം ബീഭത്സത മറക്കുക ഒരു രാജ്യത്തിനും ഭൂഷണമല്ല. അതിനാലാണ് ഇന്ത്യ എല്ലാ വര്‍ഷവും ഓഗസ്റ്റ് 14 വിഭജന ഭീകരതയുടെ ഓര്‍മ്മദിനായി ആചരിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് നാം നല്‍കിയ വിലയെ കുറിച്ച്  ഭാവി തലമുറകളെ ഈ ദിനം ഓര്‍മ്മിപ്പിക്കും. വിഭജന സമയത്ത് ഇന്ത്യയിലെ ജനകോടികള്‍ അനുഭവിച്ച വേദന അനുഭവിക്കാന്‍ അപ്പോള്‍ അവര്‍ക്കും കഴിയും.
സുഹൃത്തുക്കളെ,
ഗുര്‍ബാനി നമ്മെ പഠിപ്പിക്കുന്നു    सुखु होवै सेव कमाणीआ।
അതായത് മറ്റുള്ളവരെ സേവിക്കുമ്പോഴാണ് സന്തോഷം ഉണ്ടാവുക. മറ്റുള്ളവരുടെ ദുഖങ്ങള്‍ നമ്മുടേതായി അനുഭവിക്കുമ്പോഴാണ് നാം സന്തോഷിക്കുന്നത്. അതിനാല്‍ ലോകത്ത് എവിടെയെങ്കിലും ഒരു ഇന്ത്യക്കാരന്‍ ക്ലേശം അനുഭവിക്കുമ്പോള്‍  സര്‍വശക്തിയോടും കൂടി അയാളെ സഹായിക്കാന്‍ ഇന്ത്യ എണീറ്റ് നില്‍ക്കുന്നു. അത് കൊറോണ കാലത്താകട്ടെ, അഫ്ഗാന്‍ പ്രതിസന്ധിയിലാകട്ടെ, ലോകം ഇത് മനസിലാക്കി കഴിഞ്ഞു. ഓപ്പറേഷന്‍ ദേവി ശക്തി വഴി നൂറുകണക്കിന് ഇന്ത്യക്കാരെയാണ് അഫ്ഗാനില്‍ നിന്നു നാം കൊണ്ടവന്നത്. വെല്ലുവിളികളുണ്ടായിരുന്നു, സാഹചര്യങ്ങള്‍ വഷളായിരുന്നു. എന്നിട്ടും ഗുരുപ്രസാദം നമുക്കൊപ്പം ഉണ്ടായിരുന്നു. അഫഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ആളുകളെ കൊണ്ടുവന്നപ്പോള്‍ ഒപ്പം പരിശുദ്ധ ഗുരുഗ്രന്ഥ സാഹിബിന്റെ സ്വരൂപവും കൊണ്ടുപോന്നു.
സുഹൃത്തുക്കളെ,
ഇക്കഴിഞ്ഞ കാലമത്രയും രാജ്യം അതിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.  നമ്മുടെ ഗുക്കന്മാര്‍ നല്‍കിയ മാനുഷിക ഉപദേശങ്ങള്‍ മനസില്‍ കരുതി   അത്തരം സാഹചര്യങ്ങളുടെ ഞെരുക്കങ്ങള്‍ സഹിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി രാജ്യം പുതിയ നിയമങ്ങള്‍ ഉണ്ടാക്കി.
സുഹൃത്തുക്കളെ,
 ഏകഭാരതം ശ്രേഷ്ഠ ഭാരതം ( ഒരിന്ത്യ പരമോന്നത ഇന്ത്യ) എന്ന മുദ്രാവാക്യത്തിന് വര്‍ത്തമാന കാല ആഗോള സാഹചര്യങ്ങള്‍ അടിവരയിടുന്നു. ഒരു രാഷ്ട്രം എന്ന നിലയില്‍ സ്വാശ്രയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആവശ്യകത എന്തെന്ന്  ഈ സംഭവങ്ങള്‍  നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാം നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ഉറപ്പിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.  ഓരോ ഗ്രാമത്തിലും സ്വാതന്ത്ര്യ സമര സേനാനികള്‍ ഓര്‍മ്മിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു എന്ന പ്രതിജ്ഞയാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രതിഫലിപ്പിക്കുന്നത്.  രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന നാഴികകല്ലുകളെ മുന്‍ നിരയിലേയ്ക്കു കൊണ്ടുവരുന്നതിനുള്ള അര്‍പ്പിത പരിശ്രമങ്ങള്‍ നടക്കുന്നു. രാജ്യത്തെ ധീരദേശാഭിമാനികളുമായി  ബന്ധപ്പെട്ട സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല അവയ്ക്കു പുതിയ മാനങ്ങള്‍ കൂട്ടിചേര്‍ക്കപ്പെടുകയും ചെയ്യുന്നു. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ജാലിയന്‍ വാലാബാഗ് പോലുള്ള മറ്റ് ദേശീയ സ്മാരകങ്ങള്‍ നവീകരിച്ചു കഴിഞ്ഞു.  1857 മുതല്‍ 1947 വരെയുള്ള ഓരോ വിപ്ലവവും ചിത്രീകരിക്കുന്ന അലഹബാദ് മ്യൂസിയത്തിലെ പ്രഥമ ഇന്റര്‍ആക്ടിവ് ഗാലറിയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാവും. ക്രാന്തിവീര്‍ ചന്ദ്രശേഖര്‍ ആസാദിനാണ് ഈ ആസാദ് ഗാലറി സമര്‍പ്പിച്ചിരിക്കുന്നത്. ആ കാലത്തു നടന്ന സായുധ കലാപങ്ങളെ കുറിച്ചുള്ള ഡിജിറ്റല്‍ അനുഭവമാണ് ഇത് നല്‍കുക. അതുപോലെ തന്നെ  കൊല്‍ക്കത്തയിലെ ബിപ്ലോബി ഭാരത് ഗാലറിയും വരും തലമുറയ്ക്കു വേണ്ടി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ   ആകര്‍ഷകമാക്കിയിരിക്കുന്നു.  ചരിത്രത്താളുകളില്‍ നിന്ന് ആസാദ് ഹിന്ദ് ഫൗജിയുടെ സംഭവാനകള്‍ പുറത്തു കൊണ്ടുവരാന്‍ ഗവണ്‍മെന്റ് നേരത്തെ  ഒരു ശ്രമം നടത്തിയിരുന്നു.  ആന്‍ഡമാനില്‍ നേതാജി ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയ സ്ഥലത്തിനും പുതിയ മേല്‍വിലാസം നല്‍കി കഴിഞ്ഞു.  ആന്‍ഡമാനിലെ ദ്വീപുകള്‍  സ്വാതന്ത്ര്യ സമരത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്.
സഹോദരി സഹോദരന്മാരെ,
സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ ഗോത്രസമൂഹം വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഗോത്ര സമൂഹത്തില്‍ നിന്നു നാടിനു വേണ്ടി ജീവത്യാഗം ചെയ്തവരുടെ അനശ്വര കഥകള്‍ ഇപ്പോഴും നമ്മെ ആവേശഭരിതരാക്കുന്നു. അവരുടെ സംഭാവനകള്‍ക്ക് നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ വേണ്ടത്ര ഇടം ലഭിച്ചിട്ടില്ല. ഒന്‍പതു സംസ്ഥാനങ്ങളിലെ കാഴ്ചബംഗ്ലാവുകളില്‍ ഗോത്ര സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ സമരങ്ങളെയും ചിത്രീകരിക്കുന്ന ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളെ,
അതിശ്രേഷ്ഠമായി ബലിദാനം നല്‍കിയ ഭടന്മാര്‍ക്കു വേണ്ടി ഒരു ദേശീയ സ്മാരകം ഉണ്ടാവണം എന്നത് രാജ്യത്തിന്റെ ആഗ്രമായിരുന്നു. ദേശീയ യുദ്ധ സ്മാരകം  യുവാക്കളില്‍ ദേശീയ സുരക്ഷിതത്വത്തിന്റെയും രാജ്യത്തിനു വേണ്ടിയുള്ള സര്‍വ സമര്‍പ്പണത്തിന്റെയും ചൈതന്യം നിറയ്ക്കുന്നു എന്നതില്‍ എനിക്കു സംതൃപ്തി ഉണ്ട്. പഞ്ചാബ് ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ മൂലകളില്‍ നിന്നുമുള്ള നമ്മുടെ ധീര യോധാക്കള്‍, രാജ്യസുരക്ഷയ്ക്കു വേണ്ടി രക്തസാക്ഷിത്വം വരിച്ചവര്‍ അവര്‍ക്ക് അര്‍ഹിക്കുന്ന ആദരം ലഭിക്കുന്നുണ്ട്.  അതുപോലെ നമ്മുടെ പൊലീസ് സേനയ്ക്കും അര്‍ദ്ധ സൈനിക വിഭാഗത്തിനും സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളോളം ദേശീയ സ്മാരകം ഉണ്ടായിരുന്നില്ല. ഇന്ന് പൊലീസിനും അര്‍ദ്ധ സൈനിക വിഭാഗത്തിനും  വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദേശീയ സ്മാരകം രാജ്യത്തെ പുതിയ തലമുറകളെ ആവേശം കൊള്ളിക്കുന്നു.
സുഹൃത്തുക്കളെ,
 ധീരതയുടെയും പൗരുഷത്തിന്റെയും കഥകള്‍ ഇല്ലാത്ത ഒരു ഗ്രാമമോ തെരുവോ പഞ്ചാബില്‍ ചുരുക്കമാണ്. ഗുരുക്കന്മാര്‍ കാണിച്ച പാതകള്‍ പിന്തുടര്‍ന്ന പഞ്ചാബിന്റെ പുത്രന്മാരും പുത്രിമാരും ഭാരതമാതാവിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ പാറ പോലെ ഉറച്ചു നിന്നു. നമ്മുടെ പൈതൃകത്തെ കൂടുതല്‍ സമ്പന്നമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളാണ് ഇപ്പോള്‍ ഗവണ്‍മെന്റു നടത്തുന്നത്. അതു  ഗുരുനാനാക്ക് ദേവ് ജിയുടെ 550-ാമത് പ്രകാശോത്സവമാകട്ടെ, ഗുരു ഗോബിന്ദ് സിംങ് ജിയുടെ 350-ാമത് പ്രകാശോത്സവമാകട്ടെ, ഗുരു തെഗ് ബാഹദൂര്‍ ജിയുടെ 400 -ാം ജന്മ വാര്‍ഷികമാകട്ടെ, ഈ നാഴിക കല്ലുകള്‍ എല്ലാം ഭാഗ്യത്തിന് ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലാണ് വന്നു ഭവിച്ചത്. കേന്ദ്ര ഗവണ്‍മെന്റ് ഗുരുക്കളുടെ പഠനങ്ങളെ രാജ്യത്തിനകത്തു മാത്രമല്ല പുറത്തും പ്രചരിപ്പിക്കുന്നതിന് ഈ ദിവ്യ മഹോത്സവങ്ങളിലൂടെ ശ്രമങ്ങള്‍ നടത്തി. ഈ സമ്പന്ന പൈതൃകം ഭാവി തലമുരകളിലേയ്ക്കു കൈമാറുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. പൈതൃക നഗരമായ സുല്‍ത്താന്‍പൂര്‍ ലോധിയുടെയും കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നും,  രാജ്യത്തെമ്പാടും ഗുരുവുമായി ബന്ധപ്പെട്ട തീര്‍ത്ഥടന കേന്ദ്രങ്ങളിലേയ്ക്ക് വിമാനയാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.  അനന്തപൂര്‍ സാഹിബ് - ഫത്തേഗ്ര സാഹിബ് - ഫിറോസ്പൂര്‍ - കര്‍ത്തകര്‍ കളന്‍ - കളനാനൂര്‍ - പാട്യാല പൈതൃക മണ്ഡല പര്യടനം സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചു വരികയാണ്. നമ്മുടെ സമ്പന്നമായ പൈതൃകം ഭാവി തലമുറകളെ പ്രചോദിപ്പിക്കണമെന്നും,  വിനോദ സഞ്ചാരം വഴി അവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകണം എന്നുമുള്ള ആഗ്രഹമാണ് ഈ പരിശ്രമത്തിനു പിന്നില്‍.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ കാലഘട്ടം  നമ്മുടെ രാജ്യത്തിനാകമാനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. നമുക്ക് പൈതൃകവും വികസനും ഒന്നിച്ചു കൊണഅടുപോകണം. ഇക്കാര്യത്തില്‍ പഞ്ചാബ് നമുക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ ഇന്ന് എല്ലാ വിധത്തിലും പഞ്ചാബ്  പുരോഗമിക്കേണ്ടത് അത്യാവശ്യമാണ്.  ഒപ്പം നമ്മുടെ രാജ്യവും എല്ലാ മേഖലകളിലും  പുരോഗമിക്കണം. അതിനാല്‍  എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം,  എല്ലാവരുടെയും വിശ്വാസം,  എല്ലാവരുടെയും പരിശ്രമം  എന്ന ചൈതന്യത്തില്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.  ജാലിയന്‍വാലാബാഗിന്റെ ഈ മണ്ണ് നമ്മുടെ പ്രതിജ്ഞകളില്‍ തുടര്‍ന്നും നമ്മെ പ്രചോദിപ്പിക്കും എന്ന കാര്യത്തില്‍  എനിക്ക് പൂര്‍ണ വിശ്വാസമാണ്. അങ്ങിനെ നമ്മുടെ രാജ്യം അതിന്റെ ലക്ഷ്യങ്ങള്‍ നേടും. ഈ ആശംസകളോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഈ ആധുനിക സ്മാരകത്തിന്റെ പേില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. വളരെ നന്ദി.


(Release ID: 1750190) Visitor Counter : 256