പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും


സ്മാരകത്തിലെ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും


Posted On: 26 AUG 2021 6:36PM by PIB Thiruvananthpuram

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം 2021 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകിട്ട് 6:25നാണു പരിപാടി. സ്മാരകത്തില്‍ സജ്ജമാക്കിയ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സമുച്ചയം നവീകരിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വികസന മുന്നൊരുക്കങ്ങളെക്കുറിച്ചും ഈയവസരത്തില്‍ പ്രതിപാദിക്കും.

കൈക്കൊണ്ട നടപടികള്‍ :

അധികമുള്ളതും ഉപയോഗശൂന്യവുമായ കെട്ടിടങ്ങള്‍ അനുയോജ്യമായ രീതിയില്‍ പുനരുപയോഗിച്ച് നാല് മ്യൂസിയം ഗാലറികള്‍ സൃഷ്ടിച്ചു. ആ കാലഘട്ടത്തില്‍ പഞ്ചാബില്‍ നടന്ന സംഭവങ്ങളുടെ ചരിത്രപരമായ മൂല്യം വെളിവാക്കുന്നവയാണ് ഈ ഗാലറികള്‍. ഇതിനായി പ്രൊജക്ഷന്‍ മാപ്പിംഗും 3ഡി വിവരണവും ചിത്ര-ശില്‍പ്പ ഇന്‍സ്റ്റലേഷനുകളും ഉള്‍പ്പെടുന്ന ഓഡിയോ-വിഷ്വല്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

1919 ഏപ്രില്‍ 13ന് നടന്ന സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി സൗണ്ട് & ലൈറ്റ് ഷോയും സജ്ജീകരിച്ചിട്ടുണ്ട്.

നിരവധി വികസന നടപടികളാണ് സമുച്ചയത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. പഞ്ചാബിന്റെ പ്രാദേശിക വാസ്തുവിദ്യാ ശൈലിയുമായി സമന്വയിപ്പിച്ച് വിശാലമായ തോതിലാണ് പൈതൃക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്തസാക്ഷിക്കിണര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ബാഗിന്റെ ഹൃദയമായ ജ്വാല സ്മാരകം നന്നാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ജലാശയം താമരക്കുളമാക്കി മാറ്റുകയും നടപ്പാതകള്‍ ഉപയോഗയോഗ്യമാക്കുന്നതിനായി വിശാലമാക്കി മാറ്റുകയും ചെയ്തു.

പുതിയതും നൂതനവുമായ നിരവധി സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അനുയോജ്യമായ അടയാളങ്ങളോടെ സഞ്ചരിക്കാനുള്ള പാതകള്‍, തന്ത്രപ്രധാനമേഖലകളില്‍ ദീപാലങ്കാരം, തദ്ദേശസസ്യങ്ങളുപയോഗിച്ചുള്ള ലാന്റ്‌സ്‌കേപ്പിംഗും ഹാര്‍ഡ്‌സ്‌കേപ്പിംഗും, പൂന്തോട്ടത്തിലുടനീളം ശബ്ദസംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടും. കൂടാതെ, സാല്‍വേഷന്‍ ഗ്രൗണ്ട്, അമര്‍ ജ്യോത്, ഫ്‌ളാഗ് മസ്ത് എന്നിവയ്ക്കായി പുതിയ മേഖലകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കേന്ദ്ര സാംസ്‌കാരിക മന്ത്രി, കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി, സാംസ്‌കാരിക സഹമന്ത്രിമാര്‍, പഞ്ചാബ് ഗവര്‍ണറും മുഖ്യമന്ത്രിയും, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍; പഞ്ചാബില്‍ നിന്നുള്ള ലോക്സഭാ, രാജ്യസഭാ എംപിമാര്‍, ജാലിയന്‍വാലാബാഗ് നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റിലെ അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

***



(Release ID: 1749351) Visitor Counter : 158