പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് തുടക്കം കുറിച്ച് പ്രധാനമന്ത്രി


ബുന്ദേല്‍ഖണ്ഡിന്റെ പുത്രനായ മേജര്‍ ധ്യാന്‍ചന്ദിനെ അഥവാ ദാദ ധ്യാന്‍ചന്ദിനെ അനുസ്മരിച്ചു

ഉജ്വല പദ്ധതിയിലൂടെ നിരവധി പേരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം മുമ്പത്തേക്കളധികം തിളക്കമാര്‍ന്നതായി: പ്രധാനമന്ത്രി

സഹോദരിമാരുടെ ആരോഗ്യ-സുഖസൗകര്യ-ശാക്തീകരണ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ഉജ്വല യോജന വലിയ പ്രേരകശക്തിയായി: പ്രധാനമന്ത്രി

വീട്, വൈദ്യുതി, വെള്ളം, ശുചിമുറി, പാചകവാതകം, റോഡുകള്‍, ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ പരിഹാരം കാണാമായിരുന്നു: പ്രധാനമന്ത്രി

ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉജ്വല 2.0 പദ്ധതി പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും: പ്രധാനമന്ത്രി

ഇന്ധനത്തിലെ സ്വയംപര്യാപ്തത, രാജ്യത്തിന്റെ വികസനം, ഗ്രാമങ്ങളുടെ വികസനം എന്നിവയ്ക്കായുള്ള യന്ത്രമാണ് ജൈവ ഇന്ധനം: പ്രധാനമന്ത്രി

വര്‍ധിതശേഷിയുള്ള ഇന്ത്യയെന്ന നിലയിലേക്കു മുന്നേറുന്നതില്‍ സഹോദരിമാര്‍ക്കു സവിശേഷ പങ്കുവഹിക്കാനുണ്ട്: പ്രധാനമന്ത്രി

Posted On: 10 AUG 2021 3:24PM by PIB Thiruvananthpuram

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഉജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

രക്ഷാബന്ധനു മുന്നോടിയായി ഉത്തര്‍ പ്രദേശിലെ സഹോദരിമാരെ അഭിസംബോധന ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉജ്വല പദ്ധതിയിലൂടെ നിരവധി പേരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം മുമ്പത്തെക്കളധികം തിളക്കമാര്‍ന്നതായെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിനു വഴിയൊരുക്കിയ മംഗള്‍ പാണ്ഡെയുടെ നാടായ ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ 2016ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇന്ന് ഉജ്വലയുടെ രണ്ടാം പതിപ്പിന് ഉത്തര്‍പ്രദേശിലെ വീരഭൂമിയായ മഹോബയില്‍ നിന്നു തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. ബുന്ദേല്‍ഖണ്ഡിന്റെ മറ്റൊരു പുത്രനായ മേജര്‍ ധ്യാന്‍ചന്ദിനെയും അഥവാ ദാദ ധ്യാന്‍ചന്ദിനെയും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് ഇപ്പോള്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം എന്നു പേരു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായികമേഖലയിലേക്കു വരാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനുപേര്‍ക്ക് ഇത് പ്രചോദനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

വീട്, വൈദ്യുതി, വെള്ളം, ശുചിമുറി, പാചകവാതകം, റോഡുകള്‍, ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നതിന് രാജ്യത്തെ ജനങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അത്തരത്തില്‍ പല കാര്യങ്ങളും പതിറ്റാണ്ടുകള്‍ക്കുമുമ്പ് പരിഹരിക്കാമായിരുന്നു. വീടും അടുക്കളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കപ്പെടുമ്പോഴേ നമ്മുടെ പെണ്‍മക്കള്‍ക്ക് വീടും അടുക്കളയും വിട്ട് രാജ്യനിര്‍മ്മാണത്തില്‍ വ്യാപകമായി സംഭാവന ചെയ്യാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, കഴിഞ്ഞ ആറേഴു വര്‍ഷമായി, വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാന്‍  മിഷന്‍ മോഡില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴില്‍ രാജ്യത്തുടനീളം നിര്‍മ്മിക്കുന്ന കോടിക്കണക്കിന് ശുചിമുറികള്‍ പോലുള്ള നിരവധി ഇടപെടലുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക്, കൂടുതലും സ്ത്രീകളുടെ പേരില്‍ രണ്ടുകോടിയിലധികം വീടുകള്‍; ഗ്രാമീണ റോഡുകള്‍; 3 കോടി കുടുംബങ്ങള്‍ക്കു വൈദ്യുതി കണക്ഷന്‍; ആയുഷ്മാന്‍ ഭാരത് വഴി 50 കോടി പേര്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സാപരിരക്ഷ; മാതൃവന്ദന പദ്ധതി പ്രകാരം ഗര്‍ഭകാലത്ത് പ്രതിരോധ കുത്തിവയ്പ്പിനും പോഷകാഹാരത്തിനും നേരിട്ടുള്ള പണ കൈമാറ്റം; കൊറോണ കാലത്ത് സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ 30,000 കോടി രൂപ ഗവണ്‍മെന്റ് നിക്ഷേപിച്ചത്; നമ്മുടെ സഹോദരിമാര്‍ക്ക് ജല്‍ ജീവന്‍ പദ്ധതിയുടെ കീഴില്‍ പൈപ്പ് കണക്ഷന്‍ നല്‍കിയത് മുതലായ കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികള്‍ സ്ത്രീകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് അദ്ദേഹം പറഞ്ഞു.


സഹോദരിമാരുടെ ആരോഗ്യ-സുഖസൗകര്യ-ശാക്തീകരണ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ഉജ്വല യോജന വലിയ പ്രേരകശക്തിയായതായി പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പാവപ്പെട്ട, ദളിത്, പിന്നോക്ക, ഗോത്ര വിഭാഗത്തിലെ 8 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കി. ഈ സൗജന്യ പാചകവാതക കണക്ഷനുകള്‍ കൊറോണ മഹാമാരിക്കാലത്ത്  പ്രയോജനപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. എല്‍പിജി അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഉജ്വല യോജന കാരണമായി. കഴിഞ്ഞ ആറേഴു വര്‍ഷമായി 11,000ത്തിലധികം എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ തുറന്നു. ഉത്തര്‍പ്രദേശില്‍ ഈ കേന്ദ്രങ്ങളുടെ എണ്ണം 2014ലെ രണ്ടായിരത്തില്‍ നിന്ന് നാലായിരമായി വര്‍ദ്ധിച്ചു. നൂറുശതമാനം പാചകവാതക കണക്ഷന്‍ എന്നതിനു വളരെ അടുത്താണ് നാമെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പാചകവാതക കണക്ഷനുകള്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ നിന്നും ബുന്ദേല്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പലരും ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ ജോലിക്കായി കുടിയേറി. അവിടെ അവര്‍ മേല്‍വിലാസത്തിന് തെളിവുനല്‍കുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അത്തരം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉജ്വല 2.0 പദ്ധതി പരമാവധി ആനുകൂല്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ മേല്‍വിലാസ പരിശോധനയ്ക്കായി ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഓടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ തൊഴിലാളികളുടെ സത്യസന്ധതയില്‍ ഗവണ്‍മെന്റിനു പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാചകവാതക കണക്ഷന്‍ ലഭിക്കുന്നതിന് മേല്‍വിലാസം സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതി. 

പൈപ്പുകളിലൂടെ പാചകവാതകം നല്‍കാനുള്ള ശ്രമങ്ങള്‍ വലിയ തോതില്‍ തുടരുകയാണെന്നും ശ്രീ മോദി പറഞ്ഞു. സിലിണ്ടറിനേക്കാള്‍ വളരെ വിലകുറവാണ് പിഎന്‍ജിക്കെന്നും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ കിഴക്കന്‍ ഇന്ത്യയിലെ പല ജില്ലകളിലും പിഎന്‍ജി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍, ഉത്തര്‍പ്രദേശിലെ അമ്പതിലധികം ജില്ലകളിലെ 12 ലക്ഷം കുടുംബങ്ങളെ ഇതില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അക്കാര്യത്തോട് നാം വളരെ അടുത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു


ജൈവ ഇന്ധനത്തിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ജൈവ ഇന്ധനം ശുദ്ധമായ ഇന്ധനം മാത്രമല്ല, മറിച്ച് ഇന്ധനത്തിലെ സ്വയംപര്യാപ്തതയ്ക്കും രാജ്യത്തിന്റെ വികസനയന്ത്രത്തിനും ഗ്രാമവികസന യന്ത്രത്തിനും ആക്കം കൂട്ടുന്ന മാധ്യമം കൂടിയാണെന്നു വ്യക്തമാക്കി. ഗാര്‍ഹിക-കാര്‍ഷിക മാലിന്യങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും കേടായ ധാന്യങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഊര്‍ജമാണ് ജൈവ ഇന്ധനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആറേഴു വര്‍ഷത്തിനുള്ളില്‍ 10 ശതമാനം മിശ്രണം എന്ന ലക്ഷ്യത്തോട് നാം വളരെ അടുത്താണെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത നാലഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ശതമാനം മിശ്രണത്തിലേക്ക് നീങ്ങും. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം 7,000 കോടി രൂപയുടെ എഥനോള്‍ വാങ്ങി. സംസ്ഥാനത്ത് എഥനോളും ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട നിരവധി യൂണിറ്റുകള്‍ സ്ഥാപിച്ചു. കരിമ്പ് മാലിന്യത്തില്‍ നിന്ന് കംപ്രസ് ചെയ്ത ബയോഗ്യാസ് നിര്‍മ്മാണയൂണിറ്റുകള്‍, സിബിജി പ്ലാന്റുകള്‍, സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ, സംസ്ഥാനത്തെ 70 ജില്ലകളില്‍ നടക്കുന്നു. 'പറളി'യില്‍ നിന്ന് ജൈവ ഇന്ധനം നിര്‍മ്മിക്കുന്നതിനായി ബുദൗനിലും ഗോരഖ്പൂരിലും പ്ലാന്റുകള്‍ വരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നം നിറവേറ്റുന്നതിലേക്കാണ് രാജ്യം ഇപ്പോള്‍ നീങ്ങുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ഈ സാധ്യത പലമടങ്ങായി നാം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. വര്‍ധിതശേഷിയുള്ള ഇന്ത്യയെന്ന നിലയിലേക്കു നമുക്ക് ഒന്നിച്ചു മുന്നേറേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നമ്മുടെ സഹോദരിമാര്‍ക്കു സവിശേഷ പങ്കുവഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


(Release ID: 1744473) Visitor Counter : 301