ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 മരണനിരക്ക്: കെട്ടുകഥകളും യാഥാർഥ്യവും


ആശുപത്രികളിലെ മരണങ്ങളുടെ കണക്കെടുക്കണമെന്നും വിട്ടുപോയിട്ടുള്ള കേസുകളുടെയും മരണങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലായ്പ്പോഴും സംസ്ഥാനങ്ങളോട് നിർദേശിക്കുന്നു

കോവിഡ് -19 മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ഐസിഡി -10 കോഡുകൾ അടിസ്ഥാനമാക്കിയുള്ള ഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇന്ത്യ പിന്തുടരുന്നത്

കോവിഡ് -19 മരണങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള കരുത്തുറ്റ സംവിധാനമാണ് ഇന്ത്യയിലുള്ളത്

Posted On: 22 JUL 2021 11:01AM by PIB Thiruvananthpuram

മഹാമാരിയെത്തുടർന്നു രാജ്യത്ത് മരണസംഖ്യ ദശലക്ഷക്കണക്കിനു വരുമെന്ന് ആരോപിച്ച് അടുത്തിടെ ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഔദ്യോഗികമായി വന്ന കോവിഡ്-19 മരണസംഖ്യ “വളരെ കുറവാണ്” എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സമീപകാലത്തെ ചില പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ ഉദ്ധരിച്ച ഈ വാർത്താ റിപ്പോർട്ടുകളിൽ, സിറോ-പോസിറ്റിവിറ്റിയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ അധിക മരണങ്ങൾ കണക്കാക്കാൻ യുഎസ്, യൂറോപ്യൻ രാജ്യങ്ങളുടെ പ്രായപരിധി കണക്കിലെടുത്തുള്ള വൈറസ് ബാധ മരണനിരക്കാണ് ഉപയോഗിച്ചത്. രോഗം ബാധിച്ച ഒരാൾ മരിക്കാനുള്ള സാധ്യത വിവിധ രാജ്യങ്ങളിൽ ഒരുപോലെയാകും എന്ന തെറ്റായ കണക്കുകൂട്ടലിലാണ് മരണങ്ങളുടെ കണക്കെടുപ്പ് ഇതിൽ നടത്തിയിരിക്കുന്നത്. വർഗം, വംശീയ പ്രത്യേകതകൾ, ഒരു ജനസംഖ്യയുടെ ജനിതകഘടന, മറ്റു രോഗങ്ങളുടെ കാര്യത്തിൽ മുമ്പുണ്ടായിരുന്ന അ‌നുഭവം, ആ ജനസമൂഹത്തിനുള്ള രോഗപ്രതിരോധം തുടങ്ങിയ പ്രത്യക്ഷ-പരോക്ഷ ഘടകങ്ങൾ തമ്മിലുള്ള പരസ്പരബന്ധം തള്ളിക്കളയുന്നതാണ് ഈ റിപ്പോർട്ടുകൾ.

കൂടാതെ, സിറോ-പ്രവലൻസ് പഠനങ്ങൾ ദുർബല വിഭാഗങ്ങളിലേക്ക് അണുബാധ വ്യാപിക്കുന്നത് തടയുന്നതിനുള്ള തന്ത്രങ്ങളും നടപടികളും നിർദേശിക്കാൻ മാത്രമല്ല, മരണസംഖ്യ കണക്കാക്കാനുള്ള മറ്റൊരു അടിസ്ഥാനമായും ഉപയോഗിക്കുന്നു. ആന്റിബോഡി ടിറ്ററുകൾ കാലക്രമേണ കുറയാനിടയുണ്ടെന്ന മറ്റൊരു ആശങ്കയും പഠനങ്ങളിൽ ഉണ്ട്. ഇത് യഥാർത്ഥ വ്യാപനം കുറച്ചുകാണുന്നതിനും അണുബാധയാലുണ്ടാകുന്ന മരണനിരക്ക് കൂടുതലെന്നു വിലയിരുത്തുന്നതിനും കാരണമാകുന്നു. കൂടാതെ, അ‌ധികമുള്ള മരണങ്ങൾ കോവിഡ് മരണങ്ങളായി റിപ്പോർട്ട് കണക്കാക്കുന്നു. എന്നാൽ ഇത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നു മാത്രമല്ല, വാസ്തവവിരുദ്ധവുമാണ്. എല്ലാ മരണനിരക്കും കണക്കാക്കാൻ ഉപയോഗിക്കുന്ന പദമാണ് അധിക മരണനിരക്ക്. എന്നാൽ, ഈ മരണങ്ങളെല്ലാം കോവിഡ്-19 കാരണമാണെന്നു പറയുന്നത് പൂർണ്ണമായും തെറ്റിദ്ധാരണാജനകമാണ്.

ഇന്ത്യയ്ക്ക് സമഗ്രമായ സമ്പർക്കാന്വേഷണ നയമുണ്ട്. രോഗലക്ഷണമുള്ളതോ ഇല്ലാത്തതോ ആകട്ടെ, എല്ലാ പ്രാഥമിക സമ്പർക്കത്തിനും കോവിഡ്-19 പരിശോധന നടത്തുന്നു. മികച്ച നിലവാരമുള്ള കോവിഡ്-19 പരിശോധനയായ, ആർടി പിസിആറിൽ പോസിറ്റീവ് എന്നു കണ്ടെത്തുന്നതാണ് യഥാർഥ കോവിഡ്  കേസുകൾ. സമ്പർക്കമുള്ളവർക്കു പുറമെ,  രാജ്യത്തെ 2700 ലധികം പരിശോധനാ ലബോറട്ടറികളുടെ ലഭ്യത കണക്കിലെടുത്ത്, പരിശോധനയ്ക്ക് താൽ‌പ്പര്യപ്പെടുന്ന ആർക്കും ഇതിനുള്ള അ‌വസരമുണ്ട്. രോഗലക്ഷണങ്ങളെക്കുറിച്ചും വൈദ്യസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും വിശാലമായ വിവര-വിദ്യാഭ്യാസ-ആശയവിനിമയ സംവിധാനവും ഇന്നുണ്ട്. ആവശ്യമെങ്കിൽ ജനങ്ങൾക്ക് ആശുപത്രി പ്രവേശനവും ഉറപ്പാക്കുന്നു.


ഇന്ത്യയിലെ ശക്തമായതും ചട്ടം അടിസ്ഥാനമാക്കിയുള്ളതുമായ മരണ രേഖപ്പെടുത്തൽ സംവിധാനം കണക്കിലെടുക്കുമ്പോൾ, മഹാമാരിയുടെയും അതു കൈകാര്യം ചെയ്യുന്നതിന്റെയും നിർദേശങ്ങൾ പ്രകാരമുള്ള ചില കേസുകൾ കണ്ടെത്താൻ കഴിയാതെ വന്നാൽപ്പോലും, ഒരു മരണവും രേഖപ്പെടുത്താതെ പോകില്ല. മരണനിരക്കിലും ഇതു കാണാനാകും. 2020 ഡിസംബർ 31 ലെ കണക്കുപ്രകാരം ഇത് 1.45 ശതമാനമാണ്.  2021 ഏപ്രിൽ-മെയ് മാസങ്ങളിൽ രണ്ടാം തരംഗം അപ്രതീക്ഷിതമായി കുതിച്ചുകയറിയതിനുശേഷവും, മരണനിരക്ക് ഇന്ന് 1.34 ശതമാനമായി നിൽക്കുകയാണ്.

കൂടാതെ, ഇന്ത്യയിൽ ദിനംപ്രതി പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ടുചെയ്യുന്നതിന് താഴേത്തട്ടിൽ നിന്നുള്ള സമീപനമാണ് പിന്തുടരുന്നത്. ജില്ലകളിൽ നിന്നുള്ള രോഗബാധിതരുടെ എണ്ണവും മരണങ്ങളും സംസ്ഥാന ഗവണ്മെന്റുകൾക്കും കേന്ദ്ര മന്ത്രാലയത്തിനും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നു. മരണങ്ങളുടെ എണ്ണത്തിൽ പൊരുത്തക്കേടും ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാൻ 2020 മെയ് മാസത്തിൽ തന്നെ ദേശീയ വൈദ്യശാസ്ത്ര ഗവേഷണ സമിതി (ഐസിഎംആർ) 'ഇന്ത്യയിലെ എല്ലാ മരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിന്' കോവിഡ്-19 അനുബന്ധ മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകി. മരണനിരക്ക് രേഖപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഐസിഡി -10 കോഡുകൾ അനുസരിച്ചാണ് സമിതി മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.

രാജ്യസഭയിൽ ഇന്നലെ നടത്തിയ പ്രസ്താവനയിൽ കോവിഡ് -19 മരണങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണം നിഷേധിച്ച കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, കേന്ദ്രഗവൺമെന്റ് സംസ്ഥാന ഗവൺമെന്റുകൾ അയച്ച വിവരങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയാണെന്നു വ്യക്തമാക്കി.

ഔപചാരിക ആശയവിനിമയങ്ങൾ, വീഡിയോ കോൺഫറൻസുകൾ, കേന്ദ്രസംഘത്തെ വിന്യസിക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മരണങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലുള്ള രോഗബാധിതരുടെ എണ്ണവും മരണങ്ങളും ദിവസേന നിരീക്ഷിക്കുന്നതിന് കരുത്തുറ്റ രേഖപ്പെടുത്തൽ സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും കേന്ദ്ര ആരോഗ്യ മന്ത്രാലയം പതിവായി ഓർമിപ്പിക്കുന്നു. ആശുപത്രികളിൽ സമഗ്രമായ കണക്കെടുപ്പു നടത്താനും ഏതെങ്കിലും കേസുകളോ മരണങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാനും സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിൽ, മുഴുവൻ ആരോഗ്യ സംവിധാനവും വൈദ്യസഹായം ആവശ്യമുള്ള കേസുകളുടെ ഫലപ്രദമായ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിട്ടുവീഴ്ചകൾ ചെയ്തിടത്ത് പിന്നീട് കൃത്യമായ റിപ്പോർട്ടിങ്ങും രേഖപ്പെടുത്തലും നടത്തി. ഇത് മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ് എന്നിവ പോലുള്ള ചില സംസ്ഥാനങ്ങളിൽ മരണസംഖ്യ കൂട്ടിച്ചേർത്തതിലൂടെ വ്യക്തമാണ്.

ഈ റിപ്പോർട്ടിംഗിനുപുറമെ, ചട്ടപ്രകാരമുള്ള സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ (സിആർ‌എസ്) കരുത്ത് രാജ്യത്തെ എല്ലാ ജനന മരണങ്ങളും രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നു. വിവരശേഖരണം,  സംയോജിപ്പിക്കൽ, എണ്ണം പ്രസിദ്ധീകരിക്കൽ എന്നിവ സി‌ആർ‌എസ് പിന്തുടരുന്നു. ഇത് കാലതാമസം എടുക്കുന്ന പ്രക്രിയയാണെങ്കിലും മരണങ്ങളൊന്നും നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. പ്രവർത്തന വിപുലീകരണത്തിനും വ്യാപ്‌തിക്കും തൊട്ടടുത്ത വർഷമാണ് സാധാരണയായി എണ്ണം പ്രസിദ്ധീകരിക്കുന്നത്.



(Release ID: 1737649) Visitor Counter : 272