പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 15 JUL 2021 2:52PM by PIB Thiruvananthpuram

ഭാരത് മാതാ കി ജയ്, ഭാരത് മാതാ കി ജയ്, ഭാരത് മാതാ കി ജയ്. ഹര്‍ ഹര്‍ മഹാദേവ്!

വളരെക്കാലത്തിനുശേഷം നിങ്ങളെ എല്ലാവരെയും മുഖത്തോടുമുഖം കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. കാശിയിലെ എല്ലാ ആളുകള്‍ക്കും ആശംസകള്‍! എല്ലാ ജനങ്ങളുടെയും സങ്കടങ്ങള്‍ അവസാനിപ്പിക്കുന്ന ഭോലെനാഥിന്റെയും അമ്മ അന്നപൂര്‍ണയുടെയും കാല്‍ക്കല്‍ ഞാന്‍ തല കുനിക്കുന്നു.

യുപി ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, പ്രശസ്തനും കഠിനാധ്വാനിയും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, യുപി മന്ത്രിമാരെ, എംഎല്‍എമാരെ, വാരണാസിയിലെ എന്റെ സഹോദരീസഹോദരന്മാരെ,
ഇന്ന്, കാശിയില്‍ 1500 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്കു തറക്കല്ലിടാനും ഉദ്ഘാടനം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. വാരണാസിയുടെ വികസനത്തിനായി സംഭവിക്കുന്നത് മഹാദേവന്റെ അനുഗ്രഹവും വാരണാസിയിലെ ജനങ്ങളുടെ പരിശ്രമവുമാണ്. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പോലും തളരിന്നില്ലെന്ന് കാശി തെളിയിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്‍മാരേ,

കഴിഞ്ഞ കുറച്ച് മാസങ്ങളായി നമുക്കെല്ലാവര്‍ക്കും, മുഴുവന്‍ മനുഷ്യവര്‍ഗത്തിനും വളരെ ബുദ്ധിമുട്ടാണ്. കൊറോണ വൈറസിന്റെ വികാസം പ്രാപിക്കുന്നതും അപകടകരവുമായ രൂപം പൂര്‍ണ്ണ ശക്തിയോടെ ആക്രമിച്ചു. എന്നാല്‍ കാശി ഉള്‍പ്പെടെയുള്ള യുപി ഇത്രയും വലിയ പ്രതിസന്ധിയെ നേരിട്ടു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനവും എത്രയോ രാജ്യങ്ങളുടെ ജനസംഖ്യയെക്കാള്‍ ആള്‍ക്കാര്‍ ജീവിക്കുന്നതുമായ യു.പി. അഭൂതപൂര്‍വമായ രീതിയില്‍ രണ്ടാം തരംഗത്തില്‍ കൊറോണ ബാധ കൈകാര്യം ചെയ്യുകയും തടയുകയും ചെയ്തു. യുപിയിലെ ജനങ്ങള്‍ മസ്തിഷ്‌ക ജ്വരം പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിച്ചപ്പോഴും ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. 

നേരത്തേ, യുപിയിലെ ചെറിയ പ്രതിസന്ധികള്‍ പോലും ചികില്‍സാ സംവിധാനങ്ങളുടെയും ഇച്ഛാശക്തിയുടെയും അഭാവം മൂലം ഭയാനകമായിത്തീര്‍ന്നു. 100 വര്‍ഷത്തിനിടയില്‍ ലോകത്തെ മുഴുവന്‍ ബാധിച്ച ഏറ്റവും വലിയ മഹാദുരന്തമാണിത്. അതിനാല്‍ കൊറോണയെ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശിന്റെ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. കാശിയില്‍ നിന്നുള്ള എന്റെ സഹപ്രവര്‍ത്തകരോടും ഇവിടത്തെ ഭരണകൂടത്തോടും കൊറോണ യോദ്ധാക്കളുടെ മുഴുവന്‍ ടീമിനോടും ഞാന്‍ പ്രത്യേകം നന്ദിയുള്ളവനാണ്. കാശിയില്‍ നിങ്ങള്‍  ക്രമീകരണങ്ങള്‍ സൃഷ്ടിക്കുകയും സമാഹരിക്കുകയും ചെയ്ത രീതി മികച്ച സേവനമാണ്.
ഇവിടെ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ അര്‍ദ്ധരാത്രിയില്‍ പോലും വിളിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു; അവര്‍ എപ്പോഴും ജാഗ്രത പാലിക്കുന്നതായി കാണാന്‍ കഴിഞ്ഞു. ഇത് ഒരു പ്രയാസകരമായ സമയമായിരുന്നു, പക്ഷേ നിങ്ങള്‍ ശ്രമം ഉപേക്ഷിച്ചില്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് യുപിയിലെ സ്ഥിതി വീണ്ടും മെച്ചപ്പെടുന്നത്.
ഏറ്റവും കൂടുതല്‍ കൊറോണ ടെസ്റ്റ് നടക്കുന്ന സംസ്ഥാനമാണ് ഇന്ന് യുപി. ഇന്ന്, രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുന്ന സംസ്ഥാനമാണ് യുപി. സൗജന്യ വാക്‌സിന്‍ പ്രചാരണത്തില്‍ ദരിദ്രര്‍, ഇടത്തരക്കാര്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വാക്‌സിനുകള്‍ നല്‍കുന്നു.

സഹോദരീ സഹോദരന്‍മാരേ,

യുപിയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന, ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഭാവിയിലും കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ വളരെയധികം സഹായിക്കും. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, എയിംസ് എന്നിങ്ങനെ മെഡിക്കല്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ അഭൂതപൂര്‍വമായ പുരോഗതിക്ക് ഇന്ന് യുപി സാക്ഷ്യം വഹിക്കുന്നു. യുപിയില്‍ നാലു വര്‍ഷം മുന്‍പ് 12  മെഡിക്കല്‍ കോളേജുകളാണ് ഉണ്ടായിരുന്നതെങ്കില്‍ അതിപ്പോള്‍ നാലു മടങ്ങ് വര്‍ധിച്ചു. പല മെഡിക്കല്‍ കോളേജുകളും നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നിലവില്‍ യു.പിയില്‍ ഏകദേശം 550 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന ജോലിയും വളരെ വേഗത്തിലാണ് നടക്കുന്നത്. ഇന്ന് 14 ഓക്‌സിജന്‍ പ്ലാന്റുകള്‍ വാരണാസിയില്‍ തന്നെ ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും ഓക്‌സിജന്‍ ഉല്‍പാദനത്തിനും കുട്ടികള്‍ക്കായി ഐസിയുവിനും സൗകര്യമൊരുക്കാന്‍ യു.പി. ഗവണ്‍മെന്റ് സ്വീകരിച്ച നടപടിയും പ്രശംസനീയമാണ്. കൊറോണയുമായി ബന്ധപ്പെട്ട പുതിയ ചികില്‍സാ സൗകര്യങ്ങളുടെ വികസനത്തിനായി 23,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ഗവണ്‍മെന്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. യു.പിയും ഇതില്‍ നിന്ന് വളരെയധികം നേട്ടമുണ്ടാക്കാന്‍ പോകുന്നു.

സുഹൃത്തുക്കളെ,

ഇന്ന് കാശി നഗരം പൂര്‍വഞ്ചലിന്റെ പ്രധാന ചികില്‍സാ കേന്ദ്രമായി മാറുകയാണ്. ഒരാള്‍ക്ക് ഡെല്‍ഹിയിലേക്കും മുംബൈയിലേക്കും ചികില്‍സയ്ക്കു പോകേണ്ടിവന്നിരുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയും ഇന്ന് കാശിയില്‍ ലഭ്യമാണ്. മെഡിക്കല്‍ രംഗത്തെ അടിസ്ഥാന സൗകര്യത്തിനായി നിരവധി പുതിയ നടപടികള്‍ ഇന്ന് സ്വീകരിച്ചുവരികയാണ്. ഇന്ന് കാശിക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, പുതിയ ആശുപത്രികള്‍ ലഭിക്കുന്നു. ഇതില്‍ 100 കിടക്കകളുടെ ശേഷി ബിഎച്ച്യുവിലും 50 കിടക്കകള്‍ ജില്ലാ ആശുപത്രിയിലും ചേര്‍ക്കുന്നു. ഈ രണ്ട് പദ്ധതികളുടെയും ശിലാസ്ഥാപനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു, ഇന്ന് അവയും ഉദ്ഘാടനം ചെയ്യപ്പെടുന്നു. ബി.എച്ച്.യുവില്‍ വികസിപ്പിച്ചെടുത്ത പുതിയ സൗകര്യങ്ങളും അല്‍പം കഴിഞ്ഞു ഞാന്‍ സന്ദര്‍ശിക്കും. സുഹൃത്തുക്കളേ, ഇന്നു മേഖലാതല നേത്ര ചികില്‍സാ കേന്ദ്രം ബിഎച്ചുവില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സ്ഥാപനത്തില്‍ നേത്രസംബന്ധമായ രോഗങ്ങള്‍ക്ക് ആധുനിക ചികിത്സ നേടാന്‍ സാധിക്കും.

സഹോദരീ സഹോദരന്‍മാരേ, 

യഥാര്‍ത്ഥ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ, കഴിഞ്ഞ ഏഴ് വര്‍ഷമായി കാശി വികസനത്തിന്റെ ദ്രുതഗതിയിലുള്ള പാതയിലാണ്. ദേശീയപാതകള്‍, ഫ്‌ളൈ ഓവറുകള്‍, റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ അല്ലെങ്കില്‍ പഴയ കാശിയില്‍ ഭൂഗര്‍ഭ വയറിംഗ്, അല്ലെങ്കില്‍ കുടിവെള്ളത്തിന്റെയും മലിനജലത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, ടൂറിസം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ മേഖലകളിലെല്ലാം അഭൂതപൂര്‍വമായ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. നിലവില്‍ ഈ പ്രദേശത്ത് ഏകദേശം 8,000 കോടി രൂപയുടെ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പുതിയ പദ്ധതികളും സ്ഥാപനങ്ങളും കാശിയുടെ വളര്‍ച്ചാ കഥ പ്രോജ്വലമാക്കുന്നു.

സുഹൃത്തുക്കളെ,

കാശിയുടെയും അമ്മ ഗംഗയുടെയും ശുചിത്വവും സൗന്ദര്യവത്കരണവുമാണ് നമ്മുടെ എല്ലാവരുടെയും അഭിലാഷവും മുന്‍ഗണനയും. റോഡുകള്‍, മലിനജല സംസ്‌കരണം, പാര്‍ക്കുകളുടെ ഭംഗി, ഘാട്ടുകള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും ഇതിനായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പഞ്ചകോശി മാര്‍ഗിന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക് പ്രയോജനം ലഭിക്കും. ഈ വഴിയിലുള്ള ഡസന്‍ കണക്കിന് ഗ്രാമങ്ങളിലെ ജീവിതം സുഖകരമാകും. വാരണാസി-ഘാസിപൂര്‍ റൂട്ടില്‍ പാലം തുറക്കുന്നതോടെ വാരണാസിക്ക് പുറമെ പ്രയാഗ്ര് രാജ്, ഖാസിപൂര്‍, ബല്ലിയ, ഗോരഖ്പൂര്‍, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പ്രയോജനം ലഭിക്കും. ഗൗദൗലിയയിലെ ബഹുനില ഇരുചക്ര വാഹന പാര്‍ക്കിംഗ് നിര്‍മാണം തങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് വാരണാസിയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. അതേസമയം, ലഹര്‍താര മുതല്‍ ചൗക്ക ഘട്ട് വരെയുള്ള അണ്ടര്‍ ഫ്‌ളൈ ഓവറില്‍ പാര്‍ക്കിങ്ങും മറ്റു പൊതു സൗകര്യങ്ങളും ഒരുക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാകും. 'ഹര്‍ ഘര്‍ ജല്‍ അഭിയാന്‍' അതിവേഗം പുരോഗമിക്കുന്നു, അതിനാല്‍ ഒരു സഹോദരിയോ കുടുംബമോ വാരണാസിയിലും യുപിയിലും ശുദ്ധ ജലത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല.

സുഹൃത്തുക്കളെ,

മികച്ച സൗകര്യങ്ങള്‍, മികച്ച കണക്റ്റിവിറ്റി, മനോഹരമായ പാതകള്‍, ഘാട്ടുകള്‍ എന്നിവയാണ് പഴയ കാശിയുടെ പുതിയ ദൃശ്യങ്ങള്‍. നഗരത്തിലെ എഴുന്നൂറിലധികം സ്ഥലങ്ങളില്‍ നൂതന നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. നഗരത്തിലുടനീളം വലിയ എല്‍ഇഡി സ്‌ക്രീനുകളും വിവരണ ബോര്‍ഡുകളും കാശി സന്ദര്‍ശകര്‍ക്ക് ഏറെ സഹായകമാകും. കാശിയുടെ ചരിത്രം, വാസ്തുവിദ്യ, കരകൗശലം, കല എന്നിവയും അത്തരം എല്ലാ വിവരങ്ങളും ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ സൗകര്യങ്ങള്‍ ഭക്തര്‍ക്ക് വളരെയധികം സഹായകമാകും. ഗംഗാജി ഘട്ടിലും കാശി വിശ്വനാഥ ക്ഷേത്രത്തിലുമുള്ള ആരതിയുടെ സംപ്രേഷണം വലിയ സ്‌ക്രീനുകളിലൂടെ നഗരത്തിലുടനീളം സാധ്യമാകും.

സഹോദരീ സഹോദരന്‍മാരെ,

ഇന്ന് മുതല്‍ ആരംഭിക്കുന്ന റോ-റോ സര്‍വീസിന്റെയും ക്രൂയിസ് ബോട്ടുകളുടെയും പ്രവര്‍ത്തനം കാശിയുടെ ടൂറിസം മേഖല വളരാന്‍ സഹായിക്കും. മാത്രമല്ല, അമ്മ ഗംഗയുടെ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ നാവികര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഡീസല്‍ ബോട്ടുകള്‍ സിഎന്‍ജി ബോട്ടുകളായി മാറ്റുകയാണ്. ഇത് അവരുടെ ചിലവ് കുറയ്ക്കുകയും പരിസ്ഥിതിയെ സഹായിക്കുകയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യും. ഇതിനുശേഷം ഞാന്‍ രുദ്രാക്ഷ രൂപത്തില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ കാശിയിലെ ജനങ്ങള്‍ക്ക് കൈമാറാന്‍ പോകുന്നു. കാശിയില്‍ നിന്നുള്ള സാഹിത്യകാരന്മാരും സംഗീതജ്ഞരും കലാകാരന്മാരും ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കാശിയില്‍ തന്നെ അവരുടെ കല പ്രദര്‍ശിപ്പിക്കുന്നതിന് ലോകോത്തര നിലവാരമുള്ള സംവിധാനമില്ല. കാശിയിലെ കലാകാരന്മാര്‍ക്ക് അവരുടെ ശൈലിയും കലയും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു ആധുനിക വേദി ലഭിക്കുന്നതില്‍ ഇന്ന് ഞാന്‍ സന്തുഷ്ടനാണ്.

സുഹൃത്തുക്കളെ,

കാശിയുടെ പുരാതന പ്രതാപത്തിന്റെ സമൃദ്ധിയും വിജ്ഞാന ഗംഗയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആധുനിക വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും കേന്ദ്രമായി കാശിയുടെ നിരന്തരമായ വികസനവും ആവശ്യമാണ്. യോഗി ജി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഈ ദിശയില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഉത്തേജനം ലഭിച്ചു. ഇന്ന് തന്നെ കാശിക്ക് മോഡല്‍ സ്‌കൂളുകള്‍, ഐടിഐകള്‍, പോളിടെക്‌നിക്കുകള്‍, അത്തരം നിരവധി സ്ഥാപനങ്ങള്‍, പുതിയ സൗകര്യങ്ങള്‍ എന്നിവ ലഭിച്ചു. ഇന്ന് സിപെറ്റിന്റെ നൈപുണ്യ, സാങ്കേതിക പിന്തുണാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി. ഇത് കാശിയില്‍ മാത്രമല്ല, മുഴുവന്‍ പൂര്‍വാഞ്ചലിലും വ്യാവസായിക വികസനത്തിന് ഉത്തേജനം നല്‍കും. ആത്മനിര്‍ഭര്‍ ഭാരതത്തിനായി വിദഗ്ധരായ യുവാക്കളെ പരിശീലിപ്പിക്കുന്നതില്‍ കാശിക്കുള്ള പങ്ക് അത്തരം സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. സിപെറ്റ് സെന്ററിലെ വാരണാസി സ്വദേശികളായ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഞാന്‍ പ്രത്യേകിച്ച് അഭിനന്ദിക്കുന്നു.

സഹോദരങ്ങളേ,

ഇന്ന്, ലോകത്തിലെ പല മുന്‍നിര നിക്ഷേപകരും ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമാവുകയാണ്. ഇതിലും ഉത്തര്‍പ്രദേശ് രാജ്യത്തെ പ്രമുഖ നിക്ഷേപ കേന്ദ്രമായി വളരുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ബിസിനസ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമായി കണക്കാക്കപ്പെട്ടിരുന്ന യുപി ഇന്ന് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രിയപ്പെട്ട സ്ഥലമായി മാറുകയാണ്.

ഇതിന് ഒരു വലിയ കാരണം യുപിയിലെ യോഗി ജി ഗവണ്‍മെന്റ് അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങളില്‍ അഭൂതപൂര്‍വമായ പുരോഗതി ഇവിടെ ജീവിതം സുഗമമാക്കുക മാത്രമല്ല, ആളുകള്‍ക്ക് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. യുപിയുടെ എല്ലാ കോണുകളും വിശാലവും ആധുനികവുമായ റോഡുകള്‍ വഴി എക്‌സ്പ്രസ്സ് ഹൈവേകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഡിഫന്‍സ് കോറിഡോര്‍, പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ, ഗോരഖ്പൂര്‍ ലിങ്ക് എക്‌സ്പ്രസ് വേ, ഗംഗ എക്‌സ്പ്രസ് വേ തുടങ്ങിയ പദ്ധതികള്‍ ഈ ദശകത്തില്‍ ഉത്തര്‍പ്രദേശിന്റെ വികസനത്തിന് പുതിയ ഉയരങ്ങള്‍ നല്‍കാന്‍ പോകുന്നു. അവയിലൂടെ വാഹനങ്ങള്‍ ഓടുക മാത്രമല്ല, ആത്മനിര്‍ഭര്‍ ഭാരതത്തിന് കരുത്തു പകരുന്നതിനായി പുതിയ വ്യവസായ ക്ലസ്റ്ററുകള്‍ അവയ്ക്ക് ചുറ്റും വികസിക്കുകയും ചെയ്യും.

സഹോദരങ്ങളേ,

നമ്മുടെ കാര്‍ഷിക അടിസ്ഥാന സൗകര്യം, കാര്‍ഷിക അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയും ആത്മനിര്‍ഭര്‍ ഭാരതത്തില്‍ വലിയ പങ്കുവഹിക്കാന്‍ പോകുന്നു. കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെ ശാക്തീകരണം സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് അടുത്തിടെ ഒരു പ്രധാന തീരുമാനം എടുത്തിരുന്നു. രാജ്യത്തെ ആധുനിക കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക ഫണ്ട് ഇപ്പോള്‍ നമ്മുടെ കാര്‍ഷിക വിപണികള്‍ക്കും ഗുണം ചെയ്യും. രാജ്യത്തെ കാര്‍ഷിക വിപണികളെ ആധുനികമാക്കാനുള്ള ഒരു വലിയ നടപടിയാണിത്. സംഭരണ സമ്പ്രദായം മെച്ചപ്പെടുത്തുകയും കര്‍ഷകര്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സാധ്യതകള്‍ നല്‍കുകയും ചെയ്യേണ്ടത് ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ്. ഇതിന്റെ ഫലമായാണ് ഇത്തവണ നെല്ലും ഗോതമ്പും ഗവണ്‍മെന്റ് സംഭരിച്ചത്.

സുഹൃത്തുക്കളെ,

കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളും യുപിയില്‍ നടക്കുന്നു. നശിച്ചുപോകാനിടയുള്ള ചരക്കുകള്‍ക്കായുള്ള കേന്ദ്രം, രാജ്യാന്തര അരി കേന്ദ്രം തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങള്‍ വാരണാസിയിലെയും പൂര്‍വാഞ്ചലിലെയും കര്‍ഷകര്‍ക്ക് വളരെ പ്രയോജനകരമാണെന്ന് വ്യക്തമാകുന്നു. അത്തരം നിരവധി ശ്രമങ്ങളുടെ ഫലമായി യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും നമ്മുടെ 'ലംഗ്ഡ', 'ദസേരി' മാമ്പഴങ്ങള്‍ പ്രചാരത്തിലുണ്ട്. ഇന്നു മാങ്ങ, പച്ചക്കറി സമഗ്ര പാക്ക് ഹൗസ് സ്ഥാപിച്ചു. ഇത് ഈ പ്രദേശം ഒരു കാര്‍ഷിക കയറ്റുമതി കേന്ദ്രമായി വികസിക്കുന്നതിനുള്ള ആധാര ശിലയായി നിലകൊള്ളും. പഴങ്ങളും പച്ചക്കറികളും കൂടുതലായി വളര്‍ത്തുന്ന ചെറുകിട കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും.

സുഹൃത്തുക്കളെ,

കാശിയുടെയും യുപിയുടെയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞാന്‍ ഏറെ കാലമായി ചര്‍ച്ചചെയ്യുന്നുണ്ട്. എന്നാല്‍ ഈ പട്ടിക വളരെ ദൈര്‍ഘ്യമേറിയതാണ് എന്നതിനാല്‍ പെട്ടെന്ന് അവസാനിക്കില്ല. എനിക്ക് സമയക്കുറവുണ്ടാകുമ്പോള്‍, യുപിയുടെ ഏതൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പരാമര്‍ശിക്കണമെന്നും ബാക്കി ഉപേക്ഷിക്കണമെന്നും ഞാന്‍ പലതവണ ചിന്തിക്കേണ്ടതുണ്ട്. യോഗി ജിയുടെ നേതൃത്വവും യുപി ഗവണ്‍മെന്റിന്റെ സമന്വയവും മൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്.

സഹോദരീ സഹോദരന്‍മാരേ,

യുപിക്കായി പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല എന്നോ 2017 ന് മുമ്പ് (കേന്ദ്രത്തില്‍ നിന്ന്) പണം അയച്ചിട്ടില്ലെന്നോ അല്ല! 2014ല്‍ സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ പോലും ദില്ലിയില്‍ നിന്ന് വളരെയധികം പരിശ്രമിക്കാറുണ്ടായിരുന്നു. എന്നാല്‍ ലഖ്നൗവില്‍ മാര്‍ഗതടസ്സം ഉണ്ടായിരുന്നു. ഇന്ന് യോഗി ജി തന്നെ കഠിനാധ്വാനം ചെയ്യുന്നു. യോഗി ജി എങ്ങനെ നിരന്തരം ഇവിടെയെത്തുന്നുവെന്നും വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നുവെന്നും പദ്ധതികള്‍ വേഗത്തിലാക്കുന്നുവെന്നും കാശിയിലെ ആളുകള്‍ക്ക് അറിയാം. മുഴുവന്‍ സംസ്ഥാനത്തിനുംവേണ്ടി അദ്ദേഹം ഒരേ ശ്രമം നടത്തുന്നു. അദ്ദേഹം ഓരോ ജില്ലയിലും പോയി ഓരോ പദ്ധതിയിലും ഇടപെടുന്നു. ഈ ശ്രമങ്ങളാണ് ഇന്ന് ഒരു ആധുനിക യുപി നിര്‍മ്മിക്കാന്‍ സഹായിക്കുന്നത്.
യുപിയില്‍ ഇപ്പോള്‍ നിയമവാഴ്ചയുണ്ട്. ഒരുകാലത്ത് അനിയന്ത്രിതമായി മാറിക്കൊണ്ടിരുന്ന മാഫിയരാജും ഭീകരതയും ഇപ്പോള്‍ നിയമത്തിന്റെ പിടിയിലാണ്. സഹോദരിമാരുടെയും പെണ്‍മക്കളുടെയും സുരക്ഷയെക്കുറിച്ച് മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും ഭയത്തോടെ ജീവിച്ചിരുന്ന അവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ട്. സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെ കണ്ണടച്ച കുറ്റവാളികള്‍ക്ക് നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അറിയാം. മറ്റൊരു പ്രധാന കാര്യം, ഇന്ന് യു.പി. ഗവണ്‍മെന്റ് വികസനത്തിന്റെ തട്ടിലാണ് പ്രവര്‍ത്തിക്കുന്നത്, അഴിമതിയും സ്വജനപക്ഷപാതവും ഇല്ല എന്നതാണ്. അതുകൊണ്ടാണ് യു.പിയിലെ ആളുകള്‍ക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് യു.പിയില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത്.

സുഹൃത്തുക്കളെ,

വികസനത്തിന്റെയും പുരോഗതിയുടെയും ഈ യാത്രയില്‍ യു.പിയിലെ ഓരോ പൗരനും സംഭാവന അര്‍പ്പിക്കുന്നുണ്ട്, അതില്‍ ആളുകളുടെ പങ്കാളിത്തമുണ്ട്. നിങ്ങളുടെ സംഭാവനയും അനുഗ്രഹങ്ങളും യു.പിയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. കൊറോണയെ വീണ്ടും ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കരുതെന്ന വലിയ ഉത്തരവാദിത്തവും നിങ്ങള്‍ക്കുണ്ട്.
കൊറോണ അണുബാധയുടെ നിരക്ക് കുറഞ്ഞു, പക്ഷേ അശ്രദ്ധ വര്‍ദ്ധിച്ചാല്‍ അതു വലിയ തരംഗമായി മാറും. ലോകത്തിലെ പല രാജ്യങ്ങളുടെയും അനുഭവം ഇന്ന് നമ്മുടെ മുന്നിലുണ്ട്. അതിനാല്‍, നാം എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണം. എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കുന്ന പ്രചാരണത്തില്‍ നാമെല്ലാം ചേരണം. കുത്തിവയ്പ്പ് നിര്‍ബന്ധമാണ്. ബാബ വിശ്വനാഥിന്റെയും അമ്മ ഗംഗയുടെയും അനുഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ! ഈ ആഗ്രഹത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിരവധി നന്ദി!

ഹര്‍-ഹര്‍ മഹാദേവ് 

*****



(Release ID: 1736330) Visitor Counter : 223