പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി

സഹകരണം, ഐക്യ ശ്രമങ്ങള്‍, യോജിച്ചപ്രവര്‍ത്തനം എന്നിവയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്‍കിയതിന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി

മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ദ്ധിക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നു: പ്രധാനമന്ത്രി

പരിശോധന, കണ്ടെത്തല്‍, ചികിത്സ, വാക്‌സിന്‍ എന്നിവ പരീക്ഷിക്കുകയും തെളിയിക്കപ്പെട്ടതുമായ തന്ത്രം: പ്രധാനമന്ത്രി

മൂന്നാം തരംഗത്തിന്റെ സാധ്യത തടയാന്‍ സജീവമായ നടപടികള്‍ കൈക്കൊള്ളണം: പ്രധാനമന്ത്രി

അടിസ്ഥാനസൗകര്യ വിടവുകള്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലേത് നികത്തണം: പ്രധാനമന്ത്രി

കൊറോണ അവസാനിച്ചിട്ടില്ല, തുറക്കലിന് ശേഷമുള്ള പെരുമാറ്റത്തിന്റെ ചിത്രങ്ങള്‍ ആശങ്കാജനകമാണ്: പ്രധാനമന്ത്രി

Posted On: 16 JUL 2021 1:44PM by PIB Thiruvananthpuram

കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം , ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡിനെ നേരിടാന്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കിയതിന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വാക്‌സിനേഷന്റെ പുരോഗതിയെക്കുറിച്ചും തങ്ങളുടെ സംസ്ഥാനങ്ങളില്‍ വൈറസ് പടരുന്നത് തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വാക്‌സിനേഷന്‍ തന്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണവും അവര്‍ നല്‍കി.
മെഡിക്കല്‍ പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രിമാര്‍ ഭാവിയില്‍ കേസുകള്‍ വര്‍ദ്ധിച്ചാല്‍ അത് കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രോഗികള്‍ അഭിമുഖീകരിക്കുന്ന കോവിഡാനന്തര പ്രശ്‌നങ്ങളെക്കുറിച്ചും അത്തരം കേസുകളില്‍ സഹായം നല്‍കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. രോഗബാധയുടെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പും നല്‍കി.
ജൂലൈ മാസത്തിലെ മൊത്തം കേസുകളിലെ എണ്‍പത് ശതമാനത്തിലധികവും ഈ ആറ് സംസ്ഥാനങ്ങളിലാണെന്നും അതില്‍ ചില സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വളരെ ഉയര്‍ന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പരാമര്‍ശിച്ചു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജ്യത്തെ കോവിഡ് കേസുകള്‍ ചര്‍ച്ച ചെയ്യുകയും ഉയര്‍ന്ന രോഗബാധയുള്ള ജില്ലകളില്‍ ഉചിതമായ കോവിഡ് പെരുമാറ്റവും നിയന്ത്രണ നടപടികളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഈ ജില്ലകള്‍ തുറക്കുന്നത് ഘട്ടംഘട്ടമായും കൃത്യത സ്വീകരിച്ചുമാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കോവിഡ് പോരാട്ടത്തിലുള്ള പരസ്പര സഹകരണത്തിനും പഠനത്തിനും പ്രധാനമന്ത്രി സംസ്ഥാന ഗവണ്മെന്റുകളെ  തന്റെ ഉപസംഹാരപ്രസംഗത്തില്‍ പ്രശംസിച്ചു. മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ തുടര്‍ച്ചയായി പ്രകടിപ്പിക്കുന്ന ഘട്ടത്തിലാണ് നാമെല്ലാവരുമെന്നു  എന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുവരുന്നതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ഗുണപരമായ സൂചനകള്‍ നല്‍കുമ്പോഴും കുറച്ചു സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇപ്പോഴും ആശങ്കാജനകമാണ്. കഴിഞ്ഞ ആഴ്ചയിലുണ്ടായ 80 ശതമാനം കേസുകളും 84 ശതമാനം നിര്‍ഭാഗ്യകരമായ മരണങ്ങളും ഈ യോഗത്തില്‍ പങ്കെടുക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാമത്തെ തരംഗം ഉത്ഭവിച്ച സംസ്ഥാനങ്ങള്‍ ആദ്യം സാധാരണനിലയിലാകുമെന്ന് തുടക്കത്തില്‍ വിദഗ്ധര്‍ വിശ്വസിച്ചിരുന്നു. എന്നിരുന്നാലും കേരളത്തിലും മഹാരാഷ്ടയിലും വര്‍ദ്ധിച്ചുവരുന്ന കേസുകളുശട എണ്ണം കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തിന് മുമ്പ് ജനുവരി-ഫെബ്രുവരി മാസങ്ങളിലും സമാനമായ പ്രവണതകള്‍ കണ്ടതായി പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അതുകൊണ്ടാണ്, കേസുകള്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനങ്ങളില്‍, മൂന്നാം തരംഗത്തിന്റെ സാധ്യത തടയുന്നതിന് നമ്മള്‍ സജീവമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന്
പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞത്.
ദീര്‍ഘനാളായി കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, കൊറോണ വൈറസ് രൂപാന്തരപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും അതിന്റെ പുതിയ വകഭേദങ്ങളുടെ അപകടങ്ങളും ഉയരുമെന്ന വിദഗ്ദ്ധ കാഴ്ചപ്പാടിന് പ്രധാനമന്ത്രി അടിവരയിട്ടു. അതിനാല്‍, മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം പരിശോധന, കണ്ടെത്തല്‍, ചികിത്സ, വാക്‌സിനേഷന്‍ എന്ന തന്ത്രം തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മുഴുവന്‍ സംസ്ഥാനങ്ങളിലും പരിശോധന കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിച്ചത് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഉയര്‍ന്ന രോഗബാധയുള്ള പ്രദേശങ്ങള്‍ക്കുള്ള തന്ത്രപരമായ ഉപകരണമായി വാക്‌സിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി വാക്‌സിനേഷന്റെ ഫലപ്രദമായ ഉപയോഗം ഊന്നിപ്പറഞ്ഞു. തങ്ങളുടെ ആര്‍.ടി-പി.സി.ആര്‍ പരിശോധന ശേഷി മെച്ചപ്പെടുത്താന്‍ ഈ സമയം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.
ഐ.സിയു കിടക്കകള്‍, പരീശോധനാ ശേഷി എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നല്‍കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. അടുത്തിടെ അംഗീകരിച്ച 23,000 രൂപ അടിയന്തര കോവിഡ് പ്രതികരണ പാക്കേജിനെ പരാമര്‍ശിച്ചുകൊണ്ട് ഈ ഫണ്ടുകള്‍ മെഡിക്കല്‍ പശ്ചാത്തലസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
പശ്ചാത്തലസൗകര്യ വിടവുകള്‍ പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലേത് നികത്താന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഐ.ടി സംവിധാനങ്ങള്‍, കണ്‍ട്രോള്‍ റൂമുകള്‍, കോള്‍ സെന്ററുകള്‍ എന്നിവ ശക്തിപ്പെടുത്താനും അതിലൂടെ പൗരന്മാര്‍ക്ക് വിഭവങ്ങളും വിവരങ്ങളും സുതാര്യമായ രീതിയില്‍ ലഭ്യമാക്കുന്നതിനും രോഗികള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പങ്കെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച 332 പി.എസ.്എ പ്ലാന്റുകളില്‍ 53 പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തതായി ശ്രീ മോദി പറഞ്ഞു. പ്ലാന്റുകളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. കുട്ടികളെ രോഗബാധിതരാക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിന്റേയും ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേക പരാമര്‍ശിച്ചു.
യൂറോപ്പ്, അമേരിക്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ തായ്‌ലന്‍ഡ്, എന്നിവിടങ്ങളിലും മറ്റു പല രാജ്യങ്ങളിലും കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധന പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് നമ്മേയും ലോകത്തെയും ബോധവാന്മാരാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ അവസാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, ലോക്ക്ഡൗണിന് ശേഷം കണ്ടുവരുന്ന ചിത്രങ്ങളില്‍ അതീവ ആശങ്ക പ്രകടിപ്പിച്ചു. യോഗത്തില്‍ പങ്കെടുക്കുന്ന പല സംസ്ഥാനങ്ങളിലും ജനസാന്ദ്രത കൂടിയ മെട്രോപൊളിറ്റന്‍ നഗരങ്ങളുള്ളതിനാല്‍ പ്രോട്ടോക്കോള്‍ പിന്തുടരേണ്ടതും തിരക്ക് ഒഴിവാക്കേണ്ടതിന്റെയൂം ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനങ്ങളില്‍ അവബോധം വ്യാപിപ്പിക്കാന്‍ രാഷ്ര്ടീയ പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍, സന്നദ്ധസംഘടനകള്‍ എന്നിവരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

 

*** (Release ID: 1736168) Visitor Counter : 73