പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടോക്കിയോ ഒളിമ്പിക്‌സിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാന മന്ത്രി വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ പ്രസംഗം

Posted On: 13 JUL 2021 7:42PM by PIB Thiruvananthpuram

നിങ്ങളുമായി സംസാരിക്കുന്നത് എനിക്ക് ആനന്ദമാണ്. നിങ്ങള്‍ എല്ലാവരോടും സംസാരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ലെങ്കിലും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നിങ്ങളുടെ ആവേശവും അഭിനിവേശവും അനുഭവിക്കാന്‍ സാധിക്കും. എന്നോടൊപ്പം സന്നിഹിതനായിരിക്കുന്നത് രാജ്യത്തിന്റെ കായിക വകുപ്പു മന്ത്രി ശ്രീ അനുരാഗ് താക്കൂറാണ്. അതുപോലെ നമ്മുടെ ഇപ്പോഴത്തെ നിയമ മന്ത്രി ശ്രീ.കിരണ്‍ രഞ്ജുജിയും. ഏതാനും ദിവസം മുമ്പു വരെ  കായിക വകുപ്പു മന്ത്രി എന്ന നിലയില്‍ അദ്ദേഹം നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ സംഘത്തിലുള്ള ഏറ്റവും ചെറുപ്പക്കാരനായ മന്തരി കായിക വകുപ്പ് സഹമന്ത്രി ശ്രീ നിഷിത് പ്രാമാണിക് ആണ്. എല്ലാ കായിക സംഘടനകളുടെയും അദ്ധ്യക്ഷന്മാരെ, അതിലെ അംഗങ്ങളെ, ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരെ, കായിക താരങ്ങളുടെ മാതാപിതാക്കളെ, ഇന്ന് നാം വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെയാണ് സംസാരിക്കുക. നിങ്ങള്‍ എല്ലാവരും ഇവിടെ ഡല്‍ഹിയിലെ എന്റെ വസതിയില്‍ അതിഥികളായില്‍ അതിഥികളായിരുന്നെങ്കില്‍, നിങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കാണാന്‍ സാധിച്ചിരുന്നെങ്കില്‍  അതായിരുന്നു കൂടുതല്‍ നല്ലത്.  മുമ്പ് ഞാന്‍ അങ്ങിനെയാണ് ചെയ്തിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ സന്ദര്‍ഭം കൂടുതല്‍ വിലപ്പെട്ടതുമായിരുന്നു. എന്നാല്‍ ഇക്കുറി കൊറോണ കാരണം അത് സാധിക്കുന്നില്ല. അതിനുമുപരി നമ്മുടെ പകുതിയിലധികം കളിക്കാര്‍ പരിശീലനവുമായി ബന്ധപ്പെട്ട് വിദേശത്തുമാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വാക്കു തരുന്നു, നിങ്ങള്‍ തിരികെ വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ കാണും. കൊറോണ മൂലം അനേകം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒളിമ്പിക്‌സ് പോലും മാറി, നിങ്ങളുടെ തയാറെടുപ്പുകള്‍ മാറി, വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒളിമ്പിക്‌സ് തുടങ്ങാന്‍ ഇനി കേവലം പത്തു ദിനങ്ങളെ അവശേഷിക്കുന്നുള്ളൂ.  ടോക്കിയോയിലും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരിക്കും നിങ്ങള്‍ കാണാന്‍ പോകുന്നത്.


സുഹൃത്തുക്കളെ,


ഇന്നു നിങ്ങളുമായുള്ള സംഭാഷണമദ്ധ്യേ,  രാജ്യത്തിനു വേണ്ടി ഈ വിഷമ സമയത്തും നിങ്ങള്‍ എത്രമാത്രം കഷ്ടപ്പെടുകയും വിയര്‍പ്പ് ഒഴുക്കുകയും ചെയ്തു എന്ന് ഇവിടുത്തെ ജനങ്ങളും അറിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ചില സഹപ്രവര്‍ത്തകരുടെ ഈ കഠിനാധ്വാനത്തെ സംബന്ധിച്ച് മന്‍കി ബാത്തിന്റെ കഴിഞ്ഞ എപ്പിസോഡില്‍ ഞാന്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. നിങ്ങളുടെ ആത്മവീര്യം വര്‍ധിക്കുന്നതിന് കളിക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍  ഞാന്‍ എല്ലാ ജനങ്ങളോടും ആവശ്യപ്പെട്ടട്ടുണ്ട്. ഇന്ത്യയ്ക്കായി ആര്‍പ്പുവിളി എന്ന ഹാഷ് ടാഗോടുകൂടി ധാരാളം ചിത്രങ്ങള്‍ അടുത്ത നാളില്‍ ഞാന്‍ കാണുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ കോണുകളില്‍ വരെ രാഷ്ട്രം മുഴുവന്‍ നിങ്ങളെ പിന്തുണയ്ക്കുന്നു. കായികമേളയുടെ വേദിയിലേയ്ക്കു നിങ്ങള്‍ പ്രവേശിക്കുന്നതിനു മുമ്പ് 135 കോടി ഇന്ത്യക്കാരുടെ ആശംസകളും  മുഴുവന്‍ രാജ്യത്തിന്റെയും അനുഗ്രഹങ്ങളും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കും.   നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെയും എല്ലാ ആശംസകളും നേരുന്നു. നമോ ആപ്പില്‍ ഒരു പ്രത്യേക സംവിധാനം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ  രാജ്യത്തെ ജനങ്ങളില്‍ നിന്നുള്ള ആശംസകള്‍ നിങ്ങള്‍്ക്ക് തുടര്‍ന്നും ലഭിക്കുന്നതായിരിക്കും. ഈ നമോ ആപ്പ് സന്ദര്‍ശിക്കുന്ന ജനങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പുന്ന സന്ദേശങ്ങള്‍ അയക്കും.


സുഹൃത്തുക്കളെ,


രാജ്യം മുഴുവന്റെയും വികാരങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കാണുമ്പോള്‍  നിങ്ങളില്‍ പൊതുവായി ഞാന്‍ ദര്‍ശിക്കുന്നത് ആത്മവിശ്വാസവും ചങ്കൂറ്റവും നിശ്ചയ ദാര്‍ഢ്യവുമാണ്. നിങ്ങളില്‍ കാണുന്ന  പൊതുവായ  മറ്റു  സവിശേഷത അച്ചടക്കവും അര്‍പ്പണ ബോധവും ഉറച്ച തീരുമാനവുമാണ്. നിങ്ങള്‍ക്ക് പ്രതിബദ്ധതയും മത്സരക്ഷമതയും ഉണ്ട്. ഇതാണ് ആധുനിക ഇന്ത്യയുടെയും സവിശേഷതകള്‍. അതുകൊണ്ടാണ് നിങ്ങള്‍ എല്ലാവരും ആധുനിക ഇന്ത്യയുടെ പ്രതിബിംബങ്ങളും രാജ്യത്തിന്റെ ഭാവിയുടെ പ്രതീകങ്ങളുമാകുന്നത്. നിങ്ങളില്‍ ചിലര്‍ തെക്കുനിന്നാണ്, ചിലര്‍ വടക്കു നിന്ന് മറ്റു ചിലര്‍ കിഴക്കുനിന്ന് ബാക്കിയുള്ളവര്‍ വടക്കു കിഴക്കുനിന്ന്. ചിലര്‍ ഗ്രാമത്തിലെ കളിക്കളങ്ങളില്‍ നിന്നാണ് കളികള്‍ ആരംഭിച്ചത്. അതെ സമയം നിരവധി പേര്‍ ചെറുപ്പം മുതല്‍  കായിക അക്കാദമികളുമായി ബന്ധപ്പെട്ടാണ് പരിശീലം തുടങ്ങിയത്. എന്നാല്‍ ഇന്ന് നിങ്ങള്‍ എല്ലാവരും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. എല്ലാവരും രാജ്യത്തിനു വേണ്ടിയാണ് മത്സരിക്കാന്‍ പോകുന്നത്. ഈ വൈവിധ്യവും ഒത്തൊരുമയുമാണ് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ സ്വത്വവും.


സുഹൃത്തുക്കളെ,


പുതിയ ചിന്തകളും പുതിയ സമീപനവുമായി ഈ രാജ്യം എപ്രകാരം ഓരോ കളിക്കാരനുമൊപ്പം നില്‍ക്കുന്നു എന്നതിന് നിങ്ങള്‍ സാക്ഷികളാണല്ലോ. നിങ്ങളുടെ പ്രചോദനമാണ് ഇന്ന് ഈ രാജ്യത്തിന് പരമപ്രധാനം. നിങ്ങള്‍ക്കു സ്വതന്ത്രമായി കളിക്കുന്നതിന,് കഴിവിന്റെ പൂര്‍ണതയില്‍ പ്രകടനം നടത്തുന്നതിന്, നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് ഈ രാജ്യം മുന്‍ഗണന നല്‍കുന്നു.ഒളിമ്പിക്‌സിനുള്ള ഉന്നതാധികാര സമിതി വളരെ മുമ്പെ രൂപീകരിക്കപ്പെട്ട കാര്യം നിങ്ങള്‍ ഓര്‍മ്മിക്കുമല്ലോ. ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ കീഴില്‍ എല്ലാ കളിക്കാര്‍ക്കും പരമാവധി സഹായം ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് അത് അനുഭവവുമാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച്  ഇത് നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിച്ചിട്ടുമുണ്ട്.


എന്റെ സ്‌നേഹിതരെ,


നിങ്ങള്‍ രാജ്യത്തിനു വേണ്ടി വിയര്‍പ്പൊഴുക്കുന്നു, രാജ്യത്തിന്റെ പതാകയേന്തുന്നു, അതിനാല്‍ നിങ്ങള്‍ക്കൊപ്പം പതറാതെ നില്‍ക്കുക എന്നത് രാജ്യത്തിന്റെ ഉത്തരവാദിത്വമാകുന്നു. കളിക്കാര്‍ക്ക് മികച്ച പരിശീലന ക്യാമ്പുകളും ഉപകരണങ്ങളും ലഭ്യമാക്കാന്‍ ഞങ്ങള്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. കളിക്കാര്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര  പരിശീലന സൗകര്യങ്ങളും ഏര്‍പ്പെടുത്തി. പരിശീലന സ്ഥാപനങ്ങളാകട്ടെ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പരമ പ്രാധാന്യം നല്‍കി. അതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയും ചെയ്തു.


സുഹൃത്തുക്കളെ,


ഉചിതമായ തീരുമാനങ്ങളും കഠിനാധ്വാനവും കളിക്കളത്തില്‍ ഒന്നിച്ചപ്പോള്‍ വിജയം ഉറപ്പായി. ഇതു തന്നെ കളിക്കളത്തിനു പുറത്തും നാം നടപ്പാക്കി.ദൗത്യ രീതിയില്‍ ഉചിതമായ നയങ്ങള്‍ രാജ്യത്തു നടപ്പാക്കിയതിന്റെ ഫലങ്ങള്‍ ഇന്നു നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നു.ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ഉദാഹരണം. ിതാദ്യമായാണ് ഇത്രയധികം കളിക്കാര്‍ ഒളിമ്പിക്‌സിനായി യോഗ്യത നേടുന്നത്. ആദ്യമായാണ് ഇത്രയധികം ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നതും. ഇതില്‍ പലഇനങ്ങളിലും ഇന്ത്യ യോഗ്യത നേടുന്നതും ആദ്യമായിട്ടാണ്.


സുഹൃത്തുക്കളെ,


നമ്മുടെ രാജ്യത്ത് ഒരു ചൊല്ലുണ്ട്. അതായത് നാം ഒരു കാര്യം പരിശീലിക്കുകയും അതിനായി  പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ അത് സാവകാശം നമ്മുടെ ശീലമായി മാറുന്നു. വിജയത്തിനായി എത്രയോ നാളുകളായി നിങ്ങള്‍ എല്ലാവരും പരിശീലനം നടത്തുന്നു. നിങ്ങളെയും നിങ്ങളുടെ ശക്തിയെയും കാണുമ്പോള്‍ എനിക്ക് അതില്‍ സംശയമില്ല. നിങ്ങളുടെ ഉത്സാഹവും രാജ്യത്തിന്റെ യുവത്വവും നല്‍കപ്പെട്ടാല്‍  വിജയം ആധുനിക ഇന്ത്യയുടെ സ്വഭാവമായി മാറുന്ന ദിനങ്ങള്‍ വിദൂരമല്ല എന്ന് എനിക്കു പറയാന്‍ സാധിക്കും. അതിനാല്‍ ഇതു തുടക്കം മാത്രം. നിങ്ങള്‍ ടോക്കിയോയില്‍ എത്തി അവിടെ നമ്മുടെ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ലോകം മുഴുവന്‍ അതിനു സാക്ഷികളാകും. എന്നാല്‍ ഓര്‍ക്കുക, ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല വിജയത്തിനായി  നിങ്ങള്‍ കളിക്കുന്നത്. നിങ്ങളുടെ മനസിനോടും ഹൃദയത്തോടും ഒരു കാര്യം മാത്രം പറയുക, എനിക്ക്  എന്റെ കഴിവിന്റെ പരമാവധി പ്രകടനം നടത്തണം. ാെരിക്കല്‍ കൂടി ഞാന്‍ രാജ്യത്തെ പൗരന്മാരെ ആഹ്വാനം ചെയ്യുന്നു, ഇന്ത്യയ്ക്കായി ഹര്‍ഷാരവം മുഴക്കുക. എനിക്ക് ഉറപ്പുണ്ട് നിങ്ങള്‍ എല്ലാവരും രാജ്യത്തിനായി കലിക്കും, രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുംപുതിയ നേട്ടങ്ങള്‍ കൈവരിക്കും. ആ ബോധ്യത്തോടെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ നന്ദി. എന്റെ പ്രത്യേകമായ ശുഭാശംസകള്‍.നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ പ്രത്യേക ആശംസകള്‍.


വളരെ നന്ദി.



(Release ID: 1735304) Visitor Counter : 155