പ്രധാനമന്ത്രിയുടെ ഓഫീസ്‌

സി‌എസ്‌ഐ‌ആർ സൊസൈറ്റിയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു


ഈ ദശകത്തിലെയും വരും ദശകങ്ങളിലെയും ആവശ്യങ്ങള്‍ക്കായി തയ്യാറാകണം :പ്രധാനമന്ത്രി

Posted On: 04 JUN 2021 1:56PM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ശാസ്ത്ര - വ്യാവസായിക ഗവേഷണ സമിതി  (സി‌എസ്‌ഐആർ) സൊസൈറ്റിയുടെ യോഗം ചേര്‍ന്നു. കോവിഡ് മഹാമാരി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ മനുഷ്യര്‍ക്കു വലിയ പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം ശാസ്ത്രം മെച്ചപ്പെട്ട ഭാവിയിലേക്കുള്ള വഴി ഒരുക്കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പരിഹാരങ്ങളും സാധ്യതകളും കണ്ടെത്തി പുതിയ ശക്തി   സൃ്ഷ്ടിക്കുന്നതാണ് ശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പകര്‍ച്ചവ്യാധികളില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുന്നതിനായി ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിനുകള്‍ നിര്‍മ്മിച്ച ശാസ്ത്രജ്ഞരെ വലുപ്പത്തിന്റെയും  വേഗതയുടെയും  പേരില്‍ പ്രധാനമന്ത്രി പ്രശംസിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ കാര്യം സംഭവിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ മറ്റ് രാജ്യങ്ങള്‍ കണ്ടുപിടുത്തങ്ങള്‍ നടത്തിയെന്നും ഇന്ത്യക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ മറ്റ് രാജ്യങ്ങളുമായി ഒരേ വേഗതയിലും തുല്യമായും പ്രവര്‍ത്തിക്കുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ കോവിഡ് -19 വാക്സിനുകള്‍, ടെസ്റ്റിംഗ് കിറ്റുകള്‍, ആവശ്യമായ ഉപകരണങ്ങള്‍, ഫലപ്രദമായ പുതിയ മരുന്നുകള്‍ എന്നിവകൊണ്ട് ഇന്ത്യയെ സ്വാശ്രയ  രാജ്യമാക്കിയ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. വികസിത രാജ്യങ്ങളിലേതിന്  ഒപ്പം ശാസ്ത്രവും സാങ്കേതികവിദ്യയും കൊണ്ടുവരുന്നത് വ്യവസായത്തിനും വിപണിക്കും നല്ലതാണ്.

 നമ്മുടെ രാജ്യത്ത് ശാസ്ത്രം, സമൂഹം, വ്യവസായം എന്നിവ ഒരേ തലത്തിൽ  നിലനിര്‍ത്തുന്നതിനുള്ള ഒരു സ്ഥാപന ക്രമീകരണമായി സിഎസ്ഐആര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കിയ ശാന്തി സ്വരൂപ് ഭട്‌നഗറിനെപ്പോലെ നിരവധി കഴിവുകളുള്ള ശാസ്ത്രജ്ഞരെയും രാജ്യത്തിന് നല്‍കിയിട്ടുണ്ട്. സിഎസ്ഐആറിന് ശക്തമായ ഗവേഷണവും പേറ്റന്റുകളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സിഎസ്ഐആര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്തിന്റെ  ഇന്നത്തെ ലക്ഷ്യങ്ങളും 21-ാം നൂറ്റാണ്ടിലെ ജനങ്ങളുടെ  സ്വപ്നങ്ങളും ഒരു അടിത്തറയെ ആധാരമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  അതിനാല്‍ സിഎസ്ഐആര്‍ പോലുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളും അസാധാരണമാണ്. ബയോടെക്‌നോളജി മുതല്‍ ബാറ്ററി സാങ്കേതികവിദ്യകള്‍ വരെ; കൃഷി മുതല്‍ ജ്യോതിശാസ്ത്രം വരെ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ പ്രതിരോധ സാങ്കേതികവിദ്യ വരെ, വാക്‌സിനുകള്‍ മുതല്‍ വെര്‍ച്വല്‍ യാഥാര്‍ത്ഥ്യം വരെ എല്ലാ മേഖലകളിലും  സ്വാശ്രയമാകാനും ശാക്തീകരിക്കാനും ഇന്നത്തെ ഇന്ത്യ ആഗ്രഹിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും ശുദ്ധമായ ഊര്‍ജ്ജത്തിന്റെയും മേഖലയില്‍ ലോകത്തിന് ഇന്ത്യ ഇന്ന് വഴി കാണിക്കുന്നു. സോഫ്റ്റുവെയര്‍ മുതല്‍ ഉപഗ്രഹങ്ങള്‍ വരെ, ലോകത്തിന്റെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഇന്ത്യ മറ്റ് രാജ്യങ്ങളുടെ വികസനവും ത്വരിതപ്പെടുത്തുന്നു. അതിനാല്‍, ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ ഈ ദശകത്തിന്റെ ആവശ്യങ്ങള്‍ക്കും അടുത്ത ദശകത്തിനും അനുസൃതമായിരിക്കണമെന്ന്  അദ്ദേഹം പറഞ്ഞു.

 കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ നിരന്തരം വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശാസ്ത്രീയ സമീപനത്തോടെ തയ്യാറെടുപ്പുകള്‍ നടത്താന്‍ അദ്ദേഹം എല്ലാ ശാസ്ത്രജ്ഞരെയും സ്ഥാപനങ്ങളെയും ആഹ്വാനം ചെയ്തു. കാര്‍ബണ്‍ ക്യാപ്ചര്‍ മുതല്‍ ഊര്‍ജ്ജ സംഭരണവും ഹരിത ഹൈഡ്രജന്‍ സാങ്കേതികവിദ്യകളും വരെ എല്ലാ മേഖലയിലും നേതൃത്വം വഹിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. സമൂഹത്തെയും വ്യവസായത്തെയും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹം സിഎസ്ഐആറിനോട് അഭ്യര്‍ത്ഥിച്ചു. തന്റെ ഉപദേശം പരിഗണിച്ച് ആളുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതിന് സിഎസ്ഐആറിനെ അദ്ദേഹം അഭിനന്ദിച്ചു. 2016 ല്‍ ആരംഭിച്ച അരോമ ദൗത്യത്തില്‍ സിഎസ്ഐആറിന്റെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ന് രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകര്‍ പുഷ്പ കൃഷിയിലൂടെ തങ്ങളുടെ സൗഭാഗ്യത്തെ മാറ്റിമറിക്കുകയാണ്. ഇന്ത്യ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന രാജ്യത്തിനകത്ത്  പെരുങ്കായം കൃഷി ചെയ്യാന്‍ സഹായിച്ചതിന് സിഎസ്ഐആറിനെ അദ്ദേഹം പ്രശംസിച്ചു.

 ഒരു റോഡ് മാപ്പ് തയ്യാറാക്കി കൃത്യമായ രീതിയില്‍ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി സിഎസ്ഐആറിനോട് അഭ്യര്‍ത്ഥിച്ചു.  കോവിഡ് പ്രതിസന്ധി വികസനത്തിന്റെ വേഗതയെ ബാധിച്ചിരിക്കാം, പക്ഷേ ആത്മാനിര്‍ഭര്‍ ഭാരതത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധത നിലനില്‍ക്കുന്നു. നമ്മുടെ രാജ്യത്തെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. നമ്മുടെ എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൃഷി  മുതല്‍ വിദ്യാഭ്യാസം വരെ എല്ലാ മേഖലകളിലും വളരെയധികം സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും  കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ നേടിയ വിജയം ആവര്‍ത്തിക്കണമെന്ന് അദ്ദേഹം എല്ലാ ശാസ്ത്രജ്ഞരോടും വ്യവസായങ്ങളോ  ടും അഭ്യര്‍ത്ഥിച്ചു.


.........


(Release ID: 1724409) Visitor Counter : 301