ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

30 കോടി ഡോസ് കോവിഡ്19 വാക്‌സിന്‍ ലഭ്യമാക്കുന്നതിനു ഹൈദരാബാദിലെ ബയോളജിക്കല്‍-ഇ ലിമിറ്റഡുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി

Posted On: 03 JUN 2021 8:00AM by PIB Thiruvananthpuram

30 കോടി ഡോസ് കോവിഡ് -19 വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിന്‍ നിര്‍മാതാക്കളായ ബയോളജിക്കല്‍-ഇയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്തിമരൂപം നല്‍കി. ഈ വാക്‌സിന്‍ ഡോസുകള്‍ 2021 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയായി ബയോളജിക്കല്‍-ഇ നിര്‍മ്മിച്ചു സംഭരിക്കും. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം 1500 കോടി രൂപ കമ്പനിക്കു മുന്‍കൂറായി നല്‍കി.

 ഒന്നും രണ്ടും ഘട്ട ചികില്‍സാ പരീക്ഷണങ്ങളില്‍ മികച്ച ഫലങ്ങള്‍ കാണിച്ചതിന് ശേഷം ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്‌സിന്‍ നിലവില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ബയോളജിക്കല്‍-ഇ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഒരു ആര്‍ബിഡി പ്രോട്ടീന്‍ ഉപഘടക വാക്സിനാണ്. ഇത് അടുത്ത കുറച്ച് മാസങ്ങള്‍ കൊണ്ട് ലഭ്യമാകാന്‍ സാധ്യതയുണ്ട്.

കോവിഡ് വാക്‌സിന്‍ സംംബന്ധിച്ച ദേശീയ വിദഗ്ധ സമിതി (എന്‍ഇജിവിഎസി) മതിയായ പരിശോധനകള്‍ക്കു ശേഷമാണ് ബയോളജിക്കല്‍-ഇയുടെ നിര്‍ദ്ദേശം അംഗീകാരത്തിനായി കേന്ദ്ര ഗവണ്‍മെന്റിനു ശുപാര്‍ശ ചെയ്യുകയും ചെയ്തത്.

ഗവേഷണം, വികസനം (ആര്‍ & ഡി) എന്നിവയിലും സാമ്പത്തിക സഹായത്തിലും തദ്ദേശീയ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ വിശാല ശ്രമത്തിന്റെ ഭാഗമാണ് ബയോളജിക്കല്‍-ഇയുമായുള്ള ധാരണ.

 ബയോളജിക്കല്‍-ഇ കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തിന്റെ പ്രഥമഘട്ടം  മുതല്‍ മൂന്നാം ഘട്ട പഠനങ്ങള്‍ വരെ കേന്ദ്ര ഗവണ്‍മെന്റ് പിന്തുണ നല്‍കി. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് 100 കോടിയിലധികം രൂപ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയായി നല്‍കി. മാത്രമല്ല, വകുപ്പിനു കീഴില്‍ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ട്രാന്‍സ്‌ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ) വഴി മൃഗങ്ങളില്‍ നടത്തേണ്ട പരിശോധനാ പഠനങ്ങള്‍ക്കുള്‍പ്പെടെ സഹായിച്ചു.

കേന്ദ്ര ഗവണ്‍മെന്റിന്റെ കോവിഡ് പ്രതിരോധ ഔഷധനിര്‍മാണത്തിനുള്ള മൂന്നാം ഘട്ട പ്രയത്‌നമായ ആത്മനിര്‍ഭര്‍ 3.0 ന്റെ ഭാഗമായി വാക്‌സിന്‍ വികസന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി ആരംഭിച്ച 'കോവിഡ് സുരക്ഷ- ഇന്ത്യയുടെ വാക്‌സിന്‍ വികസന ദൗത്യ'ത്തിന്റെ ഭാഗമായാണ് ഇത് ഏറ്റെടുത്തത്.

 സുരക്ഷിതവും ഫലപ്രദവും ചിലവ് കുറഞ്ഞതും പ്രാപ്യവുമായ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. വാക്‌സിന്‍ പരീക്ഷണത്തിന്റെ അഞ്ച്, ആറ് ഘട്ടങ്ങളെയും ദൗത്യം പിന്തുണയ്ക്കുന്നു. ഇവയില്‍ ചിലത് ഇപ്പോള്‍ നിയമപരമായ അനുമതിക്കും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനും തൊട്ടടുത്ത് എത്തിയിരിക്കുന്നു. ഇത് കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസന ശ്രമങ്ങളെ വേഗത്തിലാക്കുക മാത്രമല്ല, ജനങ്ങള്‍ക്കു മുഴുവന്‍ വാക്‌സിന്‍ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. നിലവിലുള്ളതും ഭാവിയില്‍ നടക്കുന്നതുമായ വാക്‌സിന്‍ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്രയത്‌നങ്ങളുടെ ഗുണഫലം ലഭിക്കും.

 

***


(Release ID: 1723973) Visitor Counter : 276