പ്രധാനമന്ത്രിയുടെ ഓഫീസ്‌

യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു



ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും യാസ് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മോദി വ്യോമ നിരീക്ഷണം നടത്തി


യാസ് ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരോട് പ്രധാനമന്ത്രി മോദി ഐക്യദാർഢ്യം പ്രകടിപ്പിച്ചു


അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1000 കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു


നാശനഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കുന്നതിന് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ഗവണ്മെന്റ് ഒരു അന്തർ മന്ത്രാലയ സംഘത്തെ നിയോഗിക്കും


ദുരിതബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനുമുള്ള എല്ലാ സഹായങ്ങളും കേന്ദ്രം ഉറപ്പ് നൽകി


രാജ്യത്തുടനീളം യാസ് ചുഴലിക്കാറ്റ് മൂലം മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ അടിയന്തിര സഹായമായും, പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും

Posted On: 28 MAY 2021 3:53PM by PIB Thiruvananthpuram

യാസ് ചുഴലിക്കാറ്റിനെ  തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലും  പശ്ചിമ ബംഗാളിലും  സന്ദർശനം നടത്തി. ഒഡീഷയിലെ ഭദ്രക്, ബാലേശ്വർ ജില്ല കളിലും പശ്ചിമ ബംഗാളിലെ പൂർവ്വ  മേദിനിപൂരിലും ചുഴലിക്കാറ്റ് ബാധിത  പ്രദേശങ്ങളിൽ അദ്ദേഹം വ്യോമ നിരീക്ഷണം നടത്തി.

ഭുവനേശ്വറിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച  യോഗം ദുരിതാശ്വാസ, പുനരധിവാസ നടപടികൾ അവലോകനം ചെയ്തു.

യാസ് ചുഴലിക്കാറ്റ് മൂലം ഉണ്ടായ പരമാവധി നാശനഷ്ടം ഒഡീഷയിലാണ് സംഭവിച്ചതെന്നും പശ്ചിമ ബംഗാളിലെയും ജാർഖണ്ഡിലെയും ചില ഭാഗങ്ങളെ ബാധിച്ചിട്ടുണ്ടെന്നും യോഗത്തിൽ  പ്രധാനമന്ത്രി യെ അറിയിച്ചു.

അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1000 കോടി രൂപയുടെ ധനസഹായം ശ്രീ മോദി പ്രഖ്യാപിച്ചു. 500 കോടി രൂപ ഉടൻ ഒഡീഷയ്ക്ക് നൽകും. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനുമായി 500 കോടി രൂപ കൂടി പ്രഖ്യാപിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കുന്നതിന്  സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ഗവണ്മെന്റ് ഒരു അന്തർ മന്ത്രാലയ സംഘത്തെ നിയോഗിക്കും. ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ കൂടുതൽ സഹായം നൽകും.

ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഈ ബുദ്ധിമുട്ടുള്ള സമയത്ത് കേന്ദ്ര ഗവണ്മെന്റ്  സംസ്ഥാന ഗവണ്മെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ദുരിത ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനും പുനർനിർമ്മിക്കുന്ന തിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന എല്ലാവരോടും പ്രധാനമന്ത്രി പൂർണ്ണ  ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ദുരന്തസമയത്ത് ബന്ധുക്കൾ നഷ്ടപ്പെട്ട കുടുംബങ്ങളോട് കടുത്ത ദുഖം പ്രകടിപ്പി ക്കുകയും ചെയ്തു.

ചുഴലിക്കാറ്റ് മൂലം മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ  അടിയന്തിര സഹായ മായും ഗുരുതരമായി ,പരിക്കേറ്റവർക്ക് 50,000 രൂപയും  നൽകുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു,

ദുരന്തങ്ങളെ കൂടുതൽ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട തുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറേബ്യൻ കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് സംവിധാനങ്ങളുടെ ആവൃത്തിയും ആഘാതവും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ആശയവിനിമയ സംവിധാനങ്ങൾ, ലഘൂകരണ ശ്രമങ്ങൾ, തയ്യാറെടുപ്പ് എന്നിവ വലിയ മാറ്റത്തിന് വിധേയമാക്കേണ്ടതുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച സഹകരണത്തിനായി ജനങ്ങൾക്കിടയിൽ വിശ്വാസം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഒഡീഷ ഗവണ്മെന്റിന്റെ മുന്നൊരുക്കങ്ങളെയും  ദുരന്തനിവാരണ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇത്തരം പ്രകൃതിദുരന്തങ്ങളെ നേരിടാൻ സംസ്ഥാനം ദീർഘകാല ലഘൂകരണ ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുരന്ത  നിവാരണത്തിന് ധനകാര്യ കമ്മീഷനും 30,000 കോടി രൂപയുടെ ദുരന്ത നിവാരണ നിധിക്ക്   ഊന്നൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

****



(Release ID: 1722484) Visitor Counter : 223