ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഗുരുതരമല്ലാത്ത കോവിഡ് -19 രോഗബാധിതർക്കുള്ള മരുന്നും പരിചരണവും സംബന്ധിച്ച് എയിംസിലെ ഡോക്ടർമാർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
Posted On:
15 MAY 2021 1:47PM by PIB Thiruvananthpuram
പനി, വരണ്ട ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടൽ എന്നിവയാണ് കോവിഡ് -19 രോഗികളിൽ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. തൊണ്ട വേദന, തലവേദന, ശരീരവേദന, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, കണ്ണിലെ ചുവപ്പ് എന്നിവയും അപൂർവം സന്ദർഭങ്ങളിൽ കാണപ്പെടുന്നു. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ മറ്റുള്ളവരിൽ നിന്ന് സ്വയം ഒറ്റപ്പെടണം. കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ച രോഗികൾക്കായി സംഘടിപ്പിച്ച “ഹോം ഐസൊലേഷനിൽ മരുന്നും പരിചരണവും” എന്ന വെബിനാറിൽ സംസാരിക്കവെ ഡൽഹി എയിംസിലെ ഡോ. നീരജ് നിഷാൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സെന്റർ ഓഫ് എക്സലൻസാണ് വെബിനാർ സംഘടിപ്പിച്ചത്.
രോഗബാധിതരായ 80 ശതമാനം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ആർടി-പിസിആർ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, മറ്റൊരു പരിശോധന കൂടി നടത്തേണ്ടതാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിയയാണ് ആശുപത്രി പ്രവേശനം ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്.
മരുന്നുകൾ ശരിയായ അളവിലും കൃത്യസമയത്തും കഴിക്കണം. മരുന്നിനെക്കുറിച്ച് അറിഞ്ഞാൽ മാത്രം പോരാ; എങ്ങനെ, എപ്പോൾ അവ ഉപയോഗിക്കണമെന്നും രോഗികൾ അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ മരുന്ന് പ്രയോജനകരമാകൂയെന്നും ഡോ. നീരജ് പറഞ്ഞു.
60 വയസ്സിനു മുകളിലുള്ള രോഗികളും രക്താതിമർദ്ദം, പ്രമേഹം, ഹൃദ്രോഗം, വൃക്ക രോഗം, ശ്വാസകോശ രോഗം എന്നീ അനുബന്ധ രോഗാവസ്ഥകളുള്ളവരും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിനുള്ള തീരുമാനം ഡോക്ടർമാരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ എടുക്കാവൂ.
കോവിഡ് രോഗബാധ സ്ഥിരീകരിച്ചവർ രോഗബാധ നേരിടുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ ഇനിപ്പറയുന്നു.
പതിവായി കഴിക്കുന്ന മരുന്നുകൾ മുടക്കരുത്. പൊതു ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. മെഡിക്കൽ ഗ്രേഡ് മാസ്കുകൾ മുൻകൂട്ടി സംഭരിക്കണം. ദൈനംദിന അവശ്യങ്ങൾക്കും വസ്തുക്കൾക്കുമായി മുൻകൂട്ടി ആസൂത്രണം ചെയ്യണം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യമെങ്കിൽ കൈമാറുന്നതിനായി, ആരോഗ്യ പ്രവർത്തകരുടെയും, ഹോട്ട്‌ലൈൻ നമ്പറുകളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കണം. ഇതോടൊപ്പം, അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി സുഹൃത്തുക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും നമ്പറുകളും തയ്യാറാക്കി വയ്ക്കണം. കുടുംബത്തിലെ കുട്ടികൾക്ക് ശരിയായ പരിചണം നൽകുന്നതിന് ആവശ്യമായ ആസൂത്രണവും നടത്തേണ്ടതാണ്.
നേരിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണങ്ങളില്ലാത്തതുമായ രോഗികളെ വീട്ടിൽ ഐസൊലേഷനിൽ പാർപ്പിക്കാവുന്നതാണ്. അത്തരം രോഗികൾ മറ്റ് കുടുംബാംഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് കുട്ടികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ വളരെയധികം ശ്രദ്ധിക്കണം. പതിവായി ഉപയോഗിക്കുന്ന മരുന്നുകൾ രോഗികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ ഒരുക്കി വയ്ക്കണം. രോഗിയെ പരിചരിക്കുന്നയാളും ഡോക്ടറും തമ്മിൽ കൃത്യവും നിരന്തരവുമായ ആശയവിനിമയം ആവശ്യമാണ്. രോഗ ബാധ സ്ഥിരീകരിച്ചവർ എല്ലായ്പ്പോഴും മൂന്ന് ലയറുള്ള മാസ്ക് ധരിക്കണം. ഓരോ 8 മണിക്കൂറിലും ശരിയായ അണുനശീകരണത്തിന് ശേഷം മാസ്കുകൾ ഉപേക്ഷിക്കണം. രോഗിയും പരിചാരകനും പരസ്പരം ഇടപഴകുമ്പോൾ N-95 മാസ്കുകൾ ധരിക്കണം.
ശരീരത്തിലെ ഓക്സിജന്റെ അളവ് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാൻ പൾസ് ഓക്സിമീറ്റർ ഉപയോഗിക്കണം. പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നതിന് മുമ്പ് കൃത്രിമ നഖങ്ങളും നെയിൽ പോളിഷും നീക്കംചെയ്യുകയും രോഗിയുടെ കൈ തണുത്തിരിക്കുകയാണെങ്കിൽ ചൂടാക്കുകയും വേണം. പരിശോധനയ്ക്ക് മുമ്പ് കുറഞ്ഞത് അഞ്ച് മിനിറ്റ് നേരം ശാന്തമായി വിശ്രമിക്കുക. അഞ്ച് സെക്കൻഡ് നേരം സ്ഥിരതയോടെ നിരീക്ഷിക്കുമ്പോൾ ശരീരത്തിലെ ഓക്സിജന്റെ അളവ് ലഭിക്കും. റെംഡെസിവിർ മരുന്ന് ഒരിക്കലും വീട്ടിൽ വച്ച് ഉപയോഗിക്കാൻ പാടില്ല. വീടുകളിൽ ഐസൊലേഷനിൽ കഴിയുമ്പോൾ രോഗികൾക്ക് കൃത്യമായ വ്യായാമവും ഭാവാത്മക ചിന്തയുമാണ് ആവശ്യമെന്ന് ഡോ. നീരജ് പറഞ്ഞു.
ഓക്സിജന്റെ അളവ് 94 ൽ താഴുകയാണെങ്കിൽ, രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് “ഗുരുതരമല്ലാത്ത കോവിഡ് -19 രോഗികൾക്കുള്ള പുതുക്കിയ ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ” സംബന്ധിച്ച് വിശദീകരിച്ച ഡൽഹി എയിംസിലെ ഡോ.മനീഷ് വ്യക്തമാക്കി. ഓക്സിജന്റെ അളവ് പരിശോധിക്കുമ്പോൾ, രോഗിയുടെ പ്രായവും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും പ്രത്യേകം പരിഗണിക്കണം.
ഐവർമെക്റ്റിൻ മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് വിശദീകരിച്ച ഡോ. മനീഷ് ഇതിന്റെ ഉപയോഗം രോഗപ്രതിരോധ ശേഷിയെയും രോഗിയുടെ മറ്റ് നിർദ്ദിഷ്ട അവസ്ഥകളെയും ആശ്രയിച്ചാണിരിക്കുന്നതെന്ന് വ്യക്തമാക്കി. പാരസെറ്റമോളിന്റെ ഉപയോഗത്തിനും ഇത് ബാധകമാണ്. അതിനാൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രമേ ചെയ്യാവൂ.
ഫാബിഫ്ലു മരുന്നിനെക്കുറിച്ച് പരാമർശിക്കവെ, മഹാരാഷ്ട്ര സർക്കാരിന്റെ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങളിൽ ഫാബിഫ്ലുവിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.150 രോഗികളിൽ ഗ്ലെൻമാർക്ക് നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മാർഗ്ഗനിർദ്ദേശങ്ങൾ. എന്നാൽ മാർഗ്ഗനിർദ്ദേശങ്ങളിൽ ഐവർമെക്റ്റിൻ ഉൾപ്പെടുത്തിയിട്ടില്ല.
പല രോഗികളും അസിട്രോമൈസൈൻ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും മാർഗ്ഗനിർദ്ദേശങ്ങളിൽ ഈ ഗുളികകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു. റെവിഡോക്സിന്റെ ഉപയോഗത്തെക്കുറിച്ചും സമാന നിർദ്ദേശങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളത്. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ റെവിഡോക്സ് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല, ഡോക്ടർ പറഞ്ഞു.
ഡോക്ടർമാരുമായി കൂടിയാലോചിക്കാതെ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ മരുന്നുകൾ കഴിക്കാൻ പാടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത രണ്ട് വിദഗ്ധരും ഏകസ്വരത്തിൽ വ്യക്തമാക്കി.
IE
(Release ID: 1719253)
Visitor Counter : 2973