പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഓക്സിജൻ വിതരണവും ലഭ്യതയും സംബന്ധിച്ച് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു് കൂട്ടി

Posted On: 22 APR 2021 3:59PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള ഓക്സിജൻ വിതരണം അവലോകനം ചെയ്യുന്നതിനും അതിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള  മാർഗങ്ങൾ  ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉന്നതതല യോഗം  വിളിച്ചു്  കൂട്ടി.  ഓക്സിജന്റെ വിതരണം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു.

ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിക്കുക, വിതരണ വേഗം  കൂട്ടുക , ആരോഗ്യ സൗകര്യങ്ങൾക്ക് ഓക്സിജൻ പിന്തുണ നൽകുന്നതിന് നൂതന മാർഗങ്ങൾ  അവലംബിക്കുക തുടങ്ങി ഒന്നിലധികം കാര്യങ്ങളിൽ അതിവേഗം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.

ഓക്സിജന്റെ ആവശ്യകത  തിരിച്ചറിയുന്നതിനും അതിനനുസരിച്ച് ആവശ്യമായ വിതരണം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് വിപുലമായ ഒരു പരിപാടി നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം ക്രമത്തിൽ  വർദ്ധിക്കുന്നത് എങ്ങനെയെന്നും  പ്രധാനമന്ത്രിയെ ധരിപ്പിച്ചു . 20 സംസ്ഥാനങ്ങളിൽ നിന്നുള്ള  6,785 മെട്രിക് ടൺ  ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ  നിലവിലെ പ്രതിദിന  ആവശ്യത്തിനെതിരെ, ഏപ്രിൽ 21 മുതൽ കേന്ദ്ര  ഗവൺമെന്റ് ഈ സംസ്ഥാനങ്ങൾക്ക് പ്രതിദിനം 6,822 മെട്രിക് ടൺ വകയിരുത്തിയിട്ടുണ്ട്.

പൊതു, സ്വകാര്യ,  സ്റ്റീൽ പ്ലാന്റുകൾ, വ്യവസായങ്ങൾ, ഓക്സിജൻ നിർമ്മാതാക്കൾ,  എന്നിവയുടെ ശ്രമഫലമായും ,   ഓക്സിജൻ ആവശ്യമില്ലാത്ത  വ്യവസായങ്ങൾക്കുള്ള  വിതരണം നിരോധിച്ചതും  വഴി 
 കഴിഞ്ഞ ഏതാനും  ദിവസങ്ങൾക്കിടെ ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ  പ്രതിദിനം ലഭ്യത  3,300 മെട്രിക് ടൺ  വർദ്ധിച്ചു. 

അനുവദിച്ച പി‌എസ്‌എ ഓക്സിജൻ പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തിപ്പിക്കാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം സുഗമവും തടസ്സവുമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. തടസ്സമുണ്ടായാൽ പരിഹരിക്കേണ്ടതിന്റെ  ഉത്തരവാദിത്തം പ്രാദേശിക ഭരണകൂദങ്ങൾക്കായിരിക്കുമെന്ന്  അദ്ദേഹം പറഞ്ഞു . ഓക്സിജന്റെ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ നൂതന മാർഗങ്ങൾ ആരായാൻ അദ്ദേഹം മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

നൈട്രജൻ, ആർഗോൺ ടാങ്കറുകളുടെ പരിവർത്തനം, ടാങ്കറുകളുടെ ഇറക്കുമതി, വിമാനമാര്‍ഗ്ഗം എത്തിക്കൽ  എന്നിവയിലൂടെയും നിർമ്മാണത്തിലൂടെയും ക്രയോജനിക് ടാങ്കറുകളുടെ ലഭ്യത അതിവേഗം വർദ്ധിപ്പിക്കുന്നതിന് വിവിധ നടപടികൾ സ്വീകരിച്ചുവരുന്നു.

സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വേഗത്തിൽ എത്തിക്കുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ടാങ്കറുകളുടെ വേഗത്തിലുള്ളതും നിർത്താതെയുള്ളതുമായ ദീർഘദൂര ഗതാഗതത്തിന് റെയിൽവേ ഉപയോഗിക്കുന്നുണ്ട് . 105 മെട്രിക് ടൺ ദ്രവീകൃത  മെഡിക്കൽ  ഓക്സിജൻ എത്തിക്കുന്നതിനായി  മുംബൈയിൽ നിന്ന് വിശാഖപട്ടണത്തേയ്ക്കു  ആദ്യ റേക്ക് എത്തി. അതുപോലെ, ശൂന്യമായ ഓക്സിജൻ ടാങ്കറുകളും ഓക്സിജൻ വിതരണക്കാർക്ക് വിമാനമാർഗം എത്തിച്ചു കൊടുക്കുന്നു. 

ഓക്സിജന്റെ ന്യായമായ ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചും ചില സംസ്ഥാനങ്ങളിലെ രോഗികളുടെ അവസ്ഥയെ ബാധിക്കാതെ ഓക്സിജന്റെ ആവശ്യം കുറയ്ക്കുന്നതിനെ  കുറിച്ചും ഒരു ഓഡിറ്റ് നടത്തണമെന്ന്   മെഡിക്കൽ  രംഗത്ത്  നിന്നുള്ള പ്രതിനിധികൾ നിർദേശിച്ചു.

പൂഴ്ത്തിവയ്പ്പിനെതിരെ  സംസ്ഥാനങ്ങൾ കർശന നടപടികൾ  കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി 
ഊന്നിപ്പറഞ്ഞു.

യോഗത്തിൽ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, ഫാർമസ്യൂട്ടിക്കൽസ് മന്ത്രാലയം, നിതി ആയോഗ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ  തുടങ്ങിയവർ  പങ്കെടുത്തു.



(Release ID: 1713403) Visitor Counter : 362