പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീമദ് ഭഗവദ്ഗീതയിലെ ശ്ലോകങ്ങളെക്കുറിച്ച് 21 പണ്ഡിതരുടെ വ്യാഖ്യാനങ്ങളോടെയുള്ള കൈയെഴുത്തുപ്രതി പ്രധാനമന്ത്രി പുറത്തിറക്കി

Posted On: 09 MAR 2021 6:08PM by PIB Thiruvananthpuram

ശ്രീമദ് ഭാഗവദ്ഗീതയിലെ ശ്ലോകങ്ങളെക്കുറിച്ച് 21 പണ്ഡിതരുടെ വ്യാഖ്യാനങ്ങളുള്ള കൈയെഴുത്തുപ്രതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുറത്തിറക്കി.  ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹയും ജമ്മു കശ്മീര്‍ ധർമാർത്ഥ  ട്രസ്റ്റ് ചെയര്‍മാന്‍ ട്രസ്റ്റി ഡോ. കരണ്‍ സിങ്ങും പങ്കെടുത്തു.

 ഇന്ത്യന്‍ തത്ത്വചിന്തയിൽ   ഡോ. കരണ്‍ സിംഗ് നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അദ്ദേഹത്തിന്റെ പരിശ്രമം നൂറ്റാണ്ടുകളായി ഇന്ത്യയുടെ ചിന്താ പാരമ്പര്യത്തെ നയിച്ച ജമ്മുവിന്റെയും കശ്മീരിന്റെയും സ്വത്വത്തെ പുനരുജ്ജീവിപ്പിച്ചു. ഗീതയെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിനായി ആയിരക്കണക്കിന് പണ്ഡിതന്മാര്‍ തങ്ങളുടെ മുഴുവന്‍ ജീവിതവും സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരൊറ്റ വേദഗ്രന്ഥത്തിലെ    ഓരോ വാക്യത്തിലും വ്യത്യസ്ത വ്യാഖ്യാനങ്ങളുടെ വിശകലനത്തിലും നിരവധി നിഗൂഢതകളുടെ ആവിഷ്‌കാരത്തിലും ഇത് വ്യക്തമായി കാണാന്‍ കഴിയും.   ഇന്ത്യയുടെ പ്രത്യയശാസ്ത്ര സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമാണിതെന്നും ഇത് ഓരോ വ്യക്തിക്കും സ്വന്തം കാഴ്ചപ്പാട്  ഉണ്ടാകാനും  പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യയെ ഒന്നിപ്പിച്ച ആദി ശങ്കരാചാര്യർ  ഗീതയെ ആത്മീയ ബോധമായിട്ടാണ് കണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മീയ പരിജ്ഞാനത്തിന്റെ പ്രകടനമായാണ് രാമാനുജാചാര്യരെപ്പോലുള്ള വിശുദ്ധന്മാര്‍ ഗീത അവതരിപ്പിച്ചത്. സ്വാമി വിവേകാനന്ദനെ സംബന്ധിച്ചിടത്തോളം, ഗീത അചഞ്ചലമായ ഉത്സാഹത്തിന്റെയും കീഴടക്കാന്‍ സാധിക്കാത്ത ആത്‌മവിശ്വാസത്തിന്റെയും  ഉറവിടമാണ്. ശ്രീ അരബിന്ദോയ്ക്ക്, ഗീത അറിവിന്റെയും മാനവികതയുടെയും യഥാര്‍ത്ഥ രൂപമാണ്. മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ഒരു ദീപസ്‌തംഭമായിരുന്നു  ഗീത. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദേശസ്നേഹത്തിന്റെയും വീര്യത്തിന്റെയും പ്രചോദനം ഗീതയായിരുന്നു. സ്വാതന്ത്ര്യസമരത്തിന് പുതിയ ശക്തി നല്‍കിയത്  ഗീതയാണെന്നാണ്  ബാല ഗംഗാധര്‍ തിലക് വിശദീകരിച്ചത്.

 നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ചിന്തകളുടെ സ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം, തുല്യ അവകാശങ്ങള്‍ എന്നിവ നമ്മുടെ ജനാധിപത്യം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയുടെ സംരക്ഷകരായ ജനാധിപത്യ സ്ഥാപനങ്ങളില്‍ നിന്നാണ്.  അതിനാല്‍, നമ്മുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നമ്മുടെ ജനാധിപത്യ കടമകളും നാം ഓര്‍ക്കണം.

 ലോകമെമ്പാടും എല്ലാ സൃഷ്ടികള്‍ക്കുമുള്ള ഒരു പുസ്തകമാണ് ഗീതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇത് പല ഇന്ത്യന്‍, അന്തര്‍ദ്ദേശീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, പല രാജ്യങ്ങളിലും പല അന്താരാഷ്ട്ര പണ്ഡിതന്മാരും ഗവേഷണം നടത്തുന്നു.

 അറിവ് പങ്കിടുന്നത് ഇന്ത്യയുടെ സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗണിതശാസ്ത്രം, തുണിത്തരങ്ങള്‍, ലോഹശാസ്ത്രം, ആയുര്‍വേദം എന്നിവയിലെ നമ്മുടെ അറിവ് എല്ലായ്‌പ്പോഴും മാനവിക സമ്പത്തായി കണക്കാക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ന്, ലോകത്തിന്റെ മുഴുവന്‍ പുരോഗതിക്കും മാനവികതയെ സേവിക്കുന്നതിനുമുള്ള കഴിവ് ഇന്ത്യ വീണ്ടും വളര്‍ത്തിയെടുക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ലോകം സമീപകാലത്ത് കണ്ടു. ഒരു ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ശ്രമങ്ങളില്‍ ഈ സംഭാവന ലോകത്തെ കൂടുതല്‍ വിപുലമായി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

 


(Release ID: 1703638) Visitor Counter : 178