പ്രധാനമന്ത്രിയുടെ ഓഫീസ്
വൈദ്യുതി മേഖലയില്‍ കേന്ദ്ര ബജറ്റ് ഫലപ്രദമായി നടപ്പിലാക്കുന്നതുമായി സംബന്ധിച്ച വെബിനറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
Posted On:
18 FEB 2021 6:14PM by PIB Thiruvananthpuram
എന്റെ സുഹൃത്തുക്കള്‍ക്ക് ആശംസകള്‍,
ഇന്ത്യയുടെ പുരോഗതിയിലും വികസനത്തിലും രാജ്യത്തിന്റെ ഊര്‍ജ്ജമേഖലയ്ക്ക് വലിയ പങ്കുണ്ട്. ജീവിതം അനായാസമാക്കല്‍, സുഗമമായ ബിസിനസ് നടത്തിപ്പ് എന്നിവയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന ഒരു മേഖലയാണിത്. ഇന്ന്, ആത്മനിര്‍ഭര്‍ ഭാരത്-(സ്വാശ്രയ ഇന്ത്യ) എന്ന ലക്ഷ്യത്തോടെ രാജ്യം മുന്നോട്ട് പോകുമ്പോള്‍, നമ്മുടെ ഊര്‍ജ്ജ മേഖലയ്ക്കും, പുനരുപയോഗ ഊര്‍ജ്ജത്തിന് ഊന്നല്‍ നല്‍കലിലും ഒരു പ്രധാന പങ്കുണ്ട്. ഈ മേഖലയുടെ പുരോഗതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന്, മേഖലയുമായി ബന്ധപ്പെട്ട നിരവധി വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ബജറ്റിന് മുമ്പ് തേടിയിരുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ബജറ്റുമായി വിളക്കിചേര്‍ക്കുന്നതില്‍ ഞങ്ങളുടെ ടീം ശ്രദ്ധാലുവായിരുന്നു.
ഇന്ന്, നാം കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ഈ ബജറ്റ് നിങ്ങളുടെ മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങള്‍ എല്ലാവരും സൂക്ഷ്മമായി പരിശോധിച്ചു കാണും. നിങ്ങളുടെ മേഖലയ്ക്ക് നഷ്ടമുണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയെന്നും ലാഭം കൊയ്യാവുന്നവയും ഉയര്‍ന്ന ലാഭവിഹിതം എങ്ങനെ പ്രയോജനപ്പെടുത്താം എന്നും മറ്റും നിങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഉപദേഷ്ടാക്കള്‍ കഠിന പ്രയത്‌നം നടത്തി ഒരു കരട്‌രേഖ ഇതിനകം തന്നെ തയ്യാറായി കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രവര്‍ത്തനക്ഷമമായ രംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നത് വേഗത്തിലാക്കുന്നതിനും ഇനി ഗവണ്‍മെന്റും നിങ്ങളുടെ മേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഗവണ്‍മെന്റും സ്വകാര്യമേഖലയും സജീവമായ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും തികഞ്ഞ വിശ്വാസം വളര്‍ത്തിയെടുത്ത് മുന്നോട്ട് പോകുകയും വേണം.
സുഹൃത്തുക്കളെ,
ഊര്‍ജ്ജ മേഖലയോട് ഗവണ്‍മെന്റ് ഏക്കാലത്തും സമഗ്രമായ സമീപനമാണ് പുലര്‍ത്തിപ്പോരുന്നത്. 2014 ല്‍ ഞങ്ങളുടെ പാര്‍ട്ടി അധികാരമേറ്റപ്പോള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊര്‍ജ്ജമേഖലയിലെ അവസ്ഥയെക്കുറിച്ച് നന്നായി അറിയാം. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിതരണ കമ്പനികളുടെ മോശം അവസ്ഥ ആവര്‍ത്തിക്കേണ്ടതില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉപഭോക്താക്കളുടെയും ബിസിനസുകാരുടെയും നന്മ കണക്കിലെടുത്ത് നയങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഞങ്ങള്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തി. റീച്ച്, റീന്‍ഫോഴ്സ്, റിഫോം, റിന്യൂവബിള്‍ എനര്‍ജി എന്നീ മന്ത്രങ്ങള്‍ ഞങ്ങള്‍ പ്രചരിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
ലഭ്യതയെ സംബന്ധിച്ചിടത്തോളം, സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള വീട്ടിലും വൈദ്യുതി ലഭ്യമാക്കുന്നിടത്തോളം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഞങ്ങള്‍ ഒരു മടിയും കാട്ടിയില്ല. ഇപ്പോള്‍ വൈദ്യുതി ലഭിച്ച ആളുകള്‍ക്ക് ഇത് ഒരു പുതിയ ലോകം പോലെയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും ഈ ജീവിതങ്ങള്‍ക്ക് വൈദ്യുതി ലഭ്യമായിരുന്നില്ല. നമ്മുടെ വൈദ്യുതി ശേഷിയെ കുറിച്ച് ഊന്നിപ്പറയുകയാണെങ്കില്‍, ഇന്ത്യ ഒരു വൈദ്യുതി കമ്മി രാജ്യം എന്ന നിലയില്‍ നിന്ന് മിച്ച വൈദ്യുതിയുള്ള രാജ്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നാം 139 ജിഗാ വാട്ട് ശേഷി വര്‍ദ്ധിപ്പിച്ചു. ''ഒരു രാഷ്ട്രം, ഒരു ഗ്രിഡ് - ഒരു ആവൃത്തി'' എന്ന ലക്ഷ്യവും ഇന്ത്യ നേടിയിട്ടുണ്ട്. ചില പരിഷ്‌കാരങ്ങള്‍ ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ഉദയ് യോജനയിലൂടെ രണ്ട്‌ലക്ഷത്തി 32 ആയിരം കോടി രൂപയുടെ കടപ്പത്രങ്ങള്‍ ഇറക്കി. ഇത് ഊര്‍ജ്ജ മേഖലയിലെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ കാര്യക്ഷമതയെ പ്രോത്സാഹിപ്പിച്ചു. പവര്‍ ഗ്രിഡിന്റെ ആസ്തികളുടെ ധനസമ്പാദനത്തിനായി ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് - അഥവാ ഇന്‍വിറ്റ് ഇതിനകം തന്നെ സ്ഥാപിച്ചു, ഇത് ഉടന്‍ നിക്ഷേപകര്‍ക്കായി തുറക്കപ്പെടും.
സുഹൃത്തുക്കളെ,
വൈദ്യുതിയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ശേഷി രണ്ടര ഇരട്ടി വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. ഇതേ കാലയളവില്‍, സൗരോര്‍ജ്ജത്തിന്റെ ശേഷിയില്‍ 15 മടങ്ങ് വര്‍ദ്ധനവ് ഇന്ത്യ കണ്ടു. ഇന്ന്, അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം വഴി, ഈ മേഖലയിലെ ആഗോള നേതാവായി ഇന്ത്യ ഉയര്‍ന്നു.
സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അചിന്തനീയമായ നിക്ഷേപത്തോടുള്ള പ്രതിബദ്ധത ഇന്ത്യ കാണിച്ചു. ഹൈഡ്രജന്‍ മിഷന്‍ തുടങ്ങുന്നതോ, സൗരോര്‍ജ്ജ സെല്ലുകളുടെ ആഭ്യന്തര ഉത്പാദനം അല്ലെങ്കില്‍ പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ വലിയ തോതിലുള്ള മൂലധന നിക്ഷേപം എന്നിവയൊക്കെയാണെങ്കിലും, ഇന്ത്യ ഓരോ മേഖലയ്ക്കും പ്രാധാന്യം നല്‍കുന്നു. അടുത്ത 10 വര്‍ഷത്തേക്ക് നമ്മുടെ രാജ്യത്ത് സൗരോര്‍ജ്ജ വില്‍പ്പനയ്ക്കുള്ള ആവശ്യം ഇന്നത്തെ ഉല്‍പാദന ശേഷിയേക്കാള്‍ 12 മടങ്ങ് കൂടുതലാണ്. ഒരു വലിയ വിപണി നമ്മെ കാത്തിരിക്കുന്നു. ഭാവിയിലെ സാധ്യതകളുടെ തോത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ, അതാണ് നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങളുടെ വലുപ്പം.
നമ്മുടെ കമ്പനികള്‍ ആഭ്യന്തര ഉപഭോഗ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, ലോക വിപണിയില്‍ ആധിപത്യം സ്ഥാപിക്കുകയും ആഗോള ഉല്‍പാദന ചാമ്പ്യന്മാരായി മാറുകയും ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നു.
4500 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറുള്ള പിഎല്‍ഐ പദ്ധതികളുമായി ഗവണ്‍മെന്റ് ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പിവി മൊഡ്യൂളുകളുട നിര്‍മ്മാണത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ ജിഗാ വാട്ട് തലത്തില്‍ സോളാര്‍ പിവി നിര്‍മാണ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കും. പിഎല്‍ഐ പദ്ധതിയുടെ വിജയത്തിന്റെ ഒരു നല്ല ട്രാക്ക് റെക്കോര്‍ഡ് നാം നേടിയിട്ടുണ്ട്. മൊബൈല്‍ നിര്‍മ്മാണത്തെ ഈ പദ്ധതിയുമായി ബന്ധിപ്പിച്ചയുടനെ, ധാരാളം പ്രതികരണങ്ങള്‍ നാം ഉടന്‍ കണ്ടുതുടങ്ങി. 'ഹൈ എഫിഷ്യന്‍സി സോളാര്‍ പിവി മൊഡ്യൂളുകളുടെ' കാര്യത്തിലും സമാനമായ പ്രതികരണം പ്രതീക്ഷിക്കുന്നു.
പിഎല്‍ഐ പദ്ധതി പ്രകാരം 10,000 മെഗാവാട്ട് ശേഷിയുള്ള സംയോജിത സോളാര്‍ പിവി നിര്‍മാണ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും ഏകദേശം പതിനാലായിരം കോടി രൂപ മുതല്‍മുടക്ക് നടത്തുകയും ചെയ്യും. ഇത് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ പതിനേഴായിരത്തി 500 കോടി രൂപയുടെ ഡിമാന്‍ഡ് സൃഷ്ടിക്കുമെന്ന് ഗവണ്‍മെന്റ് കണക്കാക്കുന്നു. സോളാര്‍ പിവി നിര്‍മ്മാണത്തിന്റെ മുഴുവന്‍ ആവാസ വ്യവസ്ഥയുടെയും വികസനം ത്വരിതപ്പെടുത്തുന്നതില്‍ ഈ ആവശ്യം വലിയ പങ്ക് വഹിക്കും.
സുഹൃത്തുക്കളെ,
പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ആയിരം കോടി രൂപ അധിക മൂലധന സമാഹരണത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതുപോലെ തന്നെ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സിയില്‍ 1500 കോടി രൂപ അധിക നിക്ഷേപം നടത്തും. ഇതും ഒരു സുപ്രധാന ചുവടുവെയ്പ്പാണ്.
സുഹൃത്തുക്കളെ,
ഊര്‍ജ്ജമേഖലയില്‍ ബിസിനസ്സ് നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിന്, നിയന്ത്രണ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രചാരണവും ഗവണ്‍മെന്റ് ആരംഭിച്ചു. ഊര്‍ജ്ജമേഖലയെ മുമ്പ് എങ്ങനെ കണ്ടുവെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്. ഇന്ന് നടക്കുന്ന എല്ലാ പരിഷ്‌കാരങ്ങളും ഊര്‍ജ്ജ വ്യവസായത്തിന്റെ ഭാഗമായി കണക്കാക്കുന്നതിനുപകരം ഊര്‍ജ്ജത്തെ ഒരു സ്വതന്ത്ര മേഖലയായി കണക്കാക്കുന്നു. ഊര്‍ജ്ജമേഖല പലപ്പോഴും വ്യാവസായിക മേഖലയുടെ പിന്തുണാ സംവിധാനമായി കാണുന്നു. അതേസമയം വൈദ്യുതി പ്രധാനപ്പെട്ടതാണ്. ഈ പ്രാധാന്യം കേവലം വ്യവസായങ്ങള്‍ മൂലമല്ല. അതുകൊണ്ടാണ് സാധാരണക്കാര്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതില്‍ ഇന്ന് വളരെയധികം ശ്രദ്ധ ചെലുത്തുന്നത്.
ഗവണ്‍മെന്റ് നയങ്ങളുടെ ഫലം എന്താണെന്ന് വച്ചാല്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത ഇന്ന് റെക്കോര്‍ഡ് നിലയിലെത്തി. രാജ്യത്തുടനീളം വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ വ്യാപൃതരാണ്. ഇതിനായി വിതരണ കമ്പനികളുമായി ബന്ധപ്പെട്ട് ആവശ്യമായ നയങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഉണ്ടാക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് മറ്റ് ചില്ലറ സാധനങ്ങള്‍ കിട്ടുന്നതുപോലെ വൈദ്യുതിയും ലഭ്യമാക്കണം എന്ന് ഞങ്ങള്‍ വിശ്വാസിക്കുന്നു.
വിതരണ രംഗത്ത് ബാറ്ററികളുടെ ഉപയോഗം കുറയ്ക്കാനും വൈദ്യുതി വിതരണ ലൈസന്‍സ് സൗജന്യമാക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. പ്രീ പെയ്ഡ് സ്മാര്‍ട് മീറ്റര്‍, ഫീഡര്‍ തരംതിരിക്കല്‍ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്‍ വൈദ്യുതി വിതരണ കമ്പനികളെ സഹായിക്കുന്നതിനുള്ള ഒരു പദ്ധതി ഗവണ്‍മെന്റ് തയ്യാറാക്കി വരികയാണ്.
സുഹൃത്തുക്കളെ,
സൗരോര്‍ജ്ജ ചെലവ് ഇന്ത്യയില്‍ വളരെ കുറവാണ്. ഇതുമൂലം ആളുകള്‍ സൗരോര്‍ജ്ജം കൂടുതല്‍ എളുപ്പത്തില്‍ സ്വീകരിക്കുന്നു. പ്രധാനമന്ത്രി കുസും പദ്ധതി അന്നദാതാക്കളെ, നമ്മുടെ കര്‍ഷകരെ ഊര്‍ജ്ജ ദാതാക്കളാകാന്‍ പ്രാപ്തരാക്കുന്നു. ഈ പദ്ധതിയിലൂടെ കര്‍ഷകരുടെ വയലുകളില്‍ ചെറിയ വൈദ്യുത നിലയങ്ങള്‍ സ്ഥാപിച്ച് 30 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതുവരെ, നാം ഏകദേശം 4 ജിഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 2.5 ജിഗാവാട്ട് ഉടന്‍ ചേര്‍ക്കും. പുരപ്പുറ പദ്ധതികളിലൂടെ മാത്രം അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 40 ജിഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
സുഹൃത്തുക്കളെ,
വരും ദിവസങ്ങളില്‍, ഊര്‍ജ്ജമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ ഊര്‍ജ്ജം പകരാന്‍ പോകുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളുടെ ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇന്ന് രാജ്യത്തെ ഊര്‍ജ്ജമേഖല പുതിയ ഊര്‍ജ്ജസ്വലതയോടെ ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്. നിങ്ങളും ഈ യാത്രയില്‍ ഒരു പങ്കാളിയാകണം. നിങ്ങള്‍ അതിനെ മുന്നില്‍ നിന്ന് നയിക്കണം.
ബഹുമാനപ്പെട്ട വിദഗ്ദ്ധര്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകളും ശുപാര്‍ശകളും ഉപയോഗിച്ച് ഈ വെബിനാര്‍ ഇന്ന് അര്‍ത്ഥപൂര്‍വ്വമായി സമാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബജറ്റ് കൊണ്ടുവരാന്‍, ഗവണ്‍മെന്റിലെ മുഴുവന്‍ ടീമും വളരെയധികം പരിശ്രമിക്കുകയും വിവിധ കാഴ്ചപ്പാടുകള്‍ നിരീക്ഷിക്കുകയും കൂടിയാലോചനയില്‍ ഏര്‍പ്പെടുകയും വേണം. എന്റെ അഭിപ്രായത്തില്‍, ബജറ്റ് പ്രഖ്യാപിച്ചയുടന്‍ തന്നെ അത്തരമൊരു മഹത്തായ ശ്രമത്തില്‍ ഏര്‍പ്പെടുന്നത് തീര്‍ച്ചയായും പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിന് വളരെയധികം പ്രയോജനകരവും നിര്‍ണായകവുമാണ്. ബജറ്റിന്റെ നടത്തിപ്പ് നമുക്ക് വേഗത്തിലാക്കണം. നാം ഒരു മാസം മുമ്പേ ബജറ്റ് പ്രഖ്യാപിക്കാന്‍ തുടങ്ങി, അതിനര്‍ത്ഥം ഒരു മാസം മുമ്പുതന്നെ സാമ്പത്തിക പുരോഗതി ഉയര്‍ത്തേണ്ടതുണ്ട്. ഏപ്രിലിലാണ് ബജറ്റ് നടപ്പിലാക്കേണ്ടത്, അതിനാല്‍ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം അങ്ങേയറ്റം വിലപ്പെട്ടതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അപ്പോള്‍ നാം ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടാല്‍, നമുക്ക് ആസൂത്രണ സമയത്തിന്റെ ഒരു മാസം നഷ്ടപ്പെടും.
മെയ് അവസാനത്തോടെ നമ്മുടെ രാജ്യത്ത് മഴക്കാലം ആരംഭിക്കും, അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഏകദേശം മൂന്ന് മാസത്തേക്ക് തടസ്സപ്പെടും. ഏപ്രില്‍ മാസത്തില്‍ തന്നെ പണി ആരംഭിച്ചാല്‍, അടിസ്ഥാന സൗകര്യവികസനത്തിനായി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദങ്ങളില്‍ നമുക്ക് ധാരാളം സമയം ലഭിക്കും. അങ്ങനെ, ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ മഴയുടെ പാദത്തിലെ വെല്ലുവിളികള്‍ ഒഴിവാക്കാന്‍ നമുക്ക് കഴിയും. നടപ്പാക്കുന്നതിന് ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നാം ബജറ്റ് അവതരണം ഒരു മാസം മുമ്പെ ആക്കി. ശക്തമായ നടപ്പാക്കലിനായി ഗവണ്‍മെന്റ് സജീവമായ നടപടികള്‍ കൈക്കൊള്ളുന്നു, ഒപ്പം ബന്ധപ്പെട്ട എല്ലാ പങ്കാളികള്‍ക്കും പിന്തുണ നല്‍കുന്നതില്‍ ഒരു പടി മുന്നിലായിരിക്കും. അതിനാല്‍, നിങ്ങള്‍ എല്ലാവരും അതിന്റെ പ്രയോജനം നേടണം. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിന് വ്യക്തമായ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വരാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. എന്റെ ടീം നിങ്ങളുമായി വിശദമായി ചിന്തിക്കും, ഒപ്പം നാം ഇരുകൂട്ടരും കൈകോര്‍ത്ത് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും.
ഈ വെബിനാറിന്റെ വിജയത്തിനായി ഞാന്‍ ആശംസകള്‍ നേരുന്നു. ഇത് വന്‍ വിജയവും കേന്ദ്രീകൃതവുമായ ചര്‍ച്ചകളാല്‍ സമ്പന്നവുമാകാട്ടെ. നടപ്പാക്കല്‍- ഞാന്‍ ഊന്നല്‍ നല്‍കുന്നത് നടപ്പാക്കലിനാണ്. ഇത് ആവര്‍ത്തിച്ച് ഉറപ്പാക്കുക.
വളരെ വളരെ നന്ദി.
***
(Release ID: 1699897)
Visitor Counter : 330
Read this release in:
English
,
Urdu
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada