പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേരളത്തില്‍ ഊര്‍ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു

ഇന്ന് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയും വിവിധ മേഖലകളെ ഉള്‍ക്കൊള്ളുകയും ചെയ്യും: പ്രധാനമന്ത്രി

ഇന്ത്യയുടെ സൗരോര്‍ജ ശേഷി കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 13 മടങ്ങ് വര്‍ധിച്ചു: പ്രധാനമന്ത്രി

നമ്മുടെ അന്നദാതാക്കളെ ഊര്‍ജദാതാക്കളാക്കാന്‍ കര്‍ഷകരെ സൗരോര്‍ജ മേഖലയുമായി ബന്ധിപ്പിച്ചു: പ്രധാനമന്ത്രി

വികസനത്തിനും മികച്ച ഭരണത്തിനും ജാതി, മതം, വംശം, ലിംഗം, ഭാഷ എന്നിവ പ്രസക്തമല്ല: പ്രധാനമന്ത്രി

Posted On: 19 FEB 2021 6:22PM by PIB Thiruvananthpuram

 


പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, വൈദ്യുതി-പാരമ്പര്യേതര- പുനരുല്‍പ്പാദക ഊര്‍ജ സഹമന്ത്രി ശ്രീ രാജ്കുമാര്‍ സിങ്, ഭവന -നഗരകാര്യ സഹമന്ത്രി ശ്രീ ഹര്‍ദീപ് സിങ് പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ന് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നതായും വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന മനോഹരമായ കേരളത്തെ അവ ശാക്തീകരിക്കും.

അതിനൂതന സാങ്കേതിക വിദ്യയായ വോള്‍ട്ടേജ് സോഴ്‌സ് കണ്‍വെര്‍ട്ടര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ പ്രസരണ ശൃംഖലയാണ് ഇന്ന് ഉദ്ഘാടനം ചെയ്ത 2000 മെഗാവാട്ട് പുഗലൂര്‍-തൃശൂര്‍ ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് സിസ്റ്റമെന്നു പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ഊര്‍ജ ശൃംഖലയുമായുള്ള കേരളത്തിന്റെ ആദ്യ എച്ച് വി ഡി സി ഇന്റര്‍കണക്ഷനാണിത്. കേരളത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍  ഇതു സഹായകമാകും. ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനത്തിന്റെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ദേശീയ ശൃംഖലയില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനെയാണ് കേരളം പ്രധാനമായും ആശ്രയിക്കുന്നത്. എച്ച് വി ഡി സി സംവിധാനം ഈ മേഖലയിലെ വിടവ് നികത്താന്‍ സഹായിക്കുന്നു. ഈ പദ്ധതിക്കായി ഉപയോഗിച്ച എച്ച് വി ഡി സി ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നും അത് ആത്മനിര്‍ഭര്‍ ഭാരത് പ്രസ്ഥാനത്തിന് കരുത്ത് പകരുന്നതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗരോര്‍ജത്തിലൂടെ നാം കൊയ്ത നേട്ടങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കരുത്തുറ്റ പ്രതികരണം ഉറപ്പാക്കുന്നു; ഇത് നമ്മുടെ സംരംഭകര്‍ക്ക് ഉത്തേജനം പകരുകയും ചെയ്യുന്നു. നമ്മുടെ അന്നദാതാക്കളെ ഊര്‍ജദാതാക്കളാക്കുന്നതിന് കര്‍ഷകരെയും സൗരോര്‍ജ മേഖലയുമായി ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി-കുസും യോജന പ്രകാരം 20 ലക്ഷത്തിലധികം സൗരോര്‍ജ പമ്പുകളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യയുടെ സൗരോര്‍ജ ശേഷി 13 മടങ്ങ് വര്‍ധിച്ചു. അന്താരാഷ്ട്ര സൗര സഖ്യത്തിലൂടെ ഇന്ത്യ ലോകത്തെ ഒന്നിപ്പിച്ചു. നമ്മുടെ നഗരങ്ങള്‍ വളര്‍ച്ചയുടെ എന്‍ജിനുകളും നൂതനാശയങ്ങളുടെ ഊര്‍ജകേന്ദ്രങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നഗരങ്ങളില്‍ പ്രോത്സാഹജനകമായ മൂന്ന് പ്രവണതകളാണ് കാണുന്നത്: സാങ്കേതിക വികാസം, അനുകൂലമായ ജനസംഖ്യാ പ്രാതിനിധ്യം, വര്‍ധിച്ചു വരുന്ന ആഭ്യന്തര ആവശ്യം.

സ്മാര്‍ട്ട് സിറ്റീസ് ദൗത്യത്തിനു കീഴിലുള്ള സംയോജിത നിര്‍ദേശ നിയന്ത്രണ കേന്ദ്രങ്ങള്‍ നഗരങ്ങളെ ആസൂത്രണത്തിലും നിര്‍വഹണത്തിലും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 54 നിയന്ത്രണകേന്ദ്ര പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നു പ്രഖ്യാപിച്ച അദ്ദേഹം അത്തരത്തിലുള്ള 30 പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണെന്നും പറഞ്ഞു. മഹാമാരിക്കാലത്ത് പ്രത്യേകിച്ചും, ഈ കേന്ദ്രങ്ങള്‍ പ്രയോജനപ്രദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റീസ് ദൗത്യത്തിനു കീഴില്‍ കേരളത്തിലെ രണ്ടു സ്മാര്‍ട്ട് നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവ വലിയ പുരോഗതിയാണു കൈവരിച്ചത്. 773 കോടി രൂപയുടെ 27 പദ്ധതികള്‍ പൂര്‍ത്തിയാക്കി; 2000 കോടി രൂപയുടെ 68 പദ്ധതികളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.


നഗരങ്ങളിലെ മലിനജല ശുദ്ധീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും നവീകരിക്കാനും അമൃത് സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ 1100 കോടിയിലധികം രൂപ ചെലവില്‍ 175 ജലവിതരണ പദ്ധതികള്‍ അമൃതിന് കീഴില്‍ ഏറ്റെടുത്തിട്ടുണ്ട്.  9 അമൃത് നഗരങ്ങളില്‍ മികച്ച പരിരക്ഷ നല്‍കിയിട്ടുണ്ട്. 70 കോടി രൂപ ചെലവഴിച്ചാണ് ഇന്ന് ഉദ്ഘാടനം ചെയ്ത അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് 13 ലക്ഷത്തോളം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തും. നേരത്തെ പ്രതിദിനം വിതരണം ചെയ്തിരുന്ന 100 ലിറ്ററില്‍ നിന്ന് തിരുവനന്തപുരത്തെ പ്രതിശീര്‍ഷ ജലവിതരണം പ്രതിദിനം 150 ലിറ്ററായി ഉയര്‍ത്താനും ഇത് സഹായിക്കും.

ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതം ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ ഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്ന 'സ്വരാജ്യ'ത്തിന് ശിവാജി ഊന്നല്‍ നല്‍കിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ നാവികസേന ശിവാജി കെട്ടിപ്പടുത്തിട്ടുണ്ടെന്നും തീരദേശ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും വേണ്ടി കഠിനമായി പരിശ്രമിച്ചുവെന്നും ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ വീക്ഷണത്തെ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തതയിലേക്കുള്ള വഴിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ നിരവധി പരിഷ്‌കരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രയത്‌നങ്ങള്‍ രാജ്യത്തെ കഴിവുള്ള നിരവധി യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കും. നീല സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കായുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഇനിപ്പറയുന്നവയെ അടിസ്ഥാനമാക്കിയുള്ളതാണ്: കൂടുതല്‍ നിക്ഷേപം, മികച്ച സാങ്കേതികവിദ്യ, ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണയേകുന്ന ഗവണ്‍മെന്റ് നയങ്ങള്‍. ഇന്ത്യ കടല്‍വിഭവ കയറ്റുമതിയുടെ കേന്ദ്രമായി മാറുമെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നയങ്ങള്‍ സഹായിക്കമെന്നും അദ്ദേഹം പറഞ്ഞു.


''ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി
ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!''
എന്ന മഹാകവി കുമാരനാശാന്റെ വരികള്‍ ഉദ്ധരിച്ച്, വികസനത്തിനും മികച്ച ഭരണത്തിനും ജാതി, മതം, വംശം, ലിംഗം, ഭാഷ എന്നിവ പ്രസക്തമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനം എല്ലാവര്‍ക്കുമായുള്ളതാണ്. അതാണ് 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്നിവയുടെ സാരം. ഐക്യത്തിനും വികസനത്തിനുമായി പങ്കുവയ്ക്കപ്പെട്ട ഈ ദര്‍ശനം സാക്ഷാത്കരിക്കാന്‍ കേരളത്തിലെ ജനങ്ങളുടെ പിന്തുണയും പ്രധാനമന്ത്രി  ആവശ്യപ്പെട്ടു


(Release ID: 1699482) Visitor Counter : 208