പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി മോദി


കേരളത്തില്‍ വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യാഗവണ്‍മെന്റ് നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്: പ്രധാനമന്ത്രി

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഗവണ്‍മെന്റിന്റെ പൂര്‍ണ പിന്തുണ: പ്രധാനമന്ത്രി

Posted On: 14 FEB 2021 6:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ കൊച്ചിയില്‍ നിരവധി പദ്ധതികളുടെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , കേന്ദ്ര മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ, ശ്രീ വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ വിവിധ മേഖലകള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവ ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കും. വിദേശ വിനിമയ രംഗത്ത് സഹായകരമാകുന്നതിനാല്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രോപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) സ്വയം പര്യാപ്ത ഭാരതം എന്ന രാജ്യത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കും. ഇത് വഴി നിരവധി വ്യവസായങ്ങള്‍ക്ക് ഗുണം ലഭിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതുപോലെ തന്നെ റോ-റോ വെസല്‍സ് മുഖേന 30 കിലോമീറ്റര്‍ റോഡ് ദൈര്‍ഘ്യം ജലപാത വഴി 3.5 കിലോമീറ്ററായി കുറയുകയും അത് വഴി ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന വികസനത്തിന് കേന്ദ്രം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാഗരിക എന്ന അന്താരാഷ്ട്ര കപ്പല്‍ ടെര്‍മിനല്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് ഇതിന്റെ ഒരു ഉദാഹരണമാണ്. സാഗരിക ഒരു ലക്ഷത്തിലധികം കപ്പലുകളെ സ്വീകരിക്കാന്‍ ശേഷിയുള്ള ടെര്‍മിനലാണ്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിനോദ സഞ്ചാര രംഗത്തുണ്ടായ മാന്ദ്യം പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത് പ്രാദേശികമായി ജനങ്ങള്‍ക്ക് ജീവിത നിലവാരം വര്‍ദ്ധിക്കുന്നതിനും നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് യുവജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അറിവ് ലഭിക്കുന്നതിനും കാരണമാകും. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നവീന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ വിനോദ സഞ്ചാര മേഖല മികച്ച രീതിയിലാണ് വളരുന്നത്. ലോക വിനോദ സഞ്ചാര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 65ല്‍ നിന്ന് 34ല്‍ എത്തിയതായി അദ്ദേഹം അറിയിച്ചു.

ശേഷി വര്‍ധിപ്പിക്കലും അടിസ്ഥാന സൗകര്യ വികസനവും ദേശീയ വികസനത്തിന്റെ രണ്ടു പ്രധാന ഘടകങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട വിജ്ഞാന്‍ സാഗറും സൗത്ത് കോള്‍ ബെര്‍ത്തിന്റെ പുനര്‍നിര്‍മാണവും ഇതിലേക്ക് സംഭാവന ചെയ്യും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ പുതിയ വിജ്ഞാന ക്യാമ്പസായ വിജ്ഞാന്‍ സാഗര്‍ മറൈന്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. സൗത്ത് കോള്‍ ബെര്‍ത്ത്, ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുകയും കാര്‍ഗോ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ന് അടിസ്ഥാന സൗകര്യം എന്നതിന്റെ നിര്‍വചനവും പരിധിയും മാറിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് മികച്ച റോഡുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും കുറച്ച് നാഗരിക റോഡുകള്‍ ബന്ധിപ്പിക്കുന്നതിനുമപ്പുറമാണ്. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്താകെ അടിസ്ഥാന സൗകര്യ വികസനത്തിനായി 110 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

''ഈ രംഗവുമായി ബന്ധപ്പെട്ട ഞങ്ങളുടെ ലക്ഷ്യവും പ്രവര്‍ത്തനവും കൂടുതല്‍ തുറമുഖങ്ങള്‍ സ്ഥാപിക്കുന്നത്, നിലവിലെ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, ഓഫ്ഷോര്‍ ഊര്‍ജം, സുസ്ഥിര തീരദേശ വികസനം, തീരദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു''- നീല സമ്പദ്‌വ്യവസ്ഥയുടെ വികസനത്തെക്കുറിച്ച് രാജ്യത്തിന്റെ പദ്ധതി വിശദീകരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പ്രധാന്‍ മന്ത്രി മത്സ്യസമ്പദ യോജനയെക്കുറിച്ച് സംസാരിക്കവേ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയില്‍ അവസരങ്ങളുണ്ട്. മത്സ്യത്തൊഴിലാളികളെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ കടല്‍ വിഭവങ്ങളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന്റെ വികസനത്തിനായി നിര്‍ണായക പദ്ധതികളും തുകയും വകയിരുത്തിയിട്ടുണ്ട്. ഇതില്‍ കൊച്ചി മെട്രോയുടെ അടുത്ത ഘട്ടവും ഉള്‍പ്പെടുന്നു.

കൊറോണയെ രാജ്യം ശക്തമായി നേരിട്ടതിനെക്കുറിച്ച് സംസാരിക്കവേ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ഗവണ്‍മെന്റ് ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനമാണ്. വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി 50 ലക്ഷത്തിലധികം പ്രവാസികള്‍ മാതൃരാജ്യത്തേക്ക് മടങ്ങി വന്നു. ഇതില്‍ വലിയൊരു ഭാഗം കേരളത്തില്‍ നിന്നുള്ളവരായിരുന്നു. ഗള്‍ഫില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിച്ച ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ''എന്റെ പ്രത്യേക അഭ്യര്‍ത്ഥനയോട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യക്കാരുടെ തിരിച്ചുവരവിന് അവര്‍ മുന്‍ഗണന നല്‍കി. ആ നടപടി ഊര്‍ജിതമാക്കാന്‍ ഞങ്ങള്‍ എയര്‍ ബബിളുകള്‍ സജ്ജമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ ഈ ഗവണ്‍മെന്റ് ഉറപ്പാക്കിയിരിക്കുന്നതായി അവര്‍ മനസിലാക്കണം''- പ്രധാനമന്ത്രി പറഞ്ഞു.

 

***
 



(Release ID: 1697996) Visitor Counter : 212