ധനകാര്യ മന്ത്രാലയം
ആത്മ നിര്‍ഭര്‍ ഭാരതിന്റെ ആറു പ്രധാന സ്തംഭങ്ങളില്‍ ഒന്ന് ആരോഗ്യവും ക്ഷേമവും
ജലം, ശുചിത്വം, ശുദ്ധമായ വായു എന്നിവ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങള്‍
2,87,000 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്‍ (അര്‍ബന്‍) പ്രഖ്യാപിച്ചു
അര്‍ബന്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0ന് 1,41,678 കോടി രൂപ അനുവദിച്ചു
വര്‍ധിച്ചുവരുന്ന വായു മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിന് 2,217 കോടി രൂപ
സ്വമേധയാ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു
Posted On:
01 FEB 2021 2:04PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2021-22 കേന്ദ്ര ബജറ്റില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നലും പ്രധാന ഇടവും ലഭിച്ചു. അവ ആത്മ നിര്‍ഭര്‍ ഭാരതിന്റെ അടിസ്ഥാനമായി മാറുന്നു. ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം കുത്തനെ വര്‍ധനയുണ്ടായി. സാര്‍വത്രിക ആരോഗ്യം കൈവരിക്കുന്നതിനുള്ള ഒരു ആവശ്യകതയെന്ന നിലയില്‍ ലോകാരോഗ്യ സംഘടന ശുദ്ധമായ ജലം, ശുചിത്വം, ശുദ്ധമായ പരിസ്ഥിതി എന്നിവയുടെ പ്രാധാന്യം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞതായി ചൂണ്ടിക്കാണിച്ച ബജറ്റ് ഈ മേഖലകള്‍ക്ക് കാര്യമായ വിഹിതം നല്‍കിയിട്ടുണ്ട്.
ജല്‍ ജീവന്‍ മിഷന്‍ (അര്‍ബന്‍)
ജല്‍ ജീവന്‍ മിഷന്‍ (അര്‍ബന്‍) ആരംഭിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു. 2.86 കോടി ഗാര്‍ഹിക ടാപ്പ് കണക്ഷനുകളുള്ള 4,378 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സാര്‍വത്രിക ജലവിതരണവും 500 അമൃത് നഗരങ്ങളില്‍ ദ്രവ മാലിന്യ നിര്‍മാര്‍ജനവും ലക്ഷ്യമിടുന്നു. 2,87,000 കോടി രൂപ വിഹിതം നല്‍കി 5 വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കും.
സ്വച്ഛ് ഭാരത്, സ്വസ്ഥ് ഭാരത്
നാഗരിക ഇന്ത്യയുടെ കൂടുതല്‍ സ്വച്ഛതയ്ക്കായി, സമ്പൂര്‍ണ മലമൂത്ര മാലിന്യ പരിപാലനം, മലിനജല സംസ്‌കരണം, മാലിന്യങ്ങളുടെ ഉറവിട വിഭജനം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുറയ്ക്കല്‍, നിര്‍മ്മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലൂടെ വായു മലിനീകരണം കുറയ്ക്കല്‍, എല്ലാ പരമ്പരാഗത മാലിന്യ കേന്ദ്രങ്ങളുടെയും ജൈവ പുനര്‍നിര്‍മ്മാണം എന്നിവയ്ക്കു ബജറ്റില്‍ ശ്രദ്ധ കല്‍പിച്ചിട്ടുണ്ട്. 2021-2026 മുതല്‍ 5 വര്‍ഷ കാലയളവില്‍ മൊത്തം 1,41,678 കോടി രൂപ അനുവദിച്ചുകൊണ്ട് അര്‍ബന്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0 നടപ്പാക്കും.
ശുദ്ധ വായു
വര്‍ധിച്ചുവരുന്ന വായു മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള 42 നഗര കേന്ദ്രങ്ങള്‍ക്ക് 2,217 കോടി രൂപ നല്‍കുമെന്ന നിര്‍ദേശം ഞാന്‍ ബജറ്റില്‍ വെക്കുന്നു.
പൊളിക്കല്‍ നയം
പഴയതും ഉപയോഗ യോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് സ്വമേധയാ ഉള്ള വാഹനം പൊളിക്കല്‍ നയം കേന്ദ്ര ബജറ്റിന്റെ നിര്‍ണായക ഭാഗമാണ്. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വാഹന മലിനീകരണവും എണ്ണ ഇറക്കുമതി ബില്ലും കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വ്യക്തിഗത വാഹനങ്ങള്‍ 20 വര്‍ഷത്തിനുശേഷം വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവും ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സെന്ററുകളില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ മന്ത്രാലയം വെളിപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.
***
(Release ID: 1694027)
Visitor Counter : 342