രാഷ്ട്രപതിയുടെ കാര്യാലയം

ഇന്ത്യയുടെ 72-ാം റിപബ്ലിക് ദിനത്തിന്റെ തലേന്നാള്‍ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദ് നടത്തിയ അഭിസംബോധന

Posted On: 25 JAN 2021 7:41PM by PIB Thiruvananthpuram

പ്രിയ സഹപൗരന്മാരേ,

നമസ്‌കാരം !

ലോകത്തെ ഏറ്റവും വലുതും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. വൈവിധ്യത്താല്‍ സമ്പന്നമായ, ഒട്ടേറെ ഉത്സവങ്ങളുള്ള ഈ രാജ്യത്ത് , നമ്മുടെ ദേശീയ ഉത്സവങ്ങള്‍ എല്ലാവരും ദേശസ്‌നേഹത്തോടെ അത്യുത്സാഹപൂര്‍വം  ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനത്തിന്റെ ദേശീയ ഉത്സവം നാം ആവേശത്തോടെ ആഘോഷിക്കുകയും ദേശീയ പതാകയോടുള്ള നമ്മുടെ ആദരവും ഭരണഘടനയിലുള്ള നമ്മുടെ വിശ്വാസവും പ്രകടിപ്പിക്കുകയും ചെയ്യുന്നു .

രാജ്യത്തിനകത്തും പുറത്തും വസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഈ ദിനം വളരെയധികം അര്‍ത്ഥപൂര്‍ണമാകുന്നു. എഴുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇതേ ദിവസം , ഇന്ത്യയിലെ ജനങ്ങളായ നാം, ഒരു അതുല്യമായ ഭരണഘടന അംഗീകരിച്ചു, നടപ്പാക്കി, നമുക്ക് നല്‍കി. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും നിശബ്ദമായി ചിന്തിക്കാനുള്ള ദിവസമാണിത്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ വിവരിച്ചിരിക്കുന്ന ഈ മൂല്യങ്ങള്‍ -  നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമുക്കെല്ലാവര്‍ക്കും പവിത്രമാണ്. ഇതിന്റെ നിയമനുവര്‍ത്തിയായ പാലനം ഭരണകര്‍ത്താക്കള്‍ക്ക്  മാത്രമല്ല, ജനങ്ങള്‍ക്ക് മൊത്തത്തിലും ബാധകമാണ്.

നമ്മുടെ ജനാധിപത്യത്തിന്റെ സൗധം നിലകൊള്ളുന്ന അടിത്തറ കെട്ടിപ്പടുക്കുന്നതിനായി ഭരണഘടന രൂപവത്കരിച്ച പ്രതിഭാശാലികളായ  പുരുഷന്മാരും വനിതകളും  ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ ഈ നാല് പദങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് കാരണം കൂടാതെയല്ല. വാസ്തവത്തില്‍, ഇവയാണ് നമ്മുടെ സ്വാതന്ത്ര്യസമരത്തെ നയിച്ച മൂല്യങ്ങള്‍. ബാലഗംഗാധര 'തിലകന്‍', ലാല ലജ്പത് റായ്, മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ഒരു കൂട്ടം മഹാന്മാരും ചിന്തകരും നമ്മുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി. മാതൃരാജ്യത്തിന്റെ ഉജ്ജ്വല ഭാവിയെക്കുറിച്ച് അവര്‍ക്ക് വ്യത്യസ്ത സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം  എന്നീ  മൂല്യങ്ങള്‍ അവരുടെ പൊതുവായ അഭിലാഷങ്ങളായിരുന്നു .

ചരിത്രത്തിലേക്ക് കൂടുതല്‍ പിന്നോട്ട് പോയി ഈ മൂല്യങ്ങള്‍ കൃത്യമായി നമ്മുടെ രാഷ്ട്രനിര്‍മ്മാതാക്കളെ നയിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉത്തരം വ്യക്തമാണ്: ഈ രാജ്യവും  അതിലെ നിവാസികളും അനാദികാലം മുതല്‍ ഈ ആശയങ്ങള്‍ പരിപോഷിപ്പിച്ചിട്ടുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മുടെ ജീവിത തത്ത്വചിന്തയുടെ ശാശ്വതമായ പ്രമാണങ്ങളാണ്. ഈ സംസ്‌കാരത്തിന്റെ ആരംഭം മുതല്‍ അണിമുറിയാത്ത ഒരു ശൃംഖലയിലൂടെയാണ് അവ നമ്മിലേക്ക് വരുന്നത്. തീര്‍ച്ചയായും, ഈ മൂല്യങ്ങളുടെ അര്‍ത്ഥം അതത് കാലത്ത് അന്വേഷിക്കുക എന്നത് ഓരോ തലമുറയുടെയും കടമയാണ്. സ്വാതന്ത്ര്യസമരസേനാനികള്‍ അവരുടെ കാലത്തു്  ചെയ്തതുപോലെ, നമ്മുടെ കാലത്ത് നമ്മളും ചെയ്യണം. ഈ പ്രധാന പ്രമാണങ്ങള്‍ വികസനത്തിലേക്കുള്ള നമ്മുടെ പാതയെ പ്രകാശിപ്പിക്കണം.

പ്രിയ സഹ പൗരന്മാരേ ,

വിശാലവും ജനബാഹുല്യമുള്ളതുമായ നമ്മുടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളിലും പാല്‍ ഉല്‍പന്നങ്ങളിലും സ്വയം പര്യാപ്തമാക്കിയ നമ്മുടെ കര്‍ഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളും മറ്റ് നിരവധി വെല്ലുവിളികളും കോവിഡ് -19 മഹാമാരിയും  ഉണ്ടായിരുന്നിട്ടും, നമ്മുടെ കര്‍ഷകര്‍ കാര്‍ഷിക ഉല്‍പാദനം നിലനിര്‍ത്തി. കൃതജ്ഞതാനിര്‍ഭരമായ രാഷ്ട്രം നമ്മുടെ കര്‍ഷകരുടെ ക്ഷേമത്തിനായി പൂര്‍ണമായും പ്രതിജ്ഞാ ബദ്ധമാണ്.

നമ്മുടെ കഠിനാധ്വാനികളായ കൃഷിക്കാര്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുപോലെ, സായുധ സേനകളിലെ ധീരരായ സൈനികര്‍ കടുത്ത സാഹചര്യങ്ങള്‍ക്കിടയില്‍ നമ്മുടെ ദേശീയ അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നു. മരവിപ്പിക്കുന്ന തണുപ്പായ മൈനസ് 50 മുതല്‍ 60 വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ലഡാക്കിലെ സിയാച്ചിന്‍, ഗാല്‍വാന്‍ താഴ്വര മുതല്‍  50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയുള്ള  ജയ്‌സാല്‍മീറിലെ കടുത്ത ചൂടിലും  - കരയിലും ആകാശത്തിലും വിശാലമായ തീരപ്രദേശങ്ങളിലും - നമ്മുടെ യോദ്ധാക്കള്‍ ഓരോ നിമിഷവും ജാഗ്രത പാലിക്കുന്നു. നമ്മുടെ സൈനികര്‍ക്കിടയിലെ ധീരത, ദേശസ്നേഹം, ത്യാഗമനോഭാവം എന്നിവയില്‍ ഓരോ പൗരനും അഭിമാനിക്കുന്നു.

ഭക്ഷ്യസുരക്ഷ, ദേശീയ സുരക്ഷ, രോഗങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമെതിരായ സംരക്ഷണം, വികസനത്തിന്റെ വിവിധ മേഖലകള്‍ എന്നിവയിലേക്കുള്ള തങ്ങളുടെ സംഭാവനകളിലൂടെ, നമ്മുടെ ശാസ്ത്രജ്ഞര്‍ നമ്മുടെ ദേശീയ ഉദ്യമങ്ങളെ ശക്തിപ്പെടുത്തി. ബഹിരാകാശം മുതല്‍ കൃഷിസ്ഥലങ്ങള്‍ വരെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ ആശുപത്രികള്‍ വരെ ശാസ്ത്രസമൂഹം നമ്മുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും സമ്പന്നമാക്കി. കൊറോണ വൈറസിനെ ഡീകോഡ് ചെയ്യുന്നതിനായി നമ്മുടെ ശാസ്ത്രജ്ഞര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നു, കൂടാതെ റെക്കോര്‍ഡ് സമയത്ത് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഈ നേട്ടത്തിലൂടെ, നമ്മുടെ ശാസ്ത്രജ്ഞര്‍ മാനവികതയുടെ ക്ഷേമത്തിനായി മഹത്തായ ഒരു അധ്യായം എഴുതി ചേര്‍ത്തു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത്  വൈറസിനെ നിയന്ത്രിക്കുന്നതിലും മരണനിരക്ക്  കുറയ്ക്കുന്നതിലും നമ്മുടെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഭരണകര്‍ത്താക്കളും  ജീവിതത്തിന്റെ മറ്റ് തുറകളിലുള്ളവരും വലിയ സംഭാവനകള്‍  നല്‍കിയിട്ടുണ്ട്. അങ്ങനെ, നമ്മുടെ എല്ലാ കര്‍ഷകരും സൈനികരും ശാസ്ത്രജ്ഞരും പ്രത്യേക പ്രശംസക്ക് അര്‍ഹരാണ്, റിപ്പബ്ലിക് ദിനത്തിലെ ഈ ശുഭദിനത്തില്‍ കൃതജ്ഞതാഭരിതമായ രാജ്യം അവരെ അഭിവാദ്യം ചെയ്യുന്നു.

പ്രിയ സഹ പൗരന്മാരേ,

കഴിഞ്ഞ വര്‍ഷം, ഭീമാകാരമായ അനുപാതത്തിലുള്ള വിപത്തിനെ അഭിമുഖീകരിക്കവേ ലോകം ഏതാണ്ട് നിശ്ചലമായപ്പോള്‍, ഭരണഘടന യുടെ കേന്ദ്ര സന്ദേശത്തെക്കുറിച്ച് ഞാന്‍ പലപ്പോഴും പര്യാലോചിക്കു കയുണ്ടായി. 'സാഹോദര്യ'മെന്ന ഭരണഘടനാ മൂല്യമില്ലാതിരുന്നുവെങ്കില്‍  മഹാമാരിയോടുള്ള നമ്മുടെ ഫലപ്രദമായ പ്രതികരണം സാധ്യമാകു മായിരുന്നില്ല. കൊറോണ വൈറസെന്ന പൊതുശത്രുവില്‍ നിന്ന് പരസ്പരം സംരക്ഷിക്കാന്‍ മാതൃകാപരമായ ത്യാഗങ്ങള്‍ ചെയ്തുകൊണ്ട് ഇന്ത്യക്കാര്‍ അടുപ്പമുള്ള ഒരു കുടുംബം പോലെയായി. കോവിഡ് -19 രോഗികളെ പരിചരിക്കുന്നതിനായി സ്വന്തം ജീവന്‍ അപകടത്തിലാക്കും വിധം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കുകള്‍, ആരോഗ്യപരിരക്ഷാ രംഗത്തെ ഭരണനിര്‍വാഹകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെക്കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. അവരില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവര്‍ക്കൊപ്പം 1.5 ലക്ഷത്തോളം ആളുകളും ഈ പകര്‍ച്ചവ്യാധിയുടെ ഇരകളായി. ദുഖിതരായ കുടുംബങ്ങളെ  എന്റെ അനുശോചനം അറിയിക്കുന്നു. അസാധാരണക്കാരായി മാറിയ സാധാരണ പൗരന്മാരായിരുന്നു നമ്മുടെ മുന്‍നിര കൊറോണ-യോദ്ധാക്കള്‍. ഇതുവരെ അവസാനിച്ചിട്ടില്ലാത്ത, ഇനിയും പൂര്‍ത്തിയാകാത്ത ഈ ദാരുണമായ അധ്യായത്തിന്റെ ചരിത്രം എഴുതുമ്പോള്‍, ആരും യഥാര്‍ഥത്തില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയാത്ത  പ്രതിസന്ധിയോട്  വീരോചിതമായി  പ്രതികരിച്ചവരായി ഭാവിതലമുറ നിങ്ങളെ എല്ലാവരെയും നോക്കിക്കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നമ്മുടെ രാജ്യത്തെ ജനസാന്ദ്രത, സാംസ്‌കാരിക പാരമ്പര്യങ്ങളുടെ വൈവിധ്യം, പ്രകൃതി, ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ കോവിഡ് -19 നെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്നത് നമുക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും, വൈറസിന്റെ വ്യാപനം വലിയ അളവില്‍ തടയാന്‍ നമുക്ക് കഴിഞ്ഞു.

ഗുരുതരമായ വിപത്ത് ഉണ്ടായിരുന്നിട്ടും, നിരവധി മേഖലകളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നാം വിജയിച്ചു. മഹാമാരി യുവതലമുറയുടെ പഠന പ്രക്രിയയെ പാളം തെറ്റിക്കുമെന്ന് ഭീഷണിഉയര്‍ത്തിയെങ്കിലും, സ്ഥാപനങ്ങളും അധ്യാപകരും പുതിയ സാങ്കേതികവിദ്യ വേഗത്തില്‍ സ്വായത്തമാക്കി വിദ്യാഭ്യാസത്തിന്  ഒരു തടസ്സവും  ഇല്ലെന്ന് ഉറപ്പുവരുത്തി. ജനസാന്ദ്രത കൂടുതലുള്ള ബീഹാറിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലും സ്വതന്ത്രവും നീതിയുക്തവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ, നമ്മുടെ ജനാധിപത്യവും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രദ്ധേയമായ വിജയങ്ങള്‍ നേടിയിട്ടുണ്ട്. ജുഡീഷ്യറി സാങ്കേതികവിദ്യയില്‍ സഹായം കണ്ടെത്തി, തുടര്‍ന്നും പ്രവര്‍ത്തിച്ച്  നീതി നടപ്പാക്കി .  ഈ പട്ടിക നീണ്ടതാണ്.

ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കാതെ സമ്പദ്വ്യവസ്ഥ തുറക്കുന്നതിന്, അണ്‍ലോക്ക് ചെയ്യല്‍ പ്രക്രിയ ശ്രദ്ധാപൂര്‍വ്വം നടപ്പാക്കി. ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു, സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വീണ്ടെടുക്കലിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങി. ജിഎസ്ടിയുടെ ഏറ്റവും പുതിയ അഭൂതപൂര്‍വമായ ശേഖരണവും വിദേശ നിക്ഷേപത്തിന് ഏറ്റവും പ്രിയങ്കരമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയര്‍ന്നുവന്നതും നമ്മുടെ വേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ നല്‍കിക്കൊണ്ട് സംരംഭകത്വ മനോഭാവം സൃഷ്ടിക്കാന്‍  ഗവണ്മെന്റ്  പ്രോത്സാഹിപ്പിക്കുകയും നൂതന ബിസിനസ്സ് ആശയങ്ങള്‍ കൊണ്ടുവരാന്‍ അവരെ സഹായിക്കുകയും ചെയ്തു.

പ്രിയ സഹ പൗരന്മാരേ ,

മുന്‍വര്‍ഷത്തെ പ്രതികൂല സാഹചര്യങ്ങള്‍ നമ്മുടെ ഉള്ളില്‍  എല്ലായ്പ്പോഴും ആഴത്തില്‍ അറിഞ്ഞിരുന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു - മനുഷ്യത്വത്തോടുള്ള കരുതലും ഉത്കണ്ഠയും സാഹോദര്യ വികാരവുമാണ് സഹസ്രാബ്ദങ്ങളായി നമ്മെ ഒരുമിച്ചുനിര്‍ത്തുന്നത്. എല്ലാ മേഖലകളിലും, ഇന്ത്യക്കാര്‍  അവസരത്തിനൊത്തുയര്‍ന്ന്, മറ്റുള്ളവരെ തങ്ങള്‍ക്ക് മുന്നില്‍  നിര്‍ത്തി. ഇന്ത്യക്കാരായ നാം മനുഷ്യരാശിക്കുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ഈ ഇന്ത്യന്‍ ആദര്‍ശത്തെ മഹാകവി മൈഥിലി ശരണ്‍ ഗുപ്ത് ഈ വാക്കുകളില്‍ പ്രകടിപ്പിച്ചു:

  उसी उदार की सदासजीव कीर्ति कूजती;

तथा उसी उदार कोसमस्त सृष्टि पूजती।

अखण्ड आत्मभाव जोअसीम विश्व में भरे¸

वही मनुष्य है कि जोमनुष्य के लिये मरे।


ഇംഗ്ലീഷില്‍, ഈ വികാരങ്ങള്‍ ഇനിപ്പറയുന്ന വാക്കുകളില്‍ വിശാലമായി വ്യക്തമാക്കാന്‍ കഴിയും:

കാരുണ്യവാന്റെ മഹത്വം നിത്യയാര്‍ന്ന ഗാനങ്ങളില്‍ വസിക്കും    ,

ഉദാരമനസ്‌കനെയാണ് ലോകം ഇപ്പോഴും ബഹുമാനിക്കുന്നത്

ഐക്യത്തിന്റെ ആത്മാവ് അതിരുകളില്ലാത്ത പ്രപഞ്ചത്തെ നിറയ്ക്കുന്നു,

സഹജീവികള്‍ക്ക് വേണ്ടി മരിക്കുന്നവനാണ് യഥാര്‍ഥ മനുഷ്യന്‍

മാനവികതയോടുള്ള ഈ സ്‌നേഹവും ത്യാഗമനോഭാവവും നമ്മെ മഹത്തായ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

2020-നെ ഒരു പഠന വര്‍ഷമായി നമുക്ക് പരിഗണിക്കാം. ചെറുത് പ്രായോഗികമല്ല മറിച്ച് വലുതിന് പൂരകം ആണെന്ന കഠിനമായ പാഠം പ്രകൃതി മാതാവ് അത്ഭുതങ്ങളിലൂടെ നമ്മെ പഠിപ്പിച്ചു. ഇത്തരം മഹാമാരികളുടെ അപകടസാധ്യത കുറയ്ക്കുന്നതിന്, ആഗോളതലത്തില്‍ തന്നെ കാലാവസ്ഥ വ്യതിയാന പ്രശ്‌നം പ്രഥമ പരിഗണനയില്‍ വരുമെന്ന് എനിക്ക് ഉറപ്പാണ്.

 

പ്രിയ സഹ പൗരന്മാരെ,

പ്രതിസന്ധിയെ അവസരമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആത്മ നിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് ആഹ്വാനം ചെയ്തു. നമ്മുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യം, പ്രതിഭാധനരായ നമ്മുടെ പൗരന്മാര്‍, പ്രത്യേകിച്ചും യുവാക്കള്‍, ഒരു സ്വാശ്രയ ഭാരതം രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് വേണ്ട ഊര്‍ജം നല്‍കും. രാജ്യത്തെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത, അവ നല്‍കുന്നതിനുള്ള ആഭ്യന്തര ശ്രമങ്ങള്‍, ഒപ്പം അത്തരം ശ്രമങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയാണ് ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയെ ശക്തിപ്പെടുത്തുന്നത്. ഈ പദ്ധതിയുടെ കീഴില്‍, സാമ്പത്തിക വളര്‍ച്ചയ്ക്കും, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനത്തിലൂടെ തൊഴില്‍ സൃഷ്ടിക്കും, സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിരിക്കുന്നു. ജനങ്ങള്‍ സന്നദ്ധരായി ഏറ്റെടുത്ത ഒരു പ്രസ്ഥാനമായി ഇത് മാറിയിരിക്കുന്നു.

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2022-ല്‍ ഒരു നവ ഇന്ത്യ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആത്മനിര്‍ഭര്‍ ഭാരതം ആവിഷ്‌കരിച്ചിരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും അടിസ്ഥാന സൗകര്യത്തോടു കൂടിയ വീടുകള്‍ നല്‍കുക മുതല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക വരെ പ്രധാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഈ ശ്രമങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയുടെ പാതയില്‍ സുപ്രധാന നാഴികക്കല്ല് ആയിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, പോഷണം, പിന്നോക്കക്കാരുടെ ഉയര്‍ച്ച, സ്ത്രീകളുടെ ക്ഷേമം തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് നവ ഇന്ത്യയ്ക്കായി എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു സമൂഹം സൃഷ്ടിക്കാനാണ് നാം ശ്രമിക്കുന്നത്.

പ്രതികൂല അന്തരീക്ഷം പലപ്പോഴും മഹാനായ അദ്ധ്യാപകന്റെ പങ്കു വഹിക്കും. അത് നാം ഓരോരുത്തരെയും കരുത്തരും ആത്മവിശ്വാസ മുള്ളവരുമാക്കും. ആ ആത്മവിശ്വാസത്തോടെയാണ് പല മേഖലകളിലും ഇന്ത്യ പ്രധാന ചുവടുവയ്പ്പുകള്‍ നടത്തിയിരിക്കുന്നത്. വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക്, തൊഴില്‍, കാര്‍ഷിക മേഖലകളിലെ പരിഷ്‌കരണ നിയമങ്ങള്‍ വഴി പിന്തുണ ലഭിക്കുന്നു. പരിഷ്‌കരണത്തിലേക്കുള്ള പാത ആദ്യഘട്ടത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. എന്നാല്‍ കര്‍ഷക ക്ഷേമത്തിനായി ഗവണ്‍മെന്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് സംശയാതീതമായി നമുക്ക് പറയാനാവും.

സമാന പ്രാധാന്യമുള്ളതും കൂടുതല്‍ പേരുടെ ജീവിതത്തെ പ്രത്യക്ഷമായി സ്വാധീനിക്കുന്നതുമായ ഒന്നാണ് വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ സാധ്യമായിരിക്കുന്ന സമഗ്ര പരിഷ്‌കരണം. പാരമ്പര്യത്തിലും അതേസമയം സാങ്കേതികവിദ്യയിലും ഊന്നിയുള്ള പുതിയ വിദ്യാഭ്യാസ നയം 2020, അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈജ്ഞാനിക കേന്ദ്രമായി ഉയര്‍ന്ന് വരുന്നതിന് ശ്രമിക്കുന്ന നവ ഇന്ത്യയ്ക്ക് അടിത്തറപാകും. ഈ പരിഷ്‌കരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സഹജ പ്രതിഭയെ വളര്‍ത്തുകയും, ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിന് അവരുടെ മനസ്സുകള്‍ പാകപ്പെടുത്തുകയും ചെയ്യും.

ഈ പരിശ്രമങ്ങളുടെയെല്ലാം ആത്യന്തികഫലം നമുക്കുമുന്നിലുണ്ട്. ഏകദേശം ഒരു വര്‍ഷത്തെ ഈ അപ്രതീക്ഷിത ആപത്തിനുശേഷം ഇന്ത്യ ഇപ്പോള്‍ സധൈര്യം, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ്. മാന്ദ്യം താല്‍ക്കാലികം മാത്രം ആയിരുന്നു. സമ്പദ്രംഗം അതിന്റെ ചലനാത്മകത വീണ്ടെടുത്തു കഴിഞ്ഞു. ഇന്ത്യ സ്വന്തം കോവിഡ്-19            വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇപ്പോള്‍ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തുന്നു. ഭരണസംവിധാനവും ആരോഗ്യപ്രവര്‍ത്തകരും ഇതിന്റെ വിജയത്തിനായി പൂര്‍ണ്ണ സജ്ജരായി പ്രവര്‍ത്തിക്കുന്നു. ഈ രക്ഷാമാര്‍ഗ്ഗം ഉപയോഗിച്ചുകൊണ്ട്, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിക്കാന്‍ ഞാന്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പുരോഗതിക്കുള്ള പാത നിങ്ങളുടെ ആരോഗ്യം ആണ്.

ആഗോളതലത്തില്‍ മഹാമാരിയെ പ്രതിരോധിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും, ഔഷധങ്ങളും ആരോഗ്യ ഉപകരണങ്ങളും പല രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതിലൂടെ ഇന്ത്യ, ഇപ്പോള്‍ 'ലോകത്തിന്റെ ഔഷധശാല' എന്ന് വിളിക്കപ്പെടുന്നു. നാമിപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.

പ്രിയ സഹ പൗരന്മാരെ,

കഴിഞ്ഞ വര്‍ഷം പല മേഖലകളില്‍ നിന്നും പ്രതികൂല അവസ്ഥ നേരിടേണ്ടിവന്നു. നമ്മുടെ അതിര്‍ത്തിയില്‍ വിപുലീകരണത്തിനായി നടന്ന ശ്രമങ്ങള്‍ നമ്മുടെ ധീര സൈനികര്‍ പരാജയപ്പെടുത്തി. ഈ ലക്ഷ്യം നേടുന്നതിന്, അവരില്‍ 20 പേരുടെ ജീവന്‍ നഷ്ടമായി. രാജ്യം എന്നും ആ ധീര സൈനികരോട് കടപ്പെട്ടിരിക്കും. സമാധാനത്തിനുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും, നമ്മുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഏത് പ്രവര്‍ത്തനവും നിഷ്ഫലമാക്കുന്നതിന് കര, നാവിക, വ്യോമ സേനകള്‍ മികച്ച ഏകോപനത്തോടെ സജ്ജമായിരി ക്കുന്നു. എന്തുവിലകൊടുത്തും നമ്മുടെ ദേശീയ താല്പര്യം സംരക്ഷിക്ക പ്പെടും. തത്വത്തില്‍ അധിഷ്ഠിതമായ ദൃഢമായ നിലപാടിനെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തില്‍ വ്യാപകമായ ധാരണ നാം ഉറപ്പു വരുത്തിയിട്ടുണ്ട്.

ഇന്ത്യ ലോകത്ത് ശരിയായ സ്ഥാനം ഉറപ്പിച്ചു കൊണ്ട് മുന്നോട്ടു കുതിക്കുകയാണ്. സമീപ വര്‍ഷങ്ങളില്‍ അതിന്റെ സ്വാധീനം ലോകത്ത് മിക്ക ഭാഗങ്ങളിലും വിപുലീകരിക്കപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തിന്റെ മികച്ച പിന്തുണയോടെ യുഎന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് ഈ വര്‍ഷം താല്‍ക്കാലിക അംഗത്വം നേടാനായത് ഈ സ്വാധീനത്തിന് തെളിവാണ്. ലോക നേതാക്കളുമായുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. ഉത്തരവാദിത്വം ഉള്ളതും വിശ്വാസയോഗ്യമായ രാജ്യമെന്ന ആദരം ഊര്‍ജ്ജസ്വലമായ ജനാധിപത്യ മുള്ള നാം നേടിയിരിക്കുന്നു.

നമ്മുടെ ഭരണഘടനാ മന്ത്രങ്ങളെ പറ്റി സ്വയം ഓര്‍മപ്പെടുത്തുന്നത് നന്നായിരിക്കും. നമ്മുടെ രാഷ്ട്ര പിതാവിന്റെ ചിന്തയേയും ജീവിതത്തേയും പറ്റി ആലോചിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കണമെന്നു ഞാന്‍ വീണ്ടും പറയുന്നു. ഓരോരുത്തരുടെയും കണ്ണീരൊപ്പാന്‍ എല്ലാ പരിശ്രമവും നടത്തണം. നമ്മുടെ റിപ്പബ്ലിക്കിന്റെ അടയാള വാക്ക് സമത്വം എന്നതാണ്. ഗ്രാമീണര്‍, സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗം ഉള്‍പ്പെടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, ദിവ്യാംഗര്‍, മുതിര്‍ന്നവര്‍ തുടങ്ങി നാം ഓരോരുത്തര്‍ക്കും അന്തസ്സ് ഉറപ്പാക്കുന്നത് സാമൂഹ്യ സമത്വമാണ്. എല്ലാവര്‍ക്കും തുല്യ അവസരവും താഴേക്കിടയിലുള്ളവര്‍ക്ക് സഹായ ഹസ്തവും സാമ്പത്തിക സമത്വവും ഉറപ്പാക്കുന്നു. സഹജീവികളെ സഹായിക്കുന്നത് നമ്മുടെ സഹാനുഭൂതി ശേഷി വര്‍ദ്ധിപ്പിക്കും. 1948 നവംബര്‍ നാലിന് ഭരണഘടനയുടെ കരട് സമര്‍പ്പിച്ചുകൊണ്ട് ഭരണഘടന നിര്‍മ്മാണ സഭയില്‍ ബാബ സാഹിബ് ഡോ. ഭീംറാവു അംബേദ്കര്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച 'ഭരണഘടന ധാര്‍മികത'യുടെ പാതയില്‍ നാം ഏവര്‍ക്കും തുടരാം. ഭരണഘടന മൂല്യങ്ങളുടെ പരമാധികാരമാണ് ഭരണഘടനാ ധാര്‍മികത എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

പ്രിയ സഹ പൗരന്മാരെ,

നാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വിദേശ ത്തുള്ള നമ്മുടെ സഹോദരീ സഹോദരന്മാരെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. വിദേശത്തുള്ള ഇന്ത്യക്കാര്‍ രാഷ്ട്രീയനേതൃത്വം, ശാസ്ത്രം, കല, അക്കാദമിക രംഗം, പൊതുസമൂഹം, വ്യാപാരം തുടങ്ങി ജീവിതത്തിലെ പല മേഖലകളിലും പ്രശോഭിക്കുകയും അവരുടെ പുതിയ നാടിനും ഇന്ത്യയ്ക്കും ബഹുമതി നേടി തരികയും ചെയ്യുന്നു. നിങ്ങളുടെ പൂര്‍വികരുടെ നാട്ടില്‍ നിന്നും നിങ്ങള്‍ക്ക് റിപ്പബ്ലിക് ദിന ആശംസകള്‍. സാധാരണയായി കുടുംബത്തില്‍ നിന്നും അകന്ന് നിന്ന്, ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്ന സൈനികര്‍, അര്‍ധസൈനികര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ക്ക് എന്റെ ആശംസകള്‍. എല്ലാ ജവാന്മാര്‍ക്കും എന്റെ പ്രത്യേക ആശംസകള്‍.

റിപ്പബ്ലിക് ദിനത്തില്‍ ഞാന്‍ നിങ്ങളെ ഒരിക്കല്‍ക്കൂടി അനുമോദിക്കുന്നു.

നന്ദി
ജയ് ഹിന്ദ്
***


(Release ID: 1692320) Visitor Counter : 990