ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.84 ലക്ഷമായി കുറഞ്ഞു

Posted On: 24 JAN 2021 11:08AM by PIB Thiruvananthpuram

രാജ്യത്ത് ഇന്ന് ചികിത്സയിലുള്ളത് 1,84,408 കോവിഡ് രോഗികൾ ആണ്. മൊത്തം രോഗബാധിതരുടെ 1.73 ശതമാനം ആണ് ഇത്.

2021 ജനുവരി 24 രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം, ഏതാണ്ട് 16 ലക്ഷത്തോളം പേർ (15,82,201) കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 3512 സെഷനുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് (1,91,609) വാക്സിൻ ലഭ്യമാക്കി. ഇതുവരെ 27,920 സെഷനുകളാണ്സംഘടിപ്പിച്ചത്

ഒരു ദശലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ ഇന്ത്യയ്ക്ക് ആറ് ദിവസം മാത്രമാണ് വേണ്ടി വന്നത്. യുകെ 18 ദിവസവും, യുഎസ് 10 ദിവസവും എടുത്താണ് ഒരു ദശലക്ഷം എന്ന നേട്ടം സ്വന്തമാക്കിയത്.

രാജ്യത്ത് ഇതുവരെ 10,316,786 പേരാണ് രോഗമുക്തി നേടിയത്. 96.83 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

പുതിയതായിരോഗമുക്തി നേടിയവരിൽ 84.30 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. 5283 പേർ സുഖം പ്രാപിച്ച കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ രോഗമുക്തി ഉണ്ടായത്. മഹാരാഷ്ട്രയിൽ 3694 പേർക്ക് ആണ് ഇന്നലെ കോവിഡ് ഭേദമായത്.

 

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 14,849 കേസുകളാണ്. ഇതിൽ 80.67 ശതമാനവും ആറു സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. ഇന്നലെ 6,960 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 2,697 പേർക്കും, കർണാടകയിൽ തൊള്ളായിരത്തിരണ്ടുപേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇന്നലെ രേഖപ്പെടുത്തിയ 155 കോവിഡ് മരണങ്ങളിൽ 79.35 ശതമാനവും 7 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 56 പേരും, കേരളത്തിൽ 23ഉം, ഡൽഹിയിൽ 10 ഉം പുതിയ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

 

***

 (Release ID: 1691938) Visitor Counter : 103