വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

വാർത്താവിനിമയ സാങ്കേതിക വിദ്യയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും ധാരണാപത്രത്തിൽ ഒപ്പിട്ടു

Posted On: 15 JAN 2021 5:01PM by PIB Thiruvananthpuram



വാർത്താവിനിമയ സാങ്കേതിക വിദ്യയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും ഇന്ന് ധാരണാപത്രത്തിൽ ഒപ്പിട്ടു. കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി ശ്രീ രവിശങ്കർ പ്രസാദ്, ജപ്പാൻ ആഭ്യന്തര കാര്യ, കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി താകിദാ റോയ്ട്ട എന്നിവർ ഒപ്പിട്ട ധാരണാപത്രം വീഡിയോ കോൺഫറൻസിലൂടെ ഇന്ന് കൈമാറി.

5ജി സാങ്കേതികവിദ്യാ, ടെലികോം സുരക്ഷ, ഇന്ത്യയിലെ ദ്വീപുകൾക്ക് സബ്മറൈൻ ഒപ്ടിക്കൽ ഫൈബർ കേബിൾ സംവിധാനം, സ്പെക്ട്രം മാനേജ്മെന്റ്, സ്മാർട്ട് സിറ്റി, ദുരന്തനിവാരണം, പൊതു സുരക്ഷ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ധാരണാപത്രം സഹായിക്കും.

ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണത്തിന് പുറമേ, ഇന്ത്യൻ സ്ഥാപനങ്ങളായ സി-ഡോട്ട്, ഐടിഐ ലിമിറ്റഡ്, ജപ്പാനിലെ വ്യവസായ പങ്കാളികൾ എന്നിവരും ഈ സഹകരണത്തിന്റെ ഭാഗമാകും.

ആൻഡമാൻ-നിക്കോബാർ ദ്വീപുകളെ സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കുന്ന പ്രവർത്തനം യഥാസമയം നിർവഹിക്കാനായത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണത്തിന്റെ മികച്ച ഉദാഹരണമാണെന്ന് ചടങ്ങിൽ മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് പറഞ്ഞു.

5 ജി, 5ജി അധിഷ്ഠിത പ്രവർത്തനങ്ങൾ, ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ജപ്പാൻ നിക്ഷേപകർക്കായി ഇന്ത്യയിലുള്ള മികച്ച സാധ്യതകളെക്കുറിച്ച് മന്ത്രി എടുത്തുപറഞ്ഞു.
 



(Release ID: 1688920) Visitor Counter : 348