ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: രാജ്യത്തു ദിനംപ്രതിയുള്ള പുതിയ രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,311 പേര്‍ക്കു രോഗബാധ


229 ദിവസത്തിനുശേഷം പ്രതിദിന മരണസംഖ്യ 170ന് താഴെയായി

प्रविष्टि तिथि: 11 JAN 2021 11:02AM by PIB Thiruvananthpuram

നിരവധി ദിവസങ്ങളായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്തു കുറഞ്ഞുവരികയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 16,311 പേര്‍ക്കാണു പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്തു പ്രതിദിന മരണവും കുറയുകയാണ്. 229 ദിവസത്തിനുശേഷം മരണസംഖ്യ 170 ല്‍ താഴെയായി. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതും ഉയര്‍ന്ന രോഗമുക്തി നിരക്കും ചികിത്സയിലുള്ളവരുടെ എണ്ണം കുറയാന്‍ ഇടയാക്കി.
 
ഇന്ത്യയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2.25 ലക്ഷമായി (2,22,526) കുറഞ്ഞു. ആകെ രോഗബാധിതരുടെ 2.13% മാത്രമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,959 പേര്‍ രോഗമുക്തരായി. ഇത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 809 ന്റെ കുറവിന് ഇടയാക്കി.

ആകെ രോഗമുക്തരുടെ എണ്ണം 10,092,909 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ക്രമമായി വര്‍ധിക്കുകയാണ്. ഇപ്പോഴിത് 99 ലക്ഷത്തോട് അടുക്കുന്നു (98,70,383).

രോഗമുക്തി നിരക്ക് ഇന്ന് 96.43 ശതമാനമായി വര്‍ധിച്ചു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.

പുതുതായി രോഗമുക്തരായവരുടെ  78.56% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണു കൂടുതല്‍ (4,659). മഹാരാഷ്ട്രയില്‍ 2,302 പേരും ഛത്തീസ്ഗഢില്‍ 962 പേരും രോഗമുക്തരായി.

പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 80.25% 9 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ (4,545). 3,558 പുതിയ കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 161 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ 69.57% ആറ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത് മഹാരാഷ്ട്രയില്‍ (34 മരണം). കേരളത്തിലും പശ്ചിമ ബംഗാളിലും യഥാക്രമം 23 ഉം 19 ഉം പേര്‍ മരിച്ചു  

 

***

 


(रिलीज़ आईडी: 1687618) आगंतुक पटल : 189
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu