പ്രധാനമന്ത്രിയുടെ ഓഫീസ്‌

അലിഗര്‍ മുസ്ലിം സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 22 DEC 2020 12:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അലിഗര്‍ മുസ്ലിം സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങള്‍ വിഡിയോ കോണ്‍ഫറണ്‍സ് വഴി ഉദ്ഘാടനം ചെയ്തു. ശതാബ്ദി സ്മാരക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

രാജ്യത്തെ കുറിച്ചു കരുതലുള്ള ഏതൊരാളിന്റെയും പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം ജാതി മത വര്‍ഗ പരിഗണന കൂടാതെ ജനങ്ങളുടെ ക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിക്കുക എന്ന സര്‍ സയ്യിദിന്റെ  പ്രസ്താവനയും തദവസരത്തില്‍ പ്രസംഗമധ്യേ പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേയ്ക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പ്രധാന മന്ത്രി ഊന്നി പറഞ്ഞു. മതത്തിന്റെ പേരില്‍ ആരെയും ഇതില്‍ നിന്ന് ഒഴിവാക്കില്ല.  ഇതു തന്നെയാണ് എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന പ്രതിജ്ഞയുടെ അടിസ്ഥാനവും. ഒരു വിവേചനവും ഇല്ലാതെ ഗവണ്‍മെന്റിന്റെ പദ്ധതികളുടെ പ്രയോജനങ്ങള്‍ എല്ലാവര്‍ക്കും നല്കുന്നത് ഉദാഹരണമായി മോദി എടുത്തു കാട്ടി.  40 കോടി പാവപ്പെട്ടവര്‍ക്ക് ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറന്നു.   2 കോടിയിലധികം പാവങ്ങള്‍ക്ക് താമസയോഗ്യമായ വീടുകള്‍ നല്കി. എട്ടു കോടി വീട്ടമ്മമാര്‍ക്ക് പാചക വാതക കണക്ഷനുകള്‍ നല്കി. ആയൂഷ്മാന്‍ പദ്ധതി പ്രകാരം 50 കോടി ജനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയ്ക്കു വരെ സൗജന്യ ചികിത്സ ലഭ്യമാക്കി. ഇതെല്ലാം ഒരു വിവേചനവും കൂടാതെയാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ ഓരോ പൗരന്റെതുമാണ്. അതിന്റെ പ്രയോജനങ്ങളും എല്ലാവര്‍ക്കുമുള്ളതാണ്.  നമ്മുടെ ഗവണ്‍മെന്റ് ഈ ധാരണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാന മന്ത്രി മോദി പറഞ്ഞു.

കഴിഞ്ഞ 100 വര്‍ഷമായി അലിഗഡ് മുസ്ലിം സര്‍വകലാശാല  ലോകമെമ്പാടുമുള്ള മറ്റ് അനേകം രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനു പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉറുദു, അറബിക്, പേര്‍ഷ്യന്‍ ഭാഷകളിലും ഇസ്ലാമിക് സാഹിത്യത്തിലും  ഇവിടെ നടക്കുന്ന ഗവേഷണങ്ങള്‍ ഇന്ത്യയ്ക്ക് സമസ്ത ഇസ്ലാമിക ലോകവുമായുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് നവോര്‍ജ്ജം പകരുന്നു. സര്‍വകലാശാലക്ക് ദ്വിവിധ ഉത്തരവാദിത്വമാണുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ ലോല ശക്തി ഉയര്‍ത്തുക, ഒപ്പം രാഷ്ട്ര പുനര്‍നിര്‍മ്മാണ ഉത്തരവാദിത്വം നിറവേറ്റുക എന്നിവയാണത്.

ശുചിമുറികളുടെ അഭാവം മൂലം ഇടയ്ക്കു വച്ച് വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന മുസ്ലിം പെണ്‍കുട്ടികളുടെ  നിരക്ക് 70 ശതമാനത്തിലും അധികമായ ഒരു കാലത്തെ പ്രധാനമന്ത്രി ഓര്‍മ്മിച്ചു. സ്വഛ് ഭാരത് മിഷന്റെ കീഴില്‍, ദൗത്യ രീതിയില്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി ഗവണ്‍മെന്റ് പ്രത്യേകം ശുചിമുറികള്‍ നിര്‍മ്മിച്ചു. ഇന്ന് സ്‌കൂളുകളില്‍ നിന്നുള്ള മുസ്ലി വിദ്യാര്‍ത്ഥിനികളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് 30 ശതമാനത്തിലും താഴെയാണ്. കൊഴിഞ്ഞു പോയ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച്  അലിഗര്‍ മുസ്ലിം സര്‍വകലാശാല  നടത്തുന്ന  ബ്രിഡ്ജ് കോഴ്‌സിനെ പ്രധാനമന്ത്രി പ്രശംസിച്ചു. മുസ്ലിം പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും ഗവണ്‍മെന്റ് വളരെ ശ്രദ്ധവയ്ക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

 

കഴിഞ്ഞ ആറു വര്‍ഷത്തിനു ള്ളില്‍ കുറഞ്ഞത് ഒരു കോടി മുസ്ലിം പെണ്‍മക്കള്‍ക്ക് എങ്കിലും ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പു നല്കിയിട്ടുണ്ട്.

മുത്തലാക്ക് സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് ആധുനിക മുസ്ലിം സമുദായത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ രാജ്യം തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ വിദ്യാസമ്പന്നയായാല്‍  കുടുംബം മുഴുവന്‍ വിദ്യാസമ്പന്നമാകും എന്നു പണ്ടു പറയുമായിരുന്നു. വിദ്യാഭ്യാസം അതിനൊപ്പം തൊഴിലും സംരംഭകത്വവും കൊണ്ടു വരുന്നു. തൊഴിലും സംരംഭകത്വവും  സാമ്പത്തിക സ്വാതന്ത്ര്യത്തെയും കൊണ്ടുവരുന്നു.

അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ വര്‍ത്തമാന കാല ഉന്നതവിദ്യാഭ്യാസ പാഠ്യക്രമം അനേകരെ ആകര്‍ഷിക്കുന്നതായി പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.  നിലവില്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നതിനു തുല്യമായ രണ്ടു പഠനശാഖകള്‍ ചേര്‍ന്ന വിഷയങ്ങള്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉണ്ട്.

 

രാഷ്ട്രം ആദ്യം എന്ന് ആഹ്വാനത്തെ തുടര്‍ന്ന് നമ്മുടെ  യുവാക്കള്‍ രാജ്യത്തിന്റെ മുന്നേറ്റത്തിനായി പ്രതിജ്ഞാബദ്ധരായിരിക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ യുവതയുടെ ഈ തീവ്രമായ ആഗ്രഹത്തിനാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍  മുന്‍ഗണന നല്കിയിരിക്കുന്നത്. അകത്തു പ്രവേശിക്കാനും പുറത്തു പോകാനുമുള്ള  ദേശീയ വിദ്യാഭ്യാസ നയത്തിലെ മാര്‍ഗ്ഗങ്ങള്‍ വിദ്യാഭ്യാസം സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതാണ് എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാഠ്യ പദ്ധതിയുടെ ഫീസിനെ കുറിച്ച് ആകുലപ്പെടാതെ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും ഇതു വഴി വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നു.


 

ഉന്നത വിദ്യാഭ്യാസത്തിനായി  കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടന്നു വരുന്നതിനും അതിനായി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും ഗവണ്‍മെന്റ് തുടര്‍ച്ചയായി പരിശ്രമിച്ചു വരികയാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസം ഓണ്‍ലൈനാകട്ടെ, ഓഫ് ലൈനാകട്ടെ അത് എല്ലാവരിലും എത്തുകയും ഓരോരുത്തരുടെയും ജീവിതത്തെ മാറ്റുകയും ചെയ്യുന്നു എന്നുറപ്പാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദി തുടര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് ചേര്‍ന്ന് അറിയപ്പെടാത്ത സ്വാന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള ഗവേഷണം പോലെ അലിഗഡ് സര്‍വകലാശാലയുടെ  ഈ 100 -ാം വര്‍ഷത്തില്‍,  100 ഹോസ്റ്റലുകള്‍ പാഠ്യേതര ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കട്ടെ എന്നും പ്രധാനമന്ത്രി  ഉദ്‌ബോധിപ്പിച്ചു.

 

***


(Release ID: 1682798) Visitor Counter : 214