സാംസ്‌കാരിക മന്ത്രാലയം

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകം സന്ദർശിക്കുന്നതിലുണ്ടായിരുന്ന നിയന്ത്രണം നീക്കി

Posted On: 20 DEC 2020 1:18PM by PIB Thiruvananthpuram

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ, കേന്ദ്ര സംരക്ഷണത്തിലുള്ള സ്മാരകങ്ങളും പ്രദേശങ്ങളും സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇത് സംബന്ധിച്ച പുതുക്കിയ മാതൃകാപ്രവർത്തന ചട്ടം, 2020 ഡിസംബർ 18ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംരക്ഷിത സ്മാരകങ്ങളുടെ റീജണൽ ഡയറക്ടർമാർക്കും, സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ്കൾക്കും നൽകി.

 

അതേസമയം സ്മാരകങ്ങളിലെ പ്രതിദിന സന്ദർശകരുടെ എണ്ണം, സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റിന് തീരുമാനിക്കാവുന്നതാണ്. ഇതിന് ജില്ലാ ദുരന്തനിവാരണ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി ഉണ്ടാകണം.

 

ക്യു ആർ കോഡ്, നെറ്റ്‌വർക്ക് എന്നിവയിൽ പ്രശ്നങ്ങൾ ഉള്ള ഇടങ്ങളിൽ നേരിട്ടുള്ള ടിക്കറ്റ് വിൽപ്പന പുനരാരംഭിക്കാവുന്നതാണ്. ദൃശ്യ ശബ്ദ പ്രദർശനങ്ങളും പുനരാരംഭിക്കാം.

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര സാംസ്കാരിക മന്ത്രാലയം എന്നിവ നിർദ്ദേശിക്കുന്ന കോവിഡ് പ്രോട്ടോക്കോളുകൾ, ഈ സംരക്ഷിത സ്മാരകങ്ങളിൽ പൂർണമായും പാലിക്കണം. കൂടാതെ സംസ്ഥാന ഗവൺമെന്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക നിർദ്ദേശങ്ങളുണ്ടെങ്കിൽ അവയും കൃത്യമായി പാലിക്കണമെന്ന് പുതുക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.

 

***(Release ID: 1682225) Visitor Counter : 180