പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ കർഷക സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
Posted On:
18 DEC 2020 5:26PM by PIB Thiruvananthpuram
താങ്ങുവില,കരാർ കൃഷി എന്നിവയിലെ ആശങ്കകൾ പരിഹരിക്കുമെന്നും വ്യാജപ്രചരണങ്ങൾ ക്കെതിരെ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി
മധ്യപ്രദേശിൽ നടന്ന കർഷക സമ്മേളനത്തെ വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ശീതീകരണ, അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. ആധുനിക സംഭരണ സംവിധാനങ്ങൾ, ശീതീകരണ സംഭരണികൾ, നവീന ഭക്ഷ്യ സംസ്കരണ പദ്ധതികൾ എന്നിവയുടെ വികസനത്തിന് സഹായിക്കാൻ വ്യവസായ ലോകത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു.
വികസിതരാജ്യങ്ങളിലെ കർഷകർക്കുള്ള സൗകര്യങ്ങൾ ഇന്ത്യയിലും താമസിയാതെ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാർഷിക നിയമത്തെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ 20 -22 വർഷമായി നടന്നുവരികയാണ്. ഒരൊറ്റ ദിവസം കൊണ്ട് നിയമം കൊണ്ടുവന്നതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കർഷകർ, കർഷക സംഘടനകൾ, വിദഗ്ധർ,സാമ്പത്തിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ കാർഷിക മേഖലയുടെ പുരോഗതിക്കായി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. പല പാർട്ടി പ്രകടനപത്രിക കളിലും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ പരിഷ്കാരങ്ങൾ ആത്മാർഥമായി പരിഗണിച്ചില്ല.ഇപ്പോൾ നടപ്പാക്കിയ പരിഷ്കരണങ്ങൾ നേരത്തെ ഉള്ളതിൽ നിന്നും വ്യത്യസ്തമല്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഗവൺമെന്റ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് എട്ടുവർഷമായി നടപ്പാക്കിയിട്ടില്ല. പ്രതിപക്ഷ കക്ഷികൾ അവരുടെ രാഷ്ട്രീയ ലാഭത്തിനായി കർഷകരെ ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഈ ഗവൺമെന്റ് സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കിയതായും കർഷകരുടെ ചെലവിന്റെ ഒന്നര മടങ്ങോളം താങ്ങുവിലയായി ഗവൺമെന്റ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
പിഎം കിസാൻ പദ്ധതി വഴി ഓരോവർഷവും 75,000 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
മുൻ ഗവൺമെന്റുകൾക്ക് കർഷകരുടെ കാര്യത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നൂറോളം ജലസേചനപദ്ധതികൾ ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കില്ലായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തേനീച്ച വളർത്തൽ,കന്നുകാലി വളർത്തൽ,മത്സ്യബന്ധനം എന്നിവയും ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി പറഞ്ഞു.
കാർഷിക പരിഷ്കരണ നിയമങ്ങളിൽ അവിശ്വാസ്യത വേണ്ട. താങ്ങുവില സമ്പ്രദായം മുൻപത്തെതുപോലെ ഇനിയും തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി. പുതിയ നിയമം കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ മണ്ഡികൾക്ക് അകത്തോ പുറത്തോ വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്നു. എ.പി.എം.സി നവീകരണത്തിന് 500 കോടി രൂപ ഗവൺമെന്റ് ചെലവിടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കരാർ കൃഷി രാജ്യത്ത് നേരത്തെ ഉണ്ടായിരുന്നതാണ്. കർഷകരുടെ വിളയ്ക്കാണ് കരാർ, ഭൂമിക്ക് അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തം ഉണ്ടായാൽ പോലും കർഷകർക്ക് പൂർണമായും തുക ലഭിക്കും.
കർഷകരുടെ എല്ലാ ആശങ്കകളെയും സംശയങ്ങളെയും കുറിച്ച് സംസാരിക്കാൻ ഗവൺമെന്റ് തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് ഈ വിഷയത്തിൽ വിശദമായി ഒരിക്കൽക്കൂടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നേദിവസം കിസാൻ സമ്മാൻ നിധി യുടെ അടുത്ത ഗഡു കോടിക്കണക്കിന് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
***
(Release ID: 1681881)
Visitor Counter : 177
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada