പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു

Posted On: 10 DEC 2020 4:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു.  ആത്മനിര്‍ഭര്‍ ഭാരത് സങ്കല്‍പ്പത്തിന്റെ നിര്‍ണായക ഭാഗമാകും പുതിയ കെട്ടിടം. ജനകീയ പാര്‍ലമെന്റ് നിര്‍മ്മിക്കുന്നതിനു സ്വാതന്ത്ര്യാനന്തരം ആദ്യമായി ലഭിക്കുന്ന സുപ്രധാന അവസരമാണിത്. 2022-ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ 'നവ ഇന്ത്യ'യുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും യോജിക്കുന്ന ഒന്നായിരിക്കും പുതിയ കെട്ടിടം.

നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിലൂടെ നടക്കുന്നതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ഈ പുതിയ കെട്ടിടനിര്‍മാണത്തില്‍ ഒന്നിച്ച് അണിചേരാന്‍ അദ്ദേഹം രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മുടെ പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിനു സാക്ഷ്യം വഹിക്കുന്നതിനേക്കാള്‍ മനോഹരമോ വിശുദ്ധമോ ആയി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് പഴയ പാര്‍ലമെന്റ് മന്ദിരം ദിശാബോധം നല്‍കുമ്പോള്‍, പുതിയ മന്ദിരം 'ആത്മനിര്‍ഭര്‍ ഭാരത്' നിര്‍മ്മാണത്തിനു സാക്ഷ്യം വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുമ്പോള്‍, 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ അഭിലാഷങ്ങള്‍ പുതിയ മന്ദിരത്തില്‍ നിറവേറ്റാനാകും.

മറ്റിടങ്ങളില്‍ ജനാധിപത്യം എന്നത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, ഭരണം, ഭരണനിര്‍വഹണം എന്നിവയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ജനാധിപത്യം ജീവിതമൂല്യങ്ങളെക്കുറിച്ചുള്ളതാണ്, അത് ജീവിതരീതിയാണ്, ഒരു ജനതയുടെ ആത്മാവാണ്.

പാര്‍ലമെന്റ് മന്ദിരത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമായ ജനാധിപത്യത്തോടുള്ള ശുഭാപ്തിവിശ്വാസം പുലര്‍ത്തേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍ക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി  പറഞ്ഞു. പൊതുജനങ്ങളോടും ഭരണഘടനയോടും ഉത്തരവാദിത്തമുള്ളവരാണു പാര്‍ലമെന്റില്‍ പ്രവേശിക്കുന്ന ഓരോ അംഗമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയെ ഒന്നാമതെത്തിക്കുമെന്നു പ്രതിജ്ഞ ചെയ്യണമെന്നും രാജ്യപുരോഗതിയും വികസനവുമാകണം നമ്മുടെ ഉപാസനയെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ തീരുമാനങ്ങളും രാജ്യത്തിന്റെ കരുത്തു വര്‍ധിപ്പിക്കാനുതകണം. രാജ്യതാല്‍പ്പര്യമാണ് പരമപ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

***(Release ID: 1679783) Visitor Counter : 314