പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

ന്യായവും  വിപണിക്കനുസൃതമായും ആകണം അസംസ്കൃത എണ്ണയുടെ വില എന്നതാണ് ഇന്ത്യയുടെ  നിലപാടെന്ന്  ശ്രീ ധർമേന്ദ്ര പ്രധാൻ

Posted On: 02 DEC 2020 1:40PM by PIB Thiruvananthpuram

 

ന്യായവും അന്താരാഷ്ട്ര വിപണിക്കനുസൃതമായും ആകണം അസംസ്കൃത എണ്ണയുടെ വില എന്നതാണ് ഇന്ത്യയുടെ  നിലപാടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകൾ കൂടി ഉത്പാദകർ പരിഗണിക്കണമെന്ന് ഇന്ന് സ്വരാജ്യ  വെബിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആളോഹരി ഊർജ്ജ ഉപഭോഗം ഇപ്പോഴും ആഗോള ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഈ  സാഹചര്യം  അതിവേഗം മാറുകയാണ്.2040 വരെയുള്ള കാലയളവിൽ  ഇന്ത്യയുടെ ഊർജ്ജ ഉപഭോഗം ലോകത്തിലെ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളേക്കാളും കൂടുതൽ നിരക്കിൽ പ്രതിവർഷം 3 ശതമാനം വളർച്ച കൈവരിക്കുമെന്നതിനാൽ ആഗോള ഊർജ്ജ ആവശ്യകത ഉയരാൻ നമ്മുടെ രാജ്യം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

താങ്ങാനാവുന്ന വിലയിൽ ശുദ്ധമായ ഫോസിൽ ഇന്ധനങ്ങളുടെയും ഹരിത ഇന്ധനങ്ങളുടെയും ലഭ്യത വർദ്ധിപ്പിക്കുക, മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ കാർബൺ ബഹിർഗമനം വർധിപ്പിക്കുന്ന സംവിധാനങ്ങളുടെ സ്വാധീനം 2005 ലെ നിലവാരത്തിൽ നിന്ന് 33 മുതൽ 35 ശതമാനം വരെ കുറയ്ക്കുക എന്നിവ ഇരട്ട ലക്ഷ്യങ്ങളാണെന്ന്  മന്ത്രി പറഞ്ഞു.

വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ പ്രധാൻ, 16,800 കിലോമീറ്റർ നീളമുള്ള ഗ്യാസ് പൈപ്പ് ലൈൻ  ശൃംഖല ഇതിനോടകം സ്ഥാപിച്ചതായും,14,700 കിലോമീറ്റർ അധിക ഗ്യാസ് പൈപ്പുലൈനുകൾ  നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും പറഞ്ഞു.

സതതിന്റെ  (SATAT-സുസ്ഥിരവും താങ്ങാവുന്നതുമായ ബദല്‍ ഗതാഗതമാർഗ്ഗം) രൂപരേഖയെക്കുറിച്ച് സംസാരിച്ച ശ്രീ പ്രധാൻ ഇത് സർക്കാരിന്റെ ഒരു സുപ്രധാന സംരംഭമാണെന്ന് പറഞ്ഞു. ഇതിനായി 20 ബില്യൺ ഡോളർ ചെലവിൽ പ്രതിവർഷം 15 എം.എം.ടി ശേഷിയിയുള്ള 5000 കംപ്രസ്ഡ്  ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രജൻ  മിശ്രിത ഇന്ധനത്തിന്റെ ഉപഭോഗത്തിൽ ഉണ്ടാകുന്ന വലിയ മുന്നേറ്റത്തെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, കഴിഞ്ഞ മാസം ദില്ലിയിൽ ഹൈഡ്രജൻ സമ്പുഷ്ട-കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എച്ച്.സി.എൻ.ജി.) പ്ലാന്റും വിതരണ സ്റ്റേഷനും ആരംഭിച്ച കാര്യവും എച്ച്.സി.എൻ.ജി.ബസുകൾ പുറത്തിറക്കിയ കാര്യവും ചൂണ്ടിക്കാട്ടി.

***(Release ID: 1677699) Visitor Counter : 311