പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രതിരോധകുത്തിവയ്പ്പിന്റെ വികസനവും ഉല്‍പ്പാദനപ്രക്രിയകളും മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു

Posted On: 28 NOV 2020 7:17PM by PIB Thiruvananthpuram

പ്രതിരോധകുത്തിവയ്പ്പ് വികസനവും ഉല്‍പ്പാദനപ്രക്രിയകളും വിശാലമായി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് മൂന്ന് നഗരങ്ങളിൽ യാത്ര നടത്തി. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു.
 

ഈ പ്രതിരോധകുത്തിവയ്പ്പ് വികസനയാത്രയിലെ നിര്‍ണ്ണായക ഘട്ടത്തില്‍ അവരുടെ പ്രയത്‌നങ്ങള്‍ക്ക് വേഗത കൂട്ടാനും അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിനായി പ്രധാനമന്ത്രി മുഖാമുഖം കൂടിക്കാഴ്ച നടത്തിയതില്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ഇതിനകം തന്നെ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ കുത്തിവയ്പ്പ് അതിവേഗം ഇത്രയധികം വികസന പുരോഗതി കൈവരിച്ചുവെന്ന വസ്തുതയില്‍ പ്രധാനമന്ത്രി അഭിമാനം രേഖപ്പെടുത്തി. പ്രതിരോധ കുത്തിവയ്പ്പ് വികസനത്തിന്റെ സമ്പൂര്‍ണ്ണയാത്രയില്‍ ഇന്ത്യ എങ്ങനെയാണ് ശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണതത്വങ്ങള്‍ പിന്തുടരുന്നതെന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അതോടൊപ്പം പ്രതിരോധകുത്തിവയ്പ്പ് വിതരണ പ്രക്രിയ കൂടുതല്‍ മെച്ചമാക്കാനുള്ള നിര്‍ദ്ദേശങ്ങളും നൽകി.
 

ഇന്ത്യ പ്രതിരോധ കുത്തിവയ്പ്പുകളെ നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമെന്ന് മാത്രമല്ല, ആഗോള നന്മയായി കൂടിയാണ് പരിഗണിക്കുന്നതെന്നും വൈറസിനെതിരായ കൂട്ടായ പേരാട്ടത്തില്‍ നമ്മുടെ അയല്‍പക്കത്തുള്ള രാജ്യങ്ങളുള്‍പ്പെടെ മറ്റ് രാജ്യങ്ങളെ സഹായിക്കുക ഇന്ത്യയുടെ കടമയാണെന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

രാജ്യത്തെ നിയന്ത്രണ പ്രക്രിയകള്‍ എങ്ങനെ കൂടുതല്‍ മെച്ചമാക്കാമെന്നതില്‍ തുറന്നതും സ്വതന്ത്രമായതുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. കോവിഡ്-19ന് എതിരായ മികച്ച പോരാട്ടത്തിനായി എങ്ങനെയാണ് തങ്ങള്‍  പുതിയതും ആവര്‍ത്തിച്ചുപയോഗിക്കാവുന്നതുമായ മരുന്നുകള്‍ വികസിപ്പിക്കുന്നതെന്നതിന്റെ ഒരു പൊതു അവലോകനം ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുകയും ചെയ്തു.
 

''സൈഡസ് കാഡില്ല വികസിപ്പിക്കുന്ന ഡി.എന്‍.എ അധിഷ്ഠിത ആഭ്യന്തര പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക് സന്ദര്‍ശിച്ചു. ഈ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ അവരുടെ പ്രയത്‌നത്തിന് ഞാന്‍ പ്രശംസിച്ചു. അവരുടെ ഈ യാത്രയ്ക്ക് പിന്തുണ നല്‍കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് സജീവമായി പ്രവര്‍ത്തിക്കുകയാണ്'' അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക് സന്ദര്‍ശനത്തിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.
 

'' അവരുടെ ആഭ്യന്തര കോവിഡ്-19 പ്രതിരോധകുത്തിവയ്പ്പിനെക്കുറിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് ഫെസിലിറ്റി വിശദമാക്കി തന്നു. ഇതുവരെയുള്ള ട്രയലുകളിലെ പുരോഗതിക്ക് ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. അതിവേഗ പുരോഗതിക്കായി അവരുടെ ടീം ഐ.സി.എം.ആറുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുകയാണ്'' ഹൈദരാബാദിലെ ഭാരത് ബയോടെക് ഫെസിലിറ്റി സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി പറഞ്ഞു.
 

'' സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ടീമുമായി നല്ല ആശയവിനിമയം നടത്തി. ഇതുവരെയുണ്ടായ പുരോഗതിയെക്കുറിച്ചും എങ്ങനെയാണ് പ്രതിരോധകുത്തിവയ്പ്പ് ഉല്‍പ്പാദനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നതിന്റെയും വിശദാംശങ്ങള്‍ അവര്‍ പങ്കുവച്ചു. അവരുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ നോക്കി കാണുകയും ചെയ്തു'' സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
 

***


(Release ID: 1676882) Visitor Counter : 223