പ്രധാനമന്ത്രിയുടെ ഓഫീസ്
ജി 20 നേതാക്കളുടെ 15ാമത് ഉച്ചകോടി
Posted On:
21 NOV 2020 10:35PM by PIB Thiruvananthpuram
1. 2020 നവംബര്‍ 21നും 22നുമായി സൗദ്യ അറേബ്യ സംഘടിപ്പിച്ച ജി 20 രാജ്യങ്ങളുടെ 15ാമത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. 19 അംഗരാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും മറ്റു ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും രാജ്യാന്തര സംഘടനകളുടെയും ഭരണത്തലവന്‍മാര്‍ പങ്കെടുത്ത ഉച്ചകോടി കോവിഡ് 19 മഹാവ്യാധി നിമിത്തം വിര്‍ച്വലായാണു നടത്തിയത്.
2. കോവിഡ് 19 മഹാവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് 2020ലെ രണ്ടാമത് ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിനും ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചതിനും സൗദി അറേബ്യയെയും അവിടത്തെ ഭരണ നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
3. '21ാം നൂറ്റാണ്ടില്‍ എല്ലാവര്‍ക്കുമുള്ള അവസരങ്ങള്‍' എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള ഉച്ചകോടി കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. രണ്ടു ദിവസം നീളുന്നതായിരുന്നു ഉച്ചകോടിയുടെ അജണ്ട. മഹാവ്യാധിയെ മറികടക്കുന്നതിനെയും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനെയും ഒപ്പം എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ളതും സുസ്ഥിരവും തകര്‍ച്ചയെ അതിജീവിക്കത്തക്കതുമായ ഭാവി കെട്ടിപ്പടുക്കുന്നതിനെയും കുറിച്ചുള്ള രണ്ടു സെഷനുകള്‍ നടന്നു. മഹാവ്യാധിയെ നേരിടാനാവശ്യമായ തയ്യാറെടുപ്പുകളെയും ഭൂമിയെ സംരക്ഷിക്കുന്നതിനെയും സംബന്ധിച്ചുള്ള പരിപാടികള്‍ ഉച്ചകോടിക്കൊപ്പം നടന്നു.
4. മനുഷ്യന്റെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവാണു മഹാവ്യാധിയെന്നു പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും തൊഴിലും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനപ്പുറം മാനവികതയുടെ ഭാവിയുടെ ട്രസ്റ്റികളാണു നാം ഓരോരുത്തരും എന്ന ബോധത്തോടെ ഉറച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ജി20നോടു ശ്രീ. മോദി അഭ്യര്‍ഥിച്ചു.
5. നാലു പധാന സൂചകങ്ങളോടു കൂടിയ ആഗോള സൂചിക കോവിഡാനന്തര ലോകത്തിന് ആവശ്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിശാലമായ പ്രതിഭാ ശേഖരം, സാങ്കേതിക വിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരുമെന്ന് ഉറപ്പാക്കല്‍, ഭരണ സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കല്‍, വിശ്വാസപൂര്‍വം ഭൂമാതാവിനെ കൈകാര്യം ചെയ്യല്‍ എന്നിവയാണ് അവ. ഈ കാര്യങ്ങള്‍ അടിസ്ഥാനമാക്കി നവലോകത്തിനു അസ്തിവാരമൊരുക്കാന്‍ ജി20 തയ്യാറാകണം.
6. കഴിഞ്ഞ ഏതാനും ദശകങ്ങളായി മൂലധനത്തിനും സാമ്പത്തിക കാര്യങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കുന്നതെങ്കില്‍ വിശാലമായ മാനവ വിഭവ ശേഷി ശേഖരം യാഥാര്‍ഥ്യമാക്കുന്നതിനായി പല കാര്യങ്ങള്‍ ചെയ്യാനുള്ള നൈപൂണ്യവും കഴിവുകള്‍ പുതുക്കലും ആവശ്യമായ കാലം വന്നെത്തിയിരിക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു പൗരന്‍മാരുടെ അന്തസ്സു വര്‍ധിപ്പിക്കുക മാത്രമല്ല, പ്രതസന്ധികളെ നേരിടാനുള്ള മനുഷ്യരുടെ കഴിവു വര്‍ധിപ്പിക്കുകയും ചെയ്യും. പുതിയ സാങ്കേതിക വിദ്യയെ വിലയിരുത്തുന്നത് അതു ജീവിതം സുഗമമാക്കുകയും ജീവിതമേന്‍മ വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ വഹിക്കുന്ന പങ്കിനെ അടിസ്ഥാനമാക്കിയാവണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
7. പരിസ്ഥിതിയുടെയും പ്രകൃതിയുടെയും ഉടമസ്ഥര്‍ എന്നതിനപ്പുറം വിശ്വസ്തര്‍ എന്ന നിലയില്‍ സമീപിക്കുന്നതു പ്രതിശീര്‍ഷ കാര്‍ബണ്‍ ഫുട്പ്രിന്റ് മാനദണ്ഡമായുള്ള സമഗ്രവും ആരോഗ്യകരവുമായ ജീവിതശൈലി ആര്‍ജിക്കാന്‍ നമുക്കു പ്രചോദനമായിത്തീരും.
8. കോവിഡാനന്തര ലോകത്തിലെ സാധാരണ കാര്യമായി 'എവിടെ നിന്നും ജോലി ചെയ്യാ'മെന്നതു മാറിയതിനാല്‍ ജി 20 വിര്‍ച്വല്‍ സെക്രട്ടേറിയറ്റ് രൂപീകരിക്കണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രേഖകളുടെ ശേഖരമായും തുടര്‍പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും ഇതു നിലകൊള്ളും.
9. 2020 നവംബര്‍ 22നു സമാപിക്കുന്ന 15ാമത് ജി 20 നേതാക്കളുടെ ഉച്ചകോടി, നേതാക്കളുടെ പ്രഖ്യാപനം നടക്കുകയും ഇറ്റലിക്കു സൗദി അറേബ്യ അധ്യക്ഷപദം കൈമാറുകയും ചെയ്യുന്നതോടെ അവസാനിക്കും.
***
(Release ID: 1674964)
Visitor Counter : 244
Read this release in:
English
,
Hindi
,
Punjabi
,
Assamese
,
Manipuri
,
Urdu
,
Marathi
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada