രാഷ്ട്രപതിയുടെ കാര്യാലയം

ജെഎന്‍യു ഉൾചേർക്കൽ, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്

Posted On: 18 NOV 2020 4:15PM by PIB Thiruvananthpuram


ജവഹർലാൽ നെഹ്റു സർവകലാശാല ഉൾചേർക്കൽ, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ജെഎൻയുവിന്റെ നാലാമത് വാർഷിക ബിരുദദാന ചടങ്ങിനെ ഇന്ന് (18.11.2020) വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സംസ്കാരത്തിന്റെ എല്ലാ വകഭേദങ്ങളും ജെഎൻയുവിൽ പ്രതിഫലിക്കുന്നുണ്ട്. ക്യാമ്പസിനുള്ളിൽ കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, റോഡുകൾ, മറ്റ് സൗകര്യസംവിധാനങ്ങൾ എന്നിവയുടെ എല്ലാം പേര് ഇന്ത്യൻ പൈതൃകത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളവയാണ്.  ഇന്ത്യയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ ചിത്രത്തെ ഇത് ഏറ്റവും മികച്ച രീതിയിൽ പ്രതിനിധാനം ചെയ്യുന്നു. ഈ ഭാരതീയത ആണ് ജെഎൻയുവിന്റെ പൈതൃകം എന്നും അതിനെ ശാക്തീകരിക്കലാണ് സർവകലാശാലയുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലയിലെ മികച്ച അധ്യാപകർ സ്വതന്ത്ര സംവാദത്തെ പ്രോത്സാഹിപ്പിക്കുകയും വ്യത്യസ്ത അഭിപ്രായങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു. പഠന പ്രക്രിയയുടെ പങ്കാളികളായാണ് വിദ്യാർഥികളെ പരിഗണിക്കുന്നത്. ക്ലാസ് മുറികൾക്ക് അകത്തും പുറത്തും വാശിയേറിയ ചർച്ചകൾക്ക് പേരുകേട്ടതാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നും രാഷ്ട്രപതി പറഞ്ഞു.

****


(Release ID: 1673794) Visitor Counter : 216