പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ആര്‍ ബൈഡനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം


വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍ കമല ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു


ഉഭയകക്ഷി മൂല്യങ്ങളിലും പൊതു താല്‍പ്പര്യവിഷയങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള നയപങ്കാളിത്തം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ ധാരണയായി

Posted On: 17 NOV 2020 11:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബഹുമാന്യനായ ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.
 

വോട്ടെടുപ്പില്‍ വിജയിച്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന് പ്രധാനമന്ത്രി മോദി ഊഷ്മളാഭിവാദ്യങ്ങള്‍ അറിയിച്ചു. ഇത് അമേരിക്കയിലെ ജനാധിപത്യ പാരമ്പര്യങ്ങളുടെ കരുത്തിന്റെയും ഊര്‍ജസ്വലതയുടെയും തെളിവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
 

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍ കമല ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
 

2014-ലും 2016-ലും അമേരിക്ക സന്ദര്‍ശിച്ച സമയത്ത് ഉള്‍പ്പെടെ, ബഹുമാന്യനായ ജോസഫ് ആര്‍. ബൈഡനുമായി നേരത്തെ നടത്തിയിട്ടുള്ള ഇടപെടലുകള്‍ പ്രധാനമന്ത്രി ഊഷ്മളമായി അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ 2016ലെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍, യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിവാദ്യം ചെയ്യുമ്പോള്‍ ബഹുമാന്യനായ ജോസഫ് ആര്‍. ബൈഡനായിരുന്നു അധ്യക്ഷത വഹിച്ചിരുന്നത്.
 

ഉഭയകക്ഷി മൂല്യങ്ങളിലും പൊതു താല്‍പ്പര്യവിഷയങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള നയപങ്കാളിത്തം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ ധാരണയിലെത്തി. കോവിഡ് -19 മഹാമാരി നിയന്ത്രണം, മിതമായ നിരക്കില്‍ വാക്‌സിനുകളുടെ ലഭ്യത, കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യല്‍, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.

 

***



(Release ID: 1673665) Visitor Counter : 190