പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐഐടി ഡൽഹിയുടെ അൻപത്തിയൊന്നാം ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 07 NOV 2020 2:19PM by PIB Thiruvananthpuram

 ഐഐടി ഡൽഹിയുടെ  അൻപത്തിയൊന്നാം വാർഷിക ബിരുദദാന ചടങ്ങിനെ  വിശിഷ്ട അതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാനും, ആത്മ നിർഭർ ഭാരതിന്റെ  പശ്ചാത്തലത്തിൽ, സാധാരണ ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിയാനും പ്രധാനമന്ത്രി യുവ ബിരുദധാരികളോട് ആവശ്യപ്പെട്ടു.  ഇന്നത്തെ ചടങ്ങിൽ  ബിരുദം കരസ്ഥമാക്കിയ രണ്ടായിരത്തോളം യുവാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി യുവജനങ്ങൾ, സാങ്കേതികവിദ്യാ വിദഗ്ധർ, സങ്കേതികവിദ്യ അധിഷ്ഠിത സംരംഭകർ എന്നിവർക്ക്  അവസരം നൽകുന്നതാണ് ആത്മ നിർഭർ  ഭാരത് പദ്ധതിയെന്ന് അഭിപ്രായപ്പെട്ടു.


  സാങ്കേതിക വിദഗ്ധരുടെ ആശയങ്ങളും ചിന്തകളും വർദ്ധിപ്പിക്കാനും പ്രാവർത്തികമാക്കാനും  വിപണനം ചെയ്യാനും  അനുകൂലമായ അന്തരീക്ഷം ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കാരങ്ങളുടെ ഫലമായി ഇതാദ്യമായി, നൂതന ആശയങ്ങൾക്കും പുതിയ സ്റ്റാർട്ടപ്പുകൾക്കും  അവസരം ലഭിച്ചിട്ടുള്ള മേഖലകളുടെ പട്ടിക അദ്ദേഹം എടുത്തുപറഞ്ഞു.

 'സ്റ്റാർട്ടപ്പ് ഇന്ത്യ ക്യാമ്പയിൻ' ആരംഭിച്ചത് മുതൽ ഇതുവരെ അമ്പതിനായിരത്തോളം സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് ആരംഭിച്ചതെന്ന്  പ്രധാനമന്ത്രി പറഞ്ഞു.


 ഗവൺമെന്റ് സ്റ്റാർട്ടപ്പുകളെ  പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഫലമായി, കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് പേറ്റന്റ്കളുടെ എണ്ണം നാല് മടങ്ങും, ട്രേഡ് മാർക്ക് രജിസ്ട്രേഷൻ 5 മടങ്ങും വർദ്ധിച്ചതായി  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

  കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് ഇരുപതോളം വൻകിട ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ  ആരംഭിച്ചിട്ടുണ്ടെന്നും, അടുത്ത ഒന്ന് രണ്ട് വർഷത്തിൽ ഇവയുടെ എണ്ണം ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 വളരെ ചെറുപ്രായത്തിൽ തന്നെ കഠിനമായ പരീക്ഷ  വിജയിക്കാനായതിന്  വിദ്യാർഥികളുടെ അസാധാരണ കഴിവിനെ  അഭിനന്ദിച്ച പ്രധാനമന്ത്രി വിനയാന്വിതരായിരിക്കണമെന്നും   ഇനിയും കഴിവുകൾ വർധിപ്പിക്കണമെന്നും അവരോട് ആവശ്യപ്പെട്ടു.


 ബിരുദദാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ,അധ്യാപകർ, രക്ഷകർത്താക്കൾ, എന്നിവരെ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.  വജ്ര ജൂബിലി ആഘോഷിക്കുന്ന ഐഐടി ഡൽഹിയെ  ആശംസിച്ച പ്രധാനമന്ത്രി, ഇൻസ്റ്റിറ്റ്യൂട്ടിന്റെ  സ്ഥാപിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവിധ ആശംസകളും നേർന്നു.

 

***


(Release ID: 1670955) Visitor Counter : 211