പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനവും ഹസീറയ്ക്കും ഘോഘയ്ക്കുമിടയിലെ റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫും നവംബര്‍ 8ന് പ്രധാനമന്ത്രി നിര്‍വഹിക്കും

Posted On: 06 NOV 2020 2:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 8ന് ഗുജറാത്തിലെ ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഹസീറയ്ക്കും ഘോഘയ്ക്കും ഇടയിലെ റോ-പാക്‌സ് സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 11നാണ് പരിപാടി ആരംഭിക്കുന്നത്. ഈ സേവനം പ്രയോജനപ്പെടുത്തുന്ന പ്രാദേശിക ജനവിഭാഗവുമായി പ്രധാനമന്ത്രി സംവദിക്കും. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.


100 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള റോ-പാക്‌സ് ടെര്‍മിനലാണ് ഹസീറയില്‍ ഉദ്ഘാടനം ചെയ്യുന്നത്. ഏകദേശം 25 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഭരണ നിര്‍വഹണ ഓഫീസ് കെട്ടിടം, പാര്‍ക്കിങ്ങിനായുള്ള സ്ഥലം, സബ്‌സ്റ്റേഷന്‍, വാട്ടര്‍ ടവര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടെര്‍മിനലില്‍ ഉണ്ട്.

ദക്ഷിണ ഗുജറാത്തിലേക്കും സൗരാഷ്ട്ര മേഖലയിലേക്കും ഒരു കവാടമായി ഹസീറ - ഘോഘ റോ-പാക്‌സ് ഫെറി സര്‍വീസ് പ്രവര്‍ത്തിക്കും. ഘോഘയും ഹസീറയും തമ്മിലുള്ള ദൂരം 370ല്‍ നിന്ന് 90 കിലോമീറ്ററായി കുറയ്ക്കാനും ഇതിനു കഴിയും. ചരക്കു നീക്കത്തിനുള്ള സമയം 10-12 മണിക്കൂറില്‍ നിന്ന് നാലു മണിക്കൂര്‍ വരെയാക്കി കുറയ്ക്കുന്നത് വലിയ തോതില്‍ ഇന്ധന ലാഭവുമുണ്ടാക്കും (പ്രതിദിനം ഏകദേശം 9000 ലിറ്റര്‍). വാഹനങ്ങളുടെ പരിപാലനച്ചെലവും ഗണ്യമായി കുറയ്ക്കാനാകും. സൗരാഷ്ട്ര മേഖലയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ ആകുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്കും ഇത് ഊര്‍ജം പകരും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

 

***



(Release ID: 1670639) Visitor Counter : 161