ജൽ ശക്തി മന്ത്രാലയം

സ്മാർട്ട് വാട്ടർ സപ്ലൈ മെഷർമന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം മത്സരം; സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ പരിശോധന പുരോഗമിക്കുന്നു

Posted On: 05 NOV 2020 2:41PM by PIB Thiruvananthpuram

http://static.pib.gov.in/WriteReadData/userfiles/image/image001XFUS.jpg

2024 ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും പൈപ്പ് ജലം എത്തിക്കുക എന്നതാണ് ജൽ ജീവൻ ദൗത്യത്തിന്റെ ലക്ഷ്യം. ദീർഘകാലയളവിൽ, കൃത്യമായ ഗുണമേന്മയിലും അളവിലും ജലം ഉറപ്പാക്കുന്നതിന് ദൗത്യം പ്രത്യേക പ്രാധാന്യം നൽകുന്നു. ഇത് സാധ്യമാക്കുന്നതിന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയ പദ്ധതിയുടെ നിരീക്ഷണവും സേവനവിതരണ വിവരങ്ങളുടെ ശേഖരണവും ആവശ്യമാണ്. ജലവിതരണ ശൃംഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ നവീകരിക്കുന്നത്, നിലവിലെ വെല്ലുവിളികൾ പരിഹരിക്കാനും ഭാവിയിൽ ഉയർന്നുവരാവുന്ന പ്രശ്നങ്ങളെ മുൻകൂട്ടി നേരിടാനും സഹായിക്കും.

 

ഇത് മനസ്സിൽ കണ്ടാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, ദേശീയ ജൽ ജീവൻ ദൗത്യവുമായി ചേർത്ത് സ്മാർട്ട് വാട്ടർ സപ്ലൈ മെഷർമെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം എന്ന ബൃഹത്തായ മത്സരത്തിന് രൂപം നൽകിയത്.

 

അംഗീകാരം നേടുന്ന ആശയങ്ങൾ C-DAC ബെംഗളൂരുവിന്റെ സഹായത്തോടെ ദേശീയ ജല ജീവൻ ദൗത്യത്തിൽ നടപ്പാക്കുന്നതാണ്.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മത്സരാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങളുടെ വികസനത്തിന്‌ ആവശ്യമായ സാങ്കേതികവിദ്യ സഹായം C-DAC നൽകും.

 

രാജ്യത്തെമ്പാടുനിന്നുമായി 218 അപേക്ഷകളാണ് മത്സരത്തിൽ ലഭിച്ചത്. ഇവയുടെ വിദഗ്ധ പരിശോധന നടന്നുവരികയാണ്.

 

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആശയങ്ങളുടെ ഉടമകൾക്ക് പ്രത്യേക വിധികർത്തൃ സമിതിക്ക് മുൻപാകെ തങ്ങളുടെ ആശയങ്ങൾ ഓൺലൈനായി പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്നതാണ്. മത്സരാർത്ഥികളുടെ പ്രദർശനങ്ങൾ, ആശയങ്ങളുടെ വിശദമായ അവലോകനം എന്നിവയ്ക്ക് ശേഷം അടുത്ത ഘട്ടത്തിലേക്കുള്ള പത്ത് ആശയങ്ങൾ തിരഞ്ഞെടുക്കപ്പെടും. അടുത്ത ഘട്ടത്തിൽ ഈ ആശയങ്ങളുടെ പ്രവർത്തനമാതൃക വികസനവും നടക്കും.

 

അവസാനഘട്ടത്തിൽ ഒരു വിജയിയേയും രണ്ട് സഹ വിജയികളെയും തെരഞ്ഞെടുക്കുന്നതാണ്. ഒന്നാമത് എത്തുന്ന വ്യക്തിക്ക് 50 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തുന്ന മറ്റ് രണ്ട് പേർക്ക് 20 ലക്ഷം രൂപ വീതവും സമ്മാനിക്കും.

 

***



(Release ID: 1670369) Visitor Counter : 163