ഊര്‍ജ്ജ മന്ത്രാലയം

210 മെഗാവാട്ട് ലുഹ്‌രി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിക്കായി 1810 കോടി രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 04 NOV 2020 3:35PM by PIB Thiruvananthpuram

210 മെഗാവാട്ട് ലുഹ്‌രി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിക്കായി 1810.56 കോടി രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി  അംഗീകാരം നല്‍കി.  ഹിമാചല്‍ പ്രദേശിലെ ഷിംല, കുളു ജില്ലകളിലായി  സത്‌ലജ് നദിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവര്‍ഷം 758.20 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

സത് ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് (എസ്.ജെ.വി.എന്‍.എല്‍.) ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്-മെയ്‌ന്റെയ്ന്‍ (ബൂം) അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സജീവ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2019 നവംബര്‍ 7 ന് ഉദ്ഘാടനം ചെയ്ത ആഗോള നിക്ഷേപക സംഗമമായ 'റൈസിംഗ് ഹിമാചലി'ല്‍ വച്ച് ഹിമാചല്‍ പ്രദേശ് ഗവണ്മെന്റുമായി ഈ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനായി ഇന്ത്യാ ഗവണ്‍മെന്റ് 66.19 കോടി രൂപ ഗ്രാന്റ് നല്‍കിയും പദ്ധതിക്കു പിന്തുണയേകുന്നുണ്ട്.

62 മാസത്തിനുള്ളില്‍ ലുഹ്‌രി ഒന്നാം ഘട്ട ജലവൈദ്യുത പദ്ധതി ആരംഭിക്കും. പദ്ധതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡ് സ്ഥിരത നല്‍കാന്‍ സഹായിക്കുകയും ഊര്‍ജവിതരണ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും. ഗ്രിഡിലേക്ക് മൂല്യമേറിയ പുനരുപയോഗ ഊര്‍ജം നല്‍കുന്നതിനൊപ്പം, പരിസ്ഥിതിയില്‍ പ്രതിവര്‍ഷം 6.1 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറയ്ക്കുന്നതിനും ഈ പദ്ധതി കാരണമാകും. ഇത് വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കും.

പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രണ്ടായിരത്തോളം പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ നല്‍കും. ഇത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് കാരണമാകും. പദ്ധതി 40 വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമ്പോഴേക്കും ലുഹ്‌രി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിന് 1140 കോടി രൂപയുടെ സൗജന്യ വൈദ്യുതി ലഭിക്കും. പദ്ധതിപ്രദേശത്തെ കുടുംബങ്ങള്‍ക്ക് പത്ത് വര്‍ഷത്തേക്ക് പ്രതിമാസം 100 യൂണിറ്റ് സൗജന്യ വൈദ്യുതിയും നല്‍കും.


പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, വൈദ്യുതി പ്രസരണം, താപവൈദ്യുതി എന്നീ മേഖലകളിലേക്ക് കടന്നിരിക്കുകയാണ് എസ്.ജെ.വി.എന്‍. എല്ലാ സ്രോതസ്സുകളില്‍ നിന്നും 2023 ഓടെ 5000 മെഗാവാട്ട്, 2030 ഓടെ 12000 മെഗാവാട്ട്, 2040 ഓടെ 25000 മെഗാവാട്ട് എന്നിങ്ങനെയാണ് എസ്.ജെ.വി.എൻ വളര്‍ച്ച ലക്ഷ്യമിടുന്നത് .

 

***(Release ID: 1670088) Visitor Counter : 222