പ്രധാനമന്ത്രിയുടെ ഓഫീസ്
ആരംഭ് 2020ല്‍ സിവില്‍ സര്‍വീസ് പ്രൊബേഷണർമാരുമായി പ്രധാനമന്ത്രി സംവദിച്ചതിന്റെ മലയാള പരിഭാഷ
Posted On:
31 OCT 2020 4:46PM by PIB Thiruvananthpuram
നമ്മുടെ പുതിയ തലമുറ ഭരണസംവിധാനത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നു; പരമ്പരാഗതമായതില്‍ നിന്നും നവ ആശയങ്ങൾക്കായി ചിന്തിക്കാന്‍ തയാറാകുന്നു; പുതുതായി എന്തെങ്കിലും ചെയ്യാന്‍ താല്‍പര്യപ്പെടുന്നു. ഇത് എനിക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്; അതുകൊണ്ട് ഞാന്‍ നിങ്ങളെയെല്ലാവരെയും അഭിനന്ദിക്കുന്നു! കഴിഞ്ഞവര്‍ഷം ഈ ദിവസം കെവാഡിയയില്‍ വച്ച് കഴിഞ്ഞവര്‍ഷത്തെ പ്രെബേഷണറി ഓഫീസര്‍മാരുമായി ഞാന്‍ വളരെ വിശദമായി സംവദിച്ചിരുന്നു. അന്ന് ഈ പ്രത്യേക പരിപാടി-ആരംഭ് -തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു; നമ്മള്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നില്‍ നര്‍മ്മദാ മതാവിന്റെ തീരത്ത് ഒത്തുച്ചേരുകയും ഒന്നിച്ച് പര്യാലോചന നടത്തുകയും പുതിയ ആശയങ്ങള്‍ക്ക് രുപം നല്‍കാനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇക്കുറി കൊറോണ മൂലം അത് സാദ്ധ്യമല്ല. ഇക്കുറി നിങ്ങളെല്ലാം മുസൂറിയിലാണ്, ഞാനുമായി വെര്‍ച്ച്വലായാണ് ബന്ധപ്പെട്ടിരിക്കുന്നത്. കൊറോണയുടെ പ്രത്യാഘാതം കുറഞ്ഞുതുടങ്ങുമ്പോള്‍ നിങ്ങള്‍ ഈ അത്ഭുതകരമായ പ്രതിമയ്ക്ക് സമീപമായി നിങ്ങള്‍ ഒരു ചെറിയ ക്യാമ്പ് സംഘടിപ്പിക്കുകയും ഇവിടെ കുറച്ച് സമയം ചെലവഴിയ്ക്കുകയും ഇന്ത്യയുടെ ഈ സവിശേഷമായ ലക്ഷ്യസ്ഥാനം ഒരു വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി എങ്ങനെ വികസിക്കുന്നുവെന്ന് അനുഭവപ്പെടുന്നുവെന്ന് നിങ്ങള്‍ മനസിലാക്കണമെന്നാകണ് എനിക്ക് ഈ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ ആളുകളോടും ഉദ്യോഗസ്ഥരോടും അഭ്യര്‍ത്ഥിക്കാനുള്ളത്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ വികസനയാത്രയില്‍ ഇത് ഒരു പ്രധാനപ്പെട്ട കാലഘട്ടമാണ്. നിങ്ങള്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്ന ഈ കാലം വളരെ സവിശേഷതകളുള്ളതാണ്. നിങ്ങളുടെ ബാച്ച് പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍, നിങ്ങള്‍ ശരിക്കും പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയായിരിക്കും, അതൊരു മഹത്തരമായ നാഴികകല്ലാണ്. സുഹൃത്തുക്കളെ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആലോഷിക്കുമ്പോള്‍ നിങ്ങളായിരിക്കും ഇന്ത്യയെ സേവിക്കുന്ന ഉദ്യോഗസ്ഥര്‍, നിങ്ങളുടെ ജീവിതത്തിന്റെയും ജോലിയുടെയും ഏറ്റവും സുപ്രധാനഘട്ടത്തിലുമായിരിക്കും, ഇത് നിങ്ങള്‍ നിങ്ങളുടെ ഡയറികളില്‍ കുറിച്ചുവച്ചുകൊള്ളുക. 75 വര്‍ഷത്തിനും 100 വര്‍ഷത്തിനും ഇടയ്ക്കുള്ള ആ 25 വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സുരക്ഷ, പാവപ്പെട്ടവരുടെ സുരക്ഷ, കര്‍ഷകരുടെ ക്ഷേമം, വനിതകളുടെയും യുവാക്കളുടെയും താല്‍പര്യം, ആഗോള വേദികളില്‍ ഇന്ത്യയുടെ സ്ഥാനം നോക്കികാണുക എന്നിങ്ങനെ വലിയ ഉത്തരവാദിത്വങ്ങളാണ് നിങ്ങള്‍ക്കുള്ളത്.
സുഹൃത്തുക്കളെ,
ഒരുകണക്കിന് രാജ്യത്തിന്റെ സിവില്‍ സര്‍വീസിന്റെ പിതാവ് സര്‍ദാര്‍ വല്ലഭായിപട്ടേലാണ്. രാജ്യത്തെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസര്‍മാരുടെ ആദ്യത്തെ ബാച്ചിനെ അഭിസംബോധനചെയ്തുകൊണ്ട് 1947 ഏപ്രില്‍ 2ന് സര്‍ദാര്‍ പട്ടേല്‍ സിവില്‍ സേവകരെ രാജ്യത്തിന്റെ ഉരുക്ക് ചട്ടക്കൂടെന്നാണ് വിളിച്ചത്. രാജ്യത്തെ പൗരന്മാരെ സേവിക്കുന്നതാണ് അവരുടെ ഏറ്റവും വലിയ കര്‍ത്തവ്യമെന്ന് സര്‍ദാര്‍ സാഹേബ് ഉപദേശിച്ചു. സിവില്‍ സേവകര്‍ എടുക്കുന്ന ഓരോ തീരുമാനവും രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ളതും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതുമായിരിക്കണമെന്ന് ഞാനും അഭ്യര്‍ത്ഥിക്കുന്നു. അത് ഭരണഘടനയുടെ സത്ത നിലനിര്‍ത്തുന്നതാകണം. നിങ്ങളുടെ പ്രദേശം ചെറുതാണെങ്കിലും നിങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ പരിധി ചെറുതാണെങ്കിലും നിങ്ങളുടെ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യത്തിനനുസരിച്ചായിരിക്കണം. അവിടെ ഒരു ദേശീയപരിപ്രേക്ഷ്യം ഉണ്ടായിരിക്കണം.
സുഹൃത്തുക്കളെ,
ഉരുക്ക് ചട്ടക്കൂടിന്റെ പ്രവര്‍ത്തി നിലവിലുള്ള സംവിധാനത്തെ കൈകാര്യം ചെയ്യുകയോ രൂപപ്പെടുത്തുകയോ മാത്രമല്ല, ഏതൊരു വലിയ പ്രതിസന്ധിയുണ്ടെങ്കിലും അല്ലെങ്കില്‍ വെല്ലുവിളികളുണ്ടെങ്കിലും ഒറ്റശക്തിയായി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുമെന്ന നിങ്ങളുടെ ഉത്തരവാദിത്വം രാജ്യത്തെ ബോദ്ധ്യപ്പെടുത്തുക കൂടിയാണ്. നിങ്ങളുടെ നിര്‍വാഹകര്‍ എന്ന ചുമതല നിങ്ങള്‍ വിജയകരമായി സാക്ഷാത്കരിക്കണം. രംഗത്തിറങ്ങിക്കഴിഞ്ഞാല്‍ നിങ്ങള്‍ വിവിധ തരത്തിലുള്ള ആളുകള്‍ക്കൊപ്പമായിരിക്കും, എന്നാല്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ഈ കര്‍ത്തവ്യം ഓര്‍ക്കണം; അത് മറക്കുകയെന്ന തെറ്റ് ഒരിക്കലും ചെയ്യരുത്. ഏത് ചട്ടക്കൂടോ ആയിക്കോട്ടെ, അത് ഒരു കാറോ, ഒരു കണ്ണടയോ അല്ലെങ്കില്‍ ഒരു ചിത്രമോ ആകട്ടെ, ഒന്നിച്ചുനില്‍ക്കുമ്പോള്‍ മാത്രമേ അത് അര്‍ത്ഥപൂര്‍ണ്ണമാകുന്നുള്ളുവെന്നതും നിങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരു ടീമായി നിങ്ങള്‍ നില്‍ക്കുമ്പോഴും ഒരു ടീമായി പ്രവര്‍ത്തിക്കുമ്പോഴുമാണ് നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഉരുക്ക് ചട്ടക്കൂടിന് വലിയ നേട്ടങ്ങളുണ്ടാക്കാനാകുന്നത്.
സുഹൃത്തുക്കളെ,
'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്'(ഒരു ഭാരതം ശ്രേഷ്ഠഭാരതം) എന്നൊരു സ്വപ്‌നം സര്‍ദാര്‍ പട്ടേലിനുണ്ടായിരുന്നു. സ്വാശ്രയ ഇന്ത്യയുമായി ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ഈ മഹാമാരിയുടെ കാലത്തുപോലും നമ്മള്‍ പഠിച്ച ഏറ്റവും വലിയ പാഠം സ്വാശ്രയത്വത്തിന്റേതായിരുന്നു.ഒരു നവ ഇന്ത്യയുടെ രൂപീകരണത്തിന് സാക്ഷ്യം വഹിക്കുന്നത് ഈ ' ഒരു ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന്റെയൂം സ്വാശ്രയഭാരതത്തിന്റെയും സത്തയാണ്. പുതിയത് എന്നതിന് വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളും വികാരങ്ങളുമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ എന്നെ സംബന്ധിച്ച് പഴയതെല്ലാം എടുത്തുകളയുകയും പുതുതായി എന്തെങ്കിലും കൊണ്ടുവരികയും ചെയ്യുക എന്നതല്ല പുതിയതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 'നവം' എന്നാല്‍ എന്നെ സംബന്ധിച്ച് പുനരുജ്ജീവനമാണ്, സൃഷ്ടിപരമായി, പുതിയതും ഊര്‍ജ്ജസ്വലമായതും!
സുഹൃത്തുക്കളെ,
രാജ്യത്തെ പുതിയ മാറ്റങ്ങള്‍ക്ക് വേണ്ടി, പുതിയ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി, പുതിയ സമീപനങ്ങളും രീതികളും സ്വീകരിക്കുന്നതിന് വേണ്ടി, കഴിവുകള്‍ വികസിപ്പിക്കാനായി പരിശീലനം വളരെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷം കൊണ്ട് സിവില്‍ സേവകര്‍ക്കുള്ള പരിശീലന പ്രക്രിയകള്‍ എങ്ങനെ സമൂലമായി പരിഷ്‌ക്കരിച്ചുവെന്ന് നിങ്ങള്‍ തന്നെ കണ്ടതാണ്. പരിശീല രീതിയില്‍ വളരെയധികം മാറ്റങ്ങള്‍ വന്നു. ഈ 'ആരംഭ്' ഒരു തുടക്കം മാത്രമല്ല, ഒരുപുതിയ പാരമ്പര്യത്തിന്റെ പ്രതീകം കൂടിയാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗവണ്‍മെന്റ് മറ്റൊരു സംഘടിതപ്രവര്‍ത്തനമായ മിഷന്‍ കര്‍മ്മയോഗിക്കും തുടക്കം കുറിച്ചു. കാര്യശേഷിനിര്‍മ്മാണത്തിന്റെ ദിശയിലേക്കുള്ള ഒരു പുതിയ പരീക്ഷണമാണ് മിഷന്‍ കര്‍മ്മയോഗി.
സുഹൃത്തുക്കളെ,
നിങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ദീര്‍ഘയാത്രയ്ക്ക് മേല്‍ ചട്ടങ്ങള്‍ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ കൂടുതലും കര്‍ത്തവ്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ചട്ടങ്ങളും കര്‍ത്തവ്യങ്ങളും തമ്മില്‍ നിരന്തരപോരാട്ടം നടക്കും. രണ്ടും തമ്മില്‍ എപ്പോഴും സംഘര്‍ഷമുണ്ടായിരിക്കും. ചട്ടങ്ങള്‍ക്ക് അവയുടേതായ പ്രാധാന്യമുണ്ട്. കര്‍ത്തവ്യങ്ങള്‍ക്ക് അതിന്റേതായ സവിശേഷമായ ഉത്തരവാദിത്വമുണ്ട്. ഇവ രണ്ടുതമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാകണം; ഇതാണ് നിങ്ങള്‍ക്കുള്ള കളി; ഒരു വലിച്ചുകെട്ടിയ കയറില്‍ നടന്നുകൊണ്ട്. കുറച്ചുകാലമായി ഗവണ്‍മെന്റ് കര്‍ത്തവ്യാതിധിഷ്ഠിത സമീപനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. അതിന്റെ ഫലങ്ങള്‍ പ്രത്യക്ഷവുമാണ്.
സുഹൃത്തുക്കളെ,
ജീവിതം ചലനാത്മകമാണെന്നാണ് പറയുന്നത്. ഗവണ്‍മെന്റും ചലനാത്മകമായ ഒരു പ്രതിഭാസമാണ്. അതുകൊണ്ട് നമ്മള്‍ ഉത്തരവാദിത്വ ഗവണ്‍മെന്റിനെക്കുറിച്ച് സംസാരിക്കുന്നു. ആദ്യമായി ഒരു സിവില്‍സേവകന് അനിവാര്യമായത് അദ്ദേഹം രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരിക്കണം. നിങ്ങള്‍ ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍, ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്നത് അത് സുഗമമാക്കും. 'ബ്യൂറോക്രാറ്റ്' എന്ന തസ്തിക ഒരിക്കലും നിങ്ങളുടെ തലയില്‍ കയറരുത്. നിങ്ങള്‍ വരുന്ന നാട്, കുടുംബം നിങ്ങള്‍ വരുന്ന സമൂഹം എന്നിവയൊന്നും ഒരിക്കലും മറക്കരുത്. സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക.
സുഹൃത്തുക്കളെ,
ഈ അക്കാദമിയില്‍ നിന്നും ബിരുദം നേടിയശേഷം നിങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ നിങ്ങള്‍ക്ക് രണ്ടുപാതകളുണ്ടായിരിക്കും. ഒരുവഴിഅനായാസതയുടെയൂം സൗകര്യത്തിന്റെയും പേരിന്റെയും പ്രശസ്തിയുടേതുമായ വഴിയായിരിക്കും. മറ്റേത് വെല്ലുവിളികളുടെയും പ്രതിസന്ധികളുടേയും പോരാട്ടങ്ങളുടെയും പ്രശ്‌നങ്ങളുടെയൂം പാതയായിരിക്കും. എന്റെ പരിചയത്തില്‍ നിന്നും ഇന്ന് ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അനായാസതയുടെ പാത എടുക്കുമ്പോഴാണ് നിങ്ങള്‍ യഥാര്‍ത്ഥ വെല്ലുവിളി അഭിമുഖീകരിക്കുന്നത്. വളവുകളില്ലാത്ത റോഡുകളാണ് ഏറ്റവും അപകടകരമെന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. നിരവധി വളവുകളുള്ള ഒരു റോഡില്‍ ഡ്രൈവര്‍ വളരെയധികം ശ്രദ്ധാലുവായിരിക്കും. അതുകൊണ്ട് അവിടെ വളരെ കുറച്ച് അപകടങ്ങളേ ഉണ്ടാകുകയുള്ളു. അതുകൊണ്ട് നേരെ മുമ്പോട്ടുള്ള വഴി ചിലപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ളതാകും. നിങ്ങള്‍ സഞ്ചരിക്കുന്ന ദേശനിര്‍മ്മാണത്തിന്റെയും സ്വാശ്രയ ഇന്ത്യയുടെയും അത്യുല്‍കര്‍ഷേച്ഛ പാത അനായസകരമായിരിക്കണമെന്നില്ല.
സുഹൃത്തുക്കളെ,
നിങ്ങള്‍ എവിടെ പോയാലും ഒരുകാര്യം കൂടി മനസില്‍ വച്ചിരിക്കണം. പ്രവര്‍ത്തികൊണ്ട് ഇത് മാദ്ധ്യമങ്ങളുമായി ചര്‍ച്ചചെയ്യേണ്ട ഒരു കാര്യമാണെന്നതും മറ്റൊരുകാര്യം മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യുന്ന വിഷയമായതുകൊണ്ട് പ്രവര്‍ത്തിക്കേണ്ട വിഷയമാണെന്നതുമാണ്. പേരില്ലാതെ പ്രവര്‍ത്തിക്കുന്ന ജനങ്ങളായാണ് സിവില്‍ സേവകരെ തിരിച്ചറിയപ്പെടുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്തിലേക്ക് നിങ്ങള്‍ നോക്കുകയാണെങ്കില്‍ ചിലപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനകാലം മുഴുവനും പേരില്ലാതെ തുടര്‍ന്ന ചില ശക്തരായ ആള്‍ക്കാരെ കുറിച്ച് ചിലപ്പോള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും. ആര്‍ക്കും അവരുശട പേരുകള്‍ അറിയില്ല, എന്നാല്‍ വിരമിച്ചശേഷം ചിലര്‍ അവരെക്കുറിച്ച് ചിലത് എഴുതും അപ്പോഴാണ് ഈ ബാബു രാജ്യത്തിന് വേണ്ടി ഇത്രയധികം സംഭാവന ചെയ്തുവെന്ന് അറിയുന്നത്; അതാണ് നിങ്ങള്‍ക്കും അനുയോജ്യമായത്. കഴിഞ്ഞ 4-5 പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നിങ്ങളുടെ മുന്‍ഗാമികള്‍ മഹത്തായ അച്ചടക്കോടെ ഇത് പിന്തുടരുകയായിരുന്നു. നിങ്ങളും ഇത് മനസില്‍ സൂക്ഷിക്കണം.
സുഹൃത്തുക്കളെ,
ഞാന്‍ എന്റെ യുവ രാഷ്ട്രീയ സഹപ്രവര്‍ത്തകരായ എം.എല്‍.എമാരും നമ്മുടെ എം.പിമാരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഞാന്‍ അവരോട് നിര്‍ബന്ധമായും രണ്ടു ആകുലകതളില്‍ നിന്ന് അതായത് 'ദിക്കാസും ചാപ്പാസും'അകന്നുനില്‍ക്കാന്‍ പറയും.നിങ്ങളോടും അതേകാര്യം തന്നെയാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, ദിക്കാസ് എന്നാല്‍ ടി.വിയില്‍ പ്രത്യക്ഷപ്പെടുന്നതും ചാപ്പാസ് എന്നാല്‍ പത്രങ്ങളില്‍ അച്ചടിക്കുന്നതും. നിങ്ങള്‍ക്ക് ഈ രണ്ടുരോഗങ്ങളും പിടിപെട്ടാല്‍, എന്തുലക്ഷ്യത്തോടെയാണോ നിങ്ങള്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നത് അത് നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
സുഹൃത്തുക്കളെ,
'പ്രാദേശികതയ്ക്ക് വേണ്ടിയുള്ള വാദം' (വോക്കല്‍ ഫോര്‍ ലോക്കല്‍) എന്ന ആശയം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിരിക്കും. ഇല്ലേ? അടുത്ത രണ്ടു നാലു ദിനം കൊണ്ട് ഇന്ത്യയ്ക്കുള്ളില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ വിയര്‍പ്പും രക്തവുകൊണ്ട് നിര്‍മ്മിക്കുന്ന ഏതെല്ലാം വസ്തുക്കള്‍ നിങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നുവെന്നതിന്റെ ഒരു പട്ടികയുണ്ടാക്കുകയും ഇന്ത്യാക്കാരുടെ പ്രതിഭകളെ സൂക്ഷ്മമായി വര്‍ണ്ണിക്കുകയും അതോടൊപ്പം ഇന്ത്യയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന നിങ്ങള്‍ ഉപയോഗിക്കുന്ന ഷൂ മുതല്‍ തലമുടിക്ക് വേണ്ടി നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കളെയും ഇതുപോലെ ചെയ്യുക. ഈ വസ്തുക്കളിലേക്ക് നോക്കുക, ഇന്ത്യയില്‍ ലഭിക്കാത്തതായ വസ്തുക്കള്‍ അല്ലെങ്കില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത വസ്തുക്കള്‍ ഒഴികെ നിങ്ങള്‍ക്ക് എന്തെല്ലാം സാധനങ്ങള്‍ പ്രാദേശികമായി വാങ്ങാന്‍ കഴിയും? മിക്കവാറും അത്തരത്തില്‍പ്പെട്ട 50ല്‍ 30ഉം പ്രാദേശികമായി വാങ്ങാന്‍ കഴിയും. നിങ്ങള്‍ക്ക് ഇപ്പോഴും ഈ ഉല്‍പ്പന്നങ്ങളെക്കുറിച്ച് അയില്ലായിരിക്കും എന്നാലും എങ്ങനെ ഇവയുടെ ഉപയോഗം കുറയ്ക്കാമെന്ന് പരിശ്രമിച്ചുനോക്കുക.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ യുവ സുഹൃത്തുക്കളെ!
സ്വാതന്ത്ര്യത്തിന്റെ 100വര്‍ഷത്തെ സ്വപ്‌നങ്ങളും നിശ്ചയദാര്‍ഢ്യങ്ങളും അതോടൊപ്പം ഭാവി തലമുറകളേയും രാജ്യം നിങ്ങള്‍ക്ക് കൈമാറുകയാണ്. വരാനിരിക്കുന്ന 25-35 വര്‍ഷങ്ങള്‍ രാജ്യം നിങ്ങള്‍ക്ക് കൈമാറുകയാണ്. നിങ്ങള്‍ക്ക് അത്ര മഹത്തരമായ ഒരു പാരിതോഷികമാണ് ലഭിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന നിലയില്‍ നിങ്ങളുടെ കൈകളില്‍ അത് മുറുക്കിപിടിക്കുക; കര്‍മ്മയോഗിയുടെ ഉത്സാഹം ഉണര്‍ത്തുക. നിങ്ങളെല്ലാം കര്‍മ്മയോഗത്തിന്റെ പാതയിലൂടെ തുടര്‍ന്നും സഞ്ചരിക്കുമെന്നും പുരോഗതിയുണ്ടാക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെയെല്ലാം അഭിനന്ദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വളരെയധികം നന്ദിപ്രകാശിപ്പിക്കുന്നു. ഓരോ നിമിഷവും ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഓരോ സെക്കന്റിലും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. എപ്പോള്‍ ആവശ്യമുണ്ടായാലും നിങ്ങള്‍ക്ക് എന്റെ വാതില്‍ക്കല്‍ മുട്ടാം. ഞാനവിടെയുള്ളിടത്തോളം കാലം, ഞാന്‍ എവിടെയായിരുന്നാലും ഞാന്‍ നിങ്ങളുടെ സുഹൃത്താണ്., ഞാന്‍ നിങ്ങളുടെ പങ്കാളിയാണ്. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇപ്പോള്‍ മുതല്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിച്ച് തുടങ്ങാം. നമുക്ക് മുന്നോട്ട് നീങ്ങാം.
വളരെയധികം നന്ദി!
***
(Release ID: 1669865)
Visitor Counter : 240
Read this release in:
Kannada
,
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu