പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തര്‍പ്രദേശിലെ സ്വനിധി ഗുണഭോക്താക്കളുമായി നടത്തിയ സമ്പര്‍ക്കപരിപാടിയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
Posted On:
27 OCT 2020 1:29PM by PIB Thiruvananthpuram
പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കളുമായി ഇപ്പോള്‍ ഞാന്‍ സംസാരിച്ചപ്പോള്‍ എല്ലാവരും സന്തുഷ്ടരാണ് ഒപ്പം അത്ഭുതപരതന്ത്രരുമാണ് എന്ന് എനിക്കു മനസിലായി. മുമ്പ് ശമ്പളക്കാരായ ആളുകളായിരുന്നു വായ്പകള്‍ക്കായി ബാങ്കുകളില്‍ കയറി ഇറങ്ങിയിരുന്നത്. പാവപ്പെട്ടവര്‍ക്കും തെരുവു കച്ചവടക്കാര്‍ക്കും ബാങ്ക് ഒരു സ്വപ്‌നം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ബാങ്കുകള്‍ നിങ്ങളുടെ വീട്ടുപടിക്കലേയ്ക്ക് നേരിട്ട് വരുന്നു. സ്വന്തം വ്യാപാരം തുടങ്ങുന്നതിന് വളരെ ലളിതമായി ആര്‍ക്കു വേണമെങ്കിലും വായ്പ ലഭ്യമാണ്. നിങ്ങളുടെ എല്ലാവരുടെയും മുഖങ്ങളിലെ ഈ ആഹ്ലാദം കാണുവാന്‍ എനിക്കു വളരെ സംതൃപ്തിയുണ്ട്. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഞാന്‍ എല്ലാ നന്മകളും ആശംസിക്കുന്നു. ഉത്തര്‍പ്രദേശിനെയും രാജ്യത്തെ തന്നെയും നയിക്കുന്നതിനായി ആത്മവിശ്വാസത്തോടെ മുന്നേറുക.
നമ്മുടെ വഴിയോരക്കച്ചവടക്കാരായ സുഹൃത്തുക്കള്‍ ഇതിന് ഗവണ്‍മെന്റിനോട് നന്ദി പറയുകയും എന്നോട് അവരുടെ കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ അതിന്റെ ബഹുമതി മുഴുവന്‍ ബാങ്കുകള്‍ക്കും ബാങ്കിലെ ജീവനക്കാരുടെ പരിശ്രമങ്ങള്‍ക്കും നല്കുന്നു. ബാങ്കു ജീവനക്കാരുടെ സേവന മനോഭാവം ഇല്ലായിരുന്നെങ്കില്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ വലിയ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ല. പാവപ്പെട്ടവരെ കുറിച്ചുള്ള ചിന്തകള്‍ അവര്‍ക്കുവേണ്ടി അനേകം മടങ്ങു കൂടുതല്‍ ജോലി ചെയ്യാന്‍ അവരെ ഉത്സാഹഭരിതരാക്കി. അതിനാല്‍ നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും ബാങ്ക് ജീവനക്കാര്‍ക്ക് ആയിരിക്കട്ടെ എന്നാണ് എന്റെ താല്പര്യം. ഈ പ്രവൃത്തി മൂലം പാവപ്പെട്ടവരുടെ ഉത്സവങ്ങളും പ്രകാശമാനമായിരിക്കുന്നു.
ഈ ചടങ്ങില്‍ എന്നോടൊപ്പം ചേരുന്നത് ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്ജി, ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാര്‍, ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സ്വനിധി ഗുണഭോക്താക്കള്‍, എല്ലാ ബാങ്കുകളിലെയും ഉദ്യോസ്ഥര്‍, എന്റെ സഹോദരി സഹോദരന്മാര്‍ എന്നിവരാണ്. ഇന്ന് സ്വാശ്രയ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുദിനമാണ്.
ലോകത്തില്‍ കൊറോണ മഹാവ്യാധി പൊട്ടി പുറപ്പെട്ടപ്പോള്‍ ഇന്ത്യയിലെ പാവപ്പെട്ടവരെ കുറിച്ച് എല്ലാവര്‍ക്കും വലിയ ആശങ്കകളായിരുന്നു. കേന്ദ്രഗവണ്‍മെന്റിനും അതിന്റെ എല്ലാ പരിശ്രമങ്ങളിലും ഉത്ക്കണ്ഠ ഉണ്ടായിരുന്നു. ഈ ഉത്ക്കണ്ഠ മനസില്‍ വച്ചുകൊണ്ടാണ് രാജ്യത്ത് 1.70 ലക്ഷം കോടിയുടെ ഗരിബ് കല്യാണ്‍ യോജന പദ്ധതി തുടങ്ങിയത്. ഗവണ്‍മെന്റ് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജനം പ്രഖ്യാപിച്ചപ്പോഴും പ്രഥമ പരിഗണന നല്കിയത് പാവപ്പെട്ടവരുടെ ക്ഷേമത്തിനായിരുന്നു. പ്രധാന്‍ മന്ത്രി സ്വനിധി യോജന പാവപ്പെട്ടവരുടെ പരിശ്രമങ്ങളെ സഹായിക്കുന്നു. ഇന്ന് നമ്മുടെ തെരുവ് വ്യാപാരി സുഹൃത്തുക്കള്‍ക്ക് അവരുടെ ജോലി പുനരാരംഭിക്കാന്‍ സാധിക്കുന്നു, സ്വാശ്രയമായി മുന്നേറാന്‍ സാധിക്കുന്നു.
സുഹൃത്തുക്കളെ,
രാജ്യത്ത് ജൂണ്‍ 1 നാണ് പ്രധാന്‍ മന്ത്രി സ്വനിധി യോജന ആരംഭിച്ചത്. കൃത്യം ഒരു മാസത്തിനു ശേഷം അതായത് ജൂലൈ 2 ന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി അതിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലും തുറന്നു. പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഈ വേഗതയ്ക്ക് ഇതാദ്യമായിട്ടാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായിട്ടാണ് തെരുവു കച്ചവടക്കാര്‍ക്ക് ഒരു ജാമ്യവുമില്ലാത്തതും താങ്ങാവുന്നതുമായ വായ്പാ പദ്ധതി തയാറായിരിക്കുന്നത്. സ്വാശ്രയ ഇന്ത്യ പ്രചാരണത്തിന് നിങ്ങള്‍ നല്കിയ സംഭാവനയെ ഇന്ന് രാജ്യം ആദരിക്കുന്നു.
സുഹൃത്തുക്കളെ,
വഴിയോരക്കച്ചവടക്കാരായ നമ്മുടെ സഹോദരങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ തുടക്കം മുതല്‍ തന്നെ പദ്ധതി വളരെ ശ്രദ്ധിച്ചിരുന്നു. ഇതില്‍ ഇടനിലക്കാരില്ല, ഇതിനായി ആരും ഗവണ്‍മെന്റ് ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതുമില്ല. ഓണ്‍ലൈനില്‍ നിങ്ങള്‍ക്കു തന്നെ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ മുനിസിപ്പല്‍ ഓഫീസിലെയോ ബാങ്ക് ശാഖയിലേയോ പൊതുജന സേവന കേന്ദ്രം സന്ദര്‍ശിച്ച് ഈ സേവനം ആവശ്യപ്പെടാം.
സുഹൃത്തുക്കളെ, ഉത്തര്‍പ്രദേശിന്റെ സമ്പദ് വ്യവസ്ഥയില്‍ വഴിയോരക്കച്ചവടക്കാരുടെ സംഭാവന വളരെ വലുതാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പലായനത്തെ വലിയ തോതില്‍ ലഘൂകരിക്കുന്നത് ഈ തെരുവു വ്യാപാരമാണ്. അതുകൊണ്ടു തന്നെ പ്രധാന്‍ മന്ത്രി സ്വനിധി യോജനയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ രാജ്യത്ത് എറ്റവും മുന്നില്‍ നില്ക്കുന്നതും ഉത്തര്‍പ്രദേശ് തന്നെ. പദ്ധതിയിലേയ്ക്ക് പരമാവധി അപേക്ഷകള്‍ ലഭിച്ചിരിക്കുന്നതും ഉത്തര്‍പ്രദേശിലെ വഴിയോരക്കച്ചവടക്കാരില്‍ നിന്നാണ്. രാജ്യമെമ്പാടും നിന്ന് മൊത്തം 25 ലക്ഷം സ്വനിധി വായ്പാ അപേക്ഷകള്‍ ലഭിച്ചതില്‍ 12 ലക്ഷം അപേക്ഷകളും അംഗീകരിച്ചു കഴിഞ്ഞു. ഇതില്‍ 6.5 ലക്ഷം അപേക്ഷകള്‍ ഉത്തര്‍ പ്രദേശില്‍ നിന്നാണ്. അതില്‍ തന്നെ 3.45 ലക്ഷവും അംഗീകരിച്ചിരിക്കുന്നു. ഞാന്‍ ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ജിയെയും അദ്ദേഹത്തിന്റെ ടീമിനെയും അഭിനന്ദിക്കുന്നു. കാരണം അവര്‍ വഴിയോരക്കച്ചവടക്കാരോട് വലിയ താല്പര്യമാണ് കാണിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ സ്വനിധി യോജനയുടെ വായ്പാ വ്യവസ്ഥയെ സ്റ്റാമ്പു ഡ്യൂട്ടിയില്‍ നിന്നു പോലും ഒഴിവാക്കിയിരിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കൊറോണ വ്യാധിക്കാലത്ത് ആയിരക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായമാണ് ഉത്തര്‍പ്രദേശിലെ ആറു ലക്ഷം വരുന്ന തെരുവു വ്യാപാരികള്‍ക്ക് നല്കിയത്. ഇതിനും ഞാന്‍ ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിനു നന്ദി പറയുന്നു.
സുഹൃത്തുക്കളെ,
രാജ്യത്ത് പാവപ്പെട്ടവര്‍ക്ക് വായ്പ നല്കിയാല്‍ അവര്‍ അതു തിരിച്ചടയ്ക്കില്ല എന്നൊരു സങ്കല്പം ഇവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു. അത് മുമ്പ് ദാരിദ്ര്യത്തെ വച്ച് രാഷ്ട്രീയം കളിച്ചവര്‍ ഉണ്ടാക്കിയെടുത്ത സാഹചര്യമാണ്. എന്നാല്‍ ഞാന്‍ പറയുന്നു, പാവപ്പെട്ടവര്‍ സത്യസന്ധതയോടും ആത്മാഭിമാനത്തോടും ഒരിക്കലും വിട്ടുവീഴ്ച്ചയ്ക്കു തയാറാവില്ല. പാവപ്പെട്ടവര്‍ ഒരിക്കല്‍ കൂടി ഈ യാഥാര്‍ത്ഥ്യം തെളിയിച്ചിരിക്കുന്നു. സ്വനിധി പദ്ധതി വഴി വായ്പ ലഭിച്ച ഭൂരിഭാഗം തെരുവു വ്യാപാരികളും കൃത്യ സമയത്തു തന്നെ അതു തിരിച്ചടയ്ക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ നമ്മുടെ വഴിയോരക്കച്ചവടക്കാർ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുകയും അവരുടെ വായ്പാ ഗഡുക്കള്‍ തിരിച്ചടയ്ക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ബാങ്കുകളും മറ്റു സ്ഥാപനങ്ങളും വഴി നിങ്ങള്‍ക്ക് സ്വനിധി യോജനയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടാവും. ഈ പദ്ധതിയുടെ കീഴില്‍ എളുപ്പത്തില്‍ വായ്പ ലഭിക്കും. കൃത്യസമയത്ത് ഗഡുക്കള്‍ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശമേല്‍ 7 ശതമാനം കുറവും ലഭിക്കും. മാത്രവുമല്ല ഗഡുക്കളുടെ അടവിന് ഡിജിറ്റല്‍ കൈമാറ്റമാണ് നിങ്ങള്‍ സ്വീകരിക്കുന്നത് എങ്കില്‍ മാസം 100 രൂപ വീതം നിങ്ങള്‍ക്ക് അക്കൗണ്ടിലും ലഭിക്കും. ഇതു രണ്ടും നിങ്ങള്‍ കൃത്യമായി ചെയ്താല്‍ നിങ്ങളുടെ വായ്പ പലിശരഹിതമാകും. അടുത്ത തവണ ഇതിലും വലിയ സംഖ്യ നിങ്ങള്‍ക്ക് വായ്പയായി ലഭിക്കുകയും ചെയ്യും. ഈ പണം ഉപയോഗിച്ച് നിങ്ങളുടെ വ്യാപാരം നിങ്ങള്‍ക്ക് വിപുലമാക്കാം.
സുഹൃത്തുക്കളെ,
ഇതാണ് നിരവധി വര്‍ഷങ്ങളായി നാം പരിശ്രമിക്കുന്ന എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും വികസനം എന്ന നയത്തിന്റെ ഫലം.
സുഹൃത്തുക്കളെ, പാവപ്പെട്ടവര്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ പലരും നെറ്റി ചുളിച്ചു, കളിയാക്കി. എന്നാല്‍ ഇന്ന് പ്രതിസന്ധിയുടെ സമയത്ത് അതെ ജന്‍ധന്‍ അക്കൗണ്ടുകള്‍ പാവപ്പെട്ടവരെ സഹായിക്കുന്നു, പുരോഗതിയിലേയ്ക്കു മുന്നേറാന്‍ അവരെ തുണയ്ക്കുന്നു. ഇന്ന് ലോകരാജ്യങ്ങള്‍ പോലും സാമ്പത്തിക പ്രതിസന്ധിക്കു മുന്നില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കെ നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ പിടിച്ചു നില്ക്കുന്നു. ഇന്ന് പ്രധാന്‍ മന്ത്രി ആവാസ് യോജന വഴി നമ്മുടെ പാവപ്പെട്ടവര്‍ക്ക് സ്വന്തമായി വീടുകള്‍ ലഭിക്കുന്നു. സൗഭാഗ്യ യോജന വഴി വൈദ്യുതി ലഭിക്കുന്നു, ആയൂഷ്മാന്‍ യോജന വഴി 5 ലക്ഷം രൂപ വരെ ചെലവു വരുന്ന ചികിത്സ ലഭിക്കുന്നു എല്ലാം സൗജന്യമായി. ഇന്ന് ഇവിടെ പാവപ്പെട്ടവര്‍ക്കു സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉണ്ട്. പാവങ്ങളുടെ സമഗ്ര ജീവിത പുരോഗതിയ്ക്കു വേണ്ടി എന്നതാണ് രാജ്യത്തിന്റെ പ്രതിജ്ഞ.എല്ലാ തെരുവു വ്യാപാരികള്‍ക്കും, തൊഴിലാളികള്‍ക്കും, കൃഷിക്കാര്‍ക്കും ഈ അവസരത്തില്‍ ഞാന്‍ ഉറപ്പു നല്കുന്നു, നിങ്ങളുടെ തൊഴില്‍ വികസിപ്പിക്കുന്നതിന്, നിങ്ങളുടെ ജീവിതപുരോഗതിക്ക് വേണ്ടി രാജ്യം കഴിയുന്നതെല്ലാം ചെയ്യുന്നതാണ്.
സുഹൃത്തുക്കളെ,
എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചും കൊറോണ മഹാവ്യധിയെ ധീരമായി നേരിടുന്നതിന് രോഗപ്രതിരോധ നടപടികള്‍ ശ്രദ്ധാപൂര്‍വം പാലിക്കുന്നതിന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ ശ്രദ്ധയുംഅവബോധവും കൊണ്ട് ഈ മഹാമാരിയെ പരാജയപ്പെടുത്താന്‍ ഉടന്‍ തന്നെ രാജ്യത്തിനു സാധിക്കും. സ്വാശ്രയ ഇന്ത്യ എന്ന നമ്മുടെ സ്വപ്‌നം വൈകാതെ യാഥാര്‍ത്ഥ്യമാക്കാനും നമുക്കു സാധിക്കും എന്നാണ് എന്റെ പ്രത്യാശ. ഈ ആശംസകളോടെ, നിങ്ങളുടെ ഉത്സവങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നിങ്ങളെ അഭിനന്ദിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ എല്ലാ പുരോഗതിയും ലഭ്യമാക്കാൻ ഈശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നിർത്തുന്നു.
വളരെ വളരെ നന്ദി.
***
(Release ID: 1669591)
Visitor Counter : 187
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada