ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

100 പുതിയ വന, ജൈവ ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി ട്രൈഫെഡിന്റെ ഉൽപ്പന്ന ശ്രേണി വിപുലമാക്കി

Posted On: 26 OCT 2020 3:12PM by PIB Thiruvananthpuram

 

കേന്ദ്ര ഗോത്രവർഗ്ഗ മന്ത്രാലയത്തിന് കീഴിലെ ട്രൈഫെഡിന്റെ 'ട്രൈബ്സ് ഇന്ത്യ' ഉൽപ്പന്ന ശ്രേണിയിലേക്ക് 100 പുതിയ വന, ജൈവ ഉൽപ്പന്നങ്ങളെ കൂടി ഉൾപ്പെടുത്തി. പ്രകൃതിദത്ത ജൈവവിഭവങ്ങളും, ഗോത്രജനത നിർമിക്കുന്ന ഉൽപന്നങ്ങളും ചേർന്ന പുതിയ ഉൽപ്പന്ന ശ്രേണി ഇന്ന് വിർച്വൽ ആയി നടന്ന ചടങ്ങിൽ ട്രൈഫെഡ് മാനേജിംഗ് ഡയറക്ടർ ശ്രീ പ്രവീർ കൃഷ്ണ പുറത്തിറക്കി. 

ആഴ്ച അടിസ്ഥാനത്തിൽ നൂറോളം പുതിയ വിഭവങ്ങൾ/ഉൽപ്പന്നങ്ങൾ എന്നിവ പുറത്തിറക്കുകയും ട്രൈബ്സ് ഇന്ത്യ കാറ്റലോഗിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ ഉള്ള ആദ്യ ശ്രേണിയാണ് ഇന്ന് ഓൺലൈനായി പുറത്തിറക്കിയത്. ഇവയോടൊപ്പം ഇനി ഉൾപ്പെടുത്താൻ പോകുന്ന ഉൽപ്പന്നങ്ങളും ട്രൈബ്സ് ഇന്ത്യയുടെ 125 ഔട്ട്‌ലെറ്റുകൾ, ട്രൈബ്സ് ഇന്ത്യ മൊബൈൽ വാനുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആയ ട്രൈബ്സ് ഇന്ത്യ ഇ-മാർക്കറ്റ് പ്ലേസ്(tribesindia.com), ഇ-ടൈലേഴ്സ് എന്നിവ വഴി ലഭ്യമാകും. വനവിഭവങ്ങൾ ശേഖരിക്കുന്ന ഗോത്രജനതയ്ക്കും ഗോത്ര കരകൗശല വിദഗ്ധർക്കും സുസ്ഥിരമായ വരുമാനവും ജീവനോപാധിയും ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമെമ്പാടുമുള്ള ഗോത്ര വിഭാഗക്കാരിൽ നിന്നും പുതിയ ഉൽപന്നങ്ങളും പ്രകൃതിവിഭവങ്ങളും സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഹിമാചൽപ്രദേശിലെ കിനൗരിൽ നിന്നുള്ള ഗോൾഡൻ ഗ്രീൻ, റെഡ് ആപ്പിളുകൾ; തമിഴ്നാട്ടിലെ നീലഗിരി ഗോത്രജനതയിൽ നിന്നും വിത്തുള്ള പുളി, ഗ്രാമ്പൂ, യൂക്കാലിപ്റ്റസ് തൈലം, കോഫി പൗഡർ; രാജസ്ഥാനിലെ മീന ഗോത്ര വിഭാഗത്തിൽപ്പെട്ടവർ നിർമ്മിച്ച  ട്രൈബ്സ്  ഇന്ത്യ ബ്രാൻഡഡ് മാസ്ക്കുകൾ, വടക്ക് കിഴക്ക് പ്രദേശത്തു നിന്നുള്ള നിരവധി ഉൽപന്നങ്ങൾ എന്നിവ ഇന്ന് പുറത്തിറക്കിയ ശ്രേണിയിലുൾപ്പെടുന്നു.

****(Release ID: 1667616) Visitor Counter : 181