ആഭ്യന്തരകാര്യ മന്ത്രാലയം

ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സംരക്ഷണ പൊലീസിന്റെ 59-ാമത് സ്ഥാപക ദിനാഘോഷങ്ങളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ.ജി കിഷന്‍ റെഡ്ഡി പങ്കെടുത്തു

Posted On: 24 OCT 2020 3:48PM by PIB Thiruvananthpuram

ഗ്രെയിറ്റര്‍ നൊയിഡയില്‍ നടന്ന ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സംരക്ഷണ പൊലീസിന്റെ 59-ാമതു സ്ഥാപക ദിനാഘോഷങ്ങളില്‍  കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ.ജി കിഷന്‍ റെഡ്ഡി പങ്കെടുക്കുകയും പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.  ലോക സമാധാനത്തിന്റെ സന്ദേശം പകരുന്ന വസുധൈവ കുടുംബകത്തെ കുറിച്ചാണ് നമ്മുടെ സംസ്‌കാരം വിവരിക്കുന്നത് എന്ന് പ്രസംഗത്തില്‍ ശ്രീ.റെഡ്ഡി പറഞ്ഞു. അതോടൊപ്പം തന്നെ ശത്രു സൃഷ്ടിക്കുന്ന എല്ലാത്തരം പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിന് നമ്മെതന്നെ സ്വയം ശാക്തീകരിക്കണമെന്ന മന്ത്രവും നമ്മുടെ സംസ്‌കാരം നമ്മോട് ഉപദേശിക്കുന്നു. 1962 ല്‍ സ്ഥാപിതമായതു മുതല്‍  ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസ് നമ്മുടെ അതിര്‍ത്തി സംരക്ഷിച്ചു വരികയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 

വൈഷമ്യങ്ങള്‍ എന്തുമാകട്ടെ, ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസിലെ ജവാന്മാര്‍ മാതൃരാജ്യത്തോടുള്ള അവരുടെ ചുമതലകള്‍ ഉയര്‍ന്ന രാഷ്ട്ര സ്‌നഹത്തോടും ആത്മവീര്യത്തോടും കൂടി അനുഷ്ഠിക്കുന്നു.

നമ്മുടെ പര്‍വത അിര്‍ത്തികളില്‍ പ്രതീകൂലവും അതീവ ദുഷ്‌കരമായ സാഹചര്യങ്ങളിലും നിഷ്ഠയോടും വൈദഗ്ധ്യത്തോടും കൂടിയാണ് നമ്മുടെ സൈന്യം ജോലി ചെയ്യുന്നത് എന്ന് ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ സേവനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ശ്രീ റെഡ്ഡി അനുസ്മരിച്ചു. ജമ്മു കാഷ്മീരില്‍ ഭീകരര്‍ക്കെതിരെയും ഛത്തിസ്ഗഡില്‍ ഇടതു തീവ്രവാദത്തിനെതിരെയും ഒരേ പ്രാഗത്ഭ്യത്തോടെയാണ് ഇന്തോ ടിബറ്റന്‍ സൈന്യം  പോരാടുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ഇന്തോ ടിബറ്റന്‍ പൊലീസ് സേനയെ ശാക്തീകരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സ്വയം സമര്‍പ്പിതമാണ് എന്നും ശ്രീ.കിഷന്‍ റെഡ്ഡി പ്രഖ്യാപിച്ചു.
 

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷായുടെ ഫലപ്രദമായ നേതൃത്വത്തില്‍  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്തോ ടിബറ്റന്‍ പൊലീസ് സേനയെ കൂടുതല്‍ കാര്യക്ഷമവും ആധുനികവുമാക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതിര്‍ത്തിയില്‍ പുതിയ 47 ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്തോ ടിബറ്റന്‍ പൊലീസ് സേനയ്ക്ക് അനുമതി നല്കിയതായി ശ്രീ. റെഡ്ഡി അറിയിച്ചു. ഈ വര്‍ഷം 28 ഇനം പുതിയ വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസിനായി ഈ വര്‍ഷം 7,223 കോടിയുടെ ബജറ്റ് വിഹിതവും 15 കോടി രൂപയിലധികം നടത്തിപ്പിനുമായി അനുവദിച്ചിട്ടുണ്ട്. 
 

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടം നടത്തിയപ്പോള്‍ ഇന്തോ ടിബറ്റന്‍ പൊലീസ് സേനാംഗങ്ങളും അതില്‍ സജീവമായി അണി ചേര്‍ന്നതായി ശ്രീ. റെഡ്ഡി വ്യക്തമാക്കി. ലോക് ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിദൂര മേഖലകളില്‍ ജനങ്ങള്‍ക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം ഏറ്റെടുത്ത് നടത്തിയത് ഇന്തോ ടിബറ്റന്‍ പൊലീസ് സേനാംഗങ്ങളാണ്. രാജ്യത്ത് കോവിഡ് മഹാമാരി വ്യാപിച്ചപ്പോള്‍ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഇന്തോ ടിബറ്റന്‍ പൊലീസ് സേനാംഗങ്ങള്‍ കാഴ്ച്ച വച്ചതെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ശ്രീ. അമിത് ഷായുടെ നേതൃത്വത്തില്‍ ഛത്താപ്പൂരില്‍  സര്‍ദാര്‍ പട്ടേല്‍ കോവിഡ് ആശുപത്രി എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് -19 ആശുപത്രി സ്ഥാപിച്ചുകൊണ്ട് ഇന്തോ ടിബറ്റന്‍ പൊലീസ് സേനാംഗങ്ങള്‍  രാഷ്ട്രസേവനത്തിന്റെ ഉദാത്ത മാതൃകയായി.  പൊതു ജനത്തിന് കുടിവെള്ളം വിതരണം ചെയ്യുന്നതിനും വിദൂര ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനും ഛത്തിസ്ഗഡിലെ കായിക മേഖയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളെ രംഗത്തിറക്കാൻ ഇന്തോ  ടിബറ്റന്‍ പൊലീസ് കഠിനാധ്വാനം ചെയ്തു. ഗ്രാമങ്ങളില്‍ നിന്നും രോഗികളെയും വഹിച്ച്  കാല്‍നടയായി അനേകം കിലോമീറ്ററുകള്‍ താണ്ടിയാണ് അവര്‍ ആശുപത്രികളില്‍ എത്തിച്ചത്.
 

ഇന്ത്യ ഗവണ്‍മെന്റിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ വന്‍ വിജയമാക്കുന്നതിന് ഇന്തോ  ടിബറ്റന്‍ പൊലീസ് സജീവ പങ്കാളിത്തം വഹിച്ചതായും കേന്ദ്ര സഹമന്ത്രി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷായ്ക്കു വേണ്ടി ആയിരക്കണക്കിന് വൃക്ഷത്തെകളാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇന്തോ  ടിബറ്റന്‍ പൊലീസ്  നട്ടു വളര്‍ത്തുന്നത്. ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ആരോഗ്യ അവബോധം വളര്‍ത്തുന്നതിന് ഇന്തോ  ടിബറ്റന്‍ പൊലീസിലെ ജവാന്മാര്‍ വ്യാപകമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലും ഇന്തോ  ടിബറ്റന്‍ പൊലീസ് സേനാംഗങ്ങള്‍ നിര്‍ണായക സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്. ഇന്തോ  ടിബറ്റന്‍ അതിര്‍ത്തി പൊലീസിലെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശ്രീ.റെഡ്ഡി, രാഷ്ട്രവും ഗവണ്‍മെന്റും അവര്‍ക്ക് ഒപ്പമാണ് എന്ന് രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പും നല്കി.ഇന്തോ  ടിബറ്റന്‍ പൊലീസ് സേനാംഗങ്ങള്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡലും 23 വിശിഷ്ട സേവാ പൊലീസ് മെഡലും ശ്രീ.റെഡ്ഡി വിതരണം ചെയ്തു. ഇന്തോ  ടിബറ്റന്‍ പൊലീസ് സേനാംഗങ്ങളോട് അവരുടെ ത്യാഗത്തിനും ധീരതയ്ക്കും രാഷ്ട്രം എന്നും കടപ്പെട്ടിരിക്കുന്നു എന്ന് പ്രസംഗം അവസാനിപ്പിക്കവെ മന്ത്രി പറഞ്ഞു.
 

നേരത്തെ ഇന്തോ  ടിബറ്റന്‍ അതിര്‍ത്തി പൊലീസ് ഡയറക്ടര്‍ ജനറല്‍ ശ്രീ.സുര്‍ജിത് സിംങ് ദേശ്വാള്‍ ടിബറ്റന്‍ അതിര്‍ത്തി പൊലീസ് സേനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വമായി വിവരിച്ചു. ആധുനിക വാഹനങ്ങള്‍, ജാക്കറ്റുകള്‍, ഹെല്‍മെറ്റുകള്‍ തുടങ്ങിയവ നേരിട്ട് വാങ്ങുന്നത് ഉള്‍പ്പടെ ടിബറ്റന്‍ അതിര്‍ത്തി പൊലീസ് സേനയുടെ നവീകരണം നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. കോവിഡ് 19 -ന്റെ പ്രതികൂല സാഹചര്യത്തില്‍ ആരോഗ്യ മേഖലയിലും മറ്റും സൗജന്യമായി സേവനം ചെയ്യാന്‍ ലഭിച്ച അവസരം,  രാഷ്ട്രത്തെ സേവിക്കുവാന്‍ ലഭിച്ച സന്ദര്‍ഭമായി കരുതി അതില്‍ സേന അഭിമാനം കൊള്ളുന്നതായി ശ്രീ. ദേശ്വാള്‍ പറഞ്ഞു.

പോയ വര്‍ഷം സേനയുടെ നേട്ടങ്ങള്‍ പരാമര്‍ശിക്കുന്ന പ്രത്യേക വാര്‍ഷിക സ്മരണികയായ ദേവഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യാതിഥി നിര്‍വഹിച്ചു. ഇതില്‍ ഉത്തരാഖണ്ഡിലെ വിശുദ്ധ സ്ഥലങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
 

ഇന്ത്യോ ചൈനാ യുദ്ധകാലത്ത് , 1962 ഒക്ടോബര്‍ 24 നും രൂപീകൃതമായ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസ് സേന പ്രധാനമായി കാത്തു സംരക്ഷിക്കുന്നത് രാഷ്ട്രത്തിന്റെ ഹിമാലയന്‍ മേഖലയില്‍ 3488 കിലോമീറ്ററാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 മുതല്‍ 18800 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അതിര്‍ത്തിയിലെ പോസ്റ്റുകളിലാണ് ഇവര്‍ സേവനം അനുഷ്ഠിക്കുന്നത്.  അതിര്‍ത്തി സംരക്ഷണം കൂടാതെ  നക്‌സല്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം പോലെ മറ്റു സുരക്ഷാ ചുമതലകളിലും ഇവരെ നിയോഗിക്കാറുണ്ട്.

 

****

 

 



(Release ID: 1667414) Visitor Counter : 177