പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന


കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്ന് പൗരന്മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ലോക്ക്ഡൗണ്‍ ഒഴിവാക്കിയെങ്കിലും വൈറസ് എവിടെയും പോയിട്ടില്ലെന്നും പ്രധാനമന്ത്രി

ജാഗ്രത പുലര്‍ത്തുക; ഇത് അലസതയ്ക്കും അലംഭാവത്തിനുമുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി

രാജ്യത്തിനായി നിസ്വാര്‍ത്ഥ സേവനം നടത്തിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് കൊറോണ പോരാളികള്‍ എന്നിവരുടെ പ്രയത്നങ്ങള്‍ക്ക് അഭിനന്ദനം

വാക്‌സിന്‍ ഉല്‍പ്പാദനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; ഓരോ പൗരനും വാക്‌സിന്‍ ലഭ്യമാക്കാനുള്ള മാര്‍ഗമാണ് ഗവണ്‍മെന്റ് ഒരുക്കുന്നത്

രാജ്യത്ത് രോഗമുക്തി നിരക്കു വര്‍ധിച്ചു; മരണനിരക്ക് താഴ്ന്നു: പ്രധാനമന്ത്രി

Posted On: 20 OCT 2020 7:52PM by PIB Thiruvananthpuram

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍, ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്നും അലംഭാവം കാട്ടരുതെന്നും ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന്റെ അര്‍ത്ഥം കൊറോണ വൈറസിനെ തുടച്ചു നീക്കാനായി എന്നല്ലെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

രാജ്യമെമ്പാടും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ജനങ്ങള്‍ വീടുവിട്ടിറങ്ങാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങള്‍ എത്തിയതോടെ വിപണികളും സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയെന്ന് ശ്രീ മോദി നിരീക്ഷിച്ചു.

കഴിഞ്ഞ 7-8 മാസങ്ങളായി ഓരോ ഇന്ത്യക്കാരന്റെയും പ്രയത്നത്താല്‍ ഇന്ത്യ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും അത് വഷളാകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ധിച്ചെന്നും മരണനിരക്ക് കുറവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ 10 ലക്ഷം പൗരന്മാരിലും 5500 ഓളം പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചിട്ടുള്ളത്. എന്നാല്‍,  അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 25,000 ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓരോ 10 ലക്ഷം പൗരന്മാരിലും ഇന്ത്യയിലെ മരണനിരക്ക് 83 ആണെന്നും വികസിത രാജ്യങ്ങളായ യുഎസ്, ബ്രസീല്‍, സ്പെയിന്‍, ബ്രിട്ടന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇത് 600 ആണെന്നും അദ്ദേഹം പറഞ്ഞു.

പല വികസിത രാജ്യങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍, രാജ്യത്തെ നിരവധി പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കോവിഡ് അനുബന്ധ അടിസ്ഥാനസൗകര്യങ്ങളില്‍ രാജ്യത്തിനുണ്ടായ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. കൊറോണ രോഗികള്‍ക്കായി 90 ലക്ഷത്തിലധികം കിടക്കകളും രാജ്യത്തൊട്ടാകെ 12,000 ക്വാറന്റൈന്‍ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടായിരത്തിലധികം കൊറോണ പരിശോധനാ ലാബുകള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നു, പരിശോധനകളുടെ എണ്ണം ഉടന്‍ തന്നെ 10 കോടി കടക്കും.

സമ്പല്‍സമൃദ്ധമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പൗരന്മാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതായി കാണാം. കോവിഡ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിക്കുന്നത് ഏറെ കരുത്തു പകരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

''സേവാ പരമോ ധര്‍മ്മ'' എന്ന മന്ത്രം പിന്തുടര്‍ന്ന് ഇത്രയും വലിയ ജനസംഖ്യയെ നിസ്വാര്‍ത്ഥമായി സേവിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രയത്നത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

ഈ പ്രയത്നങ്ങള്‍ക്കിടയിലും അലംഭാവം കാട്ടരുതെന്നും. കൊറോണ വൈറസ് ഇല്ലാതായെന്നും ഇപ്പോള്‍ കൊറോണയില്‍ നിന്ന് അപകടമൊന്നുമില്ലെന്നും കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നു പിന്നാക്കം പോയ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ''നിങ്ങള്‍ അശ്രദ്ധരായി മുഖാവരണമില്ലാതെ പുറത്തുപോകുകയാണെങ്കില്‍, നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും കുട്ടികളെയും പ്രായമായവരെയും ഒരേപോലെ അപകടത്തിലാക്കുകയാണ്.''

അമേരിക്കയിലും യൂറോപ്പിലും കൊറോണ ബാധിതരുടെ എണ്ണം തുടക്കത്തില്‍ കുറയുകയും എന്നാല്‍ പെട്ടെന്നു വര്‍ധിക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

മഹാമാരിക്കെതിരായ വാക്സിന്‍ കണ്ടെത്തുന്നതുവരെ അശ്രദ്ധ പാടില്ലെന്നും കോവിഡ് -19നെതിരായ പോരാട്ടം ദുര്‍ബലമാക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മനുഷ്യരാശിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും നമ്മുടെ രാജ്യത്തേതുള്‍പ്പെടെ നിരവധി ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയ്‌ക്കെതിരായ വിവിധ വാക്‌സിനുകളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അവയില്‍ ചിലത് വലിയ പുരോഗതി പ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ ലഭ്യമായ ഉടന്‍ തന്നെ ഓരോ പൗരനും എത്തിക്കുന്നതിനായി വിശദമായ മാര്‍ഗരേഖയും ഗവണ്‍മെന്റ് തയ്യാറാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിന്‍ എത്തുന്നതുവരെ അലംഭാവം പാടില്ലെന്ന് ജനങ്ങളോട് അദ്ദേഹം വീണ്ടും അഭ്യര്‍ത്ഥിച്ചു.

നാം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചെറിയ അശ്രദ്ധ പോലും് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും നമ്മുടെ സന്തോഷത്തിന് വിഘാതം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

6 അടി ദൂരം പാലിക്കാനും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകാനും മുഖാവരണങ്ങള്‍ ധരിക്കാനും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.


***


(Release ID: 1666237)