സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് എംഎസ്എംഇ മന്ത്രാലയം 2,800 ഓളം കോർപ്പറേറ്റ് കമ്പനികൾക്ക് കത്തെഴുതി

Posted On: 19 OCT 2020 9:56AM by PIB Thiruvananthpuram

 

എംഎസ്എംഇകൾ നൽകിയ സേവനങ്ങൾക്കും സാധനങ്ങൾക്കും കൊടുത്തു തീർക്കേണ്ട തുക ഈമാസം തന്നെ കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട്, എംഎസ്എംഇ മന്ത്രാലയം 2,800 ഓളം കോർപ്പറേറ്റുകൾക്ക് കത്തയച്ചു.

എംഎസ് എം ഇ കൾക്കുള്ള കുടിശ്ശിക തുക സംബന്ധിച്ചു രാജ്യത്തെ 500 കോർപറേറ്റുകൾക്ക് മന്ത്രാലയം കഴിഞ്ഞമാസം കത്തയച്ചിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കേന്ദ്ര സർക്കാർ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം 13,400 കോടി രൂപ ഇത്തരത്തിൽ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതിൽ 3,700 കോടി രൂപ സെപ്റ്റംബറിൽ മാത്രം വിതരണം ചെയ്തതാണ്. 

എംഎസ്എംഇകൾക്ക് കൊടുത്തു തീർക്കാൻ ഉള്ള തുക സംബന്ധിച്ച പ്രത്യേക വ്യവസ്ഥകളും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇവയിൽ ഇങ്ങനെ പറയുന്നു:

* പണലഭ്യത സംബന്ധിച്ച് രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി TReDS എന്ന പേരില്‍ ഒരു പ്രത്യേക ബിൽ ഡിസ്കൗണ്ടിങ് സംവിധാനത്തിന് ആർബിഐ തുടക്കം കുറിച്ചിരുന്നു. കേന്ദ്രസർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, 500 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള കമ്പനികൾ എന്നിവർ നിർബന്ധമായും ഈ സംവിധാനത്തിൽ പങ്കാളികളാകേണ്ടതാണ്. എന്നാൽ ഇതിൽ ചേരാതെയോ, ഇതിലൂടെ ഇടപാടുകൾ നടത്താതെയോ ആയ നിരവധി കമ്പനികൾ രാജ്യത്തുണ്ട്. തങ്ങൾ ഈ സംവിധാനത്തിന്റെ ഭാഗമായോ എന്ന് പരിശോധിക്കാൻ മന്ത്രാലയം എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു.

* MSME കൾക്കുള്ള തുക 45 ദിവസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്ന് എംഎസ്എംഇ വികസന നിയമം 2006 വ്യവസ്ഥ ചെയ്യുന്നു. എംഎസ്എംഇ കൾക്ക് കൊടുത്തു തീർക്കാനുള്ള തുക അടക്കം രാജ്യത്തെ കോർപ്പറേറ്റുകൾ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് അർദ്ധവാർഷിക റിട്ടേണുകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഇത് പൂർണമായി പാലിക്കപ്പെട്ടിട്ടില്ല. ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം കോർപ്പറേറ്റുകളോട് ആവശ്യപ്പെട്ടു.

****


(Release ID: 1665806) Visitor Counter : 212