ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു



ദശലക്ഷത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കും ഉയര്‍ന്ന പരിശോധനയും ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ സ്ഥാനം നിലനിര്‍ത്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 55,342 പേര്‍ക്ക്

Posted On: 13 OCT 2020 12:32PM by PIB Thiruvananthpuram



കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി, ആഗോളതലത്തില്‍ ദശലക്ഷത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കും ഉയര്‍ന്ന പരിശോധനയും ഉള്ള രാജ്യങ്ങളിലൊന്ന് എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി.

ദശലക്ഷത്തിലെ രോഗികള്‍ ആഗോളതലത്തില്‍ 4,794 ആണ്. ഇന്ത്യയിലിത് 5,199 ആണ്. ബ്രിട്ടന്‍, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ദശലക്ഷത്തിലെ കോവിഡ് കേസുകളുടെ എണ്ണം കൂടുതല്‍ ആണ്.

ഇന്ത്യയില്‍ ദശലക്ഷത്തിലെ കോവിഡ് മരണങ്ങള്‍ 79 ആണ്. ലോക ശരാശരി 138 ആണ്.
 
ആകെ പരിശോധനകളുടെ കാര്യത്തില്‍ മികച്ച നിലയിലാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,73,014 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ആകെ പരിശോധനകള്‍ 8.89 കോടിയായി (8,89,45,107).

കൃത്യമായ പരിശോധനയും രോഗസ്ഥിരീകരണവും സമയബന്ധിതമായ ചികിത്സയും ഉയര്‍ന്ന രോഗമുക്തിക്കും മരണനിരക്ക് കുറയ്ക്കാനും കാരണമായി.
 
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളായ യുഎസ്എ, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തുന്നത് അനുചിതമാണ്. പ്രധാനമായും ജനസംഖ്യയുടെ പശ്ചാത്തലത്തില്‍ തുല്യനിലയിലല്ല ഈ രാജ്യങ്ങള്‍. ദശലക്ഷം പേരില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ലഭ്യത, ആരോഗ്യത്തിനായി ചെലവഴിക്കുന്ന ജിഡിപിയുടെ ശതമാനം തുടങ്ങിയ മാനദണ്ഡങ്ങളില്‍, ഉയര്‍ന്ന വരുമാനമുള്ള മറ്റു രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത് ശരിയായ ഫലം നല്‍കില്ല.


സ്ഥിരീകരിക്കപ്പെടുന്ന കേസുകളില്‍ രാജ്യത്ത് സ്ഥിരമായ കുറവുണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ശരാശരി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവു രേഖപ്പെടുത്തി. ദിവസേനയുള്ള പുതിയ കേസുകളുടെ പ്രതിവാര ശരാശരി സെപ്റ്റംബര്‍ രണ്ടാം വാരത്തിലെ 92,830-ല്‍ നിന്ന് ഒക്ടോബര്‍ രണ്ടാം ആഴ്ചയിലായപ്പോഴേക്കും 70,114 ആയി കുറഞ്ഞു.

ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് രോഗം ബാധിച്ചവരുടെ 11.69% മാത്രമാണ് (8,38,729).  തുടര്‍ച്ചയായ അഞ്ചാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിന് താഴെയാണ്.

സ്ഥിരീകരിച്ച പുതിയ കേസുകളില്‍ 76 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നും/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമാണ്. ഏറ്റവും കൂടുതല്‍ പുതിയ രോഗികളുടെ കാര്യത്തില്‍ കര്‍ണാടക, മഹാരാഷ്ട്രയെ മറികടന്നു. രണ്ടിടത്തും 7,000 ത്തില്‍ കൂടുതല്‍ പുതിയ രോഗികളുണ്ട്. കര്‍ണാടക, കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് രോഗമുക്തരായത് 77,760 പേരാണ്. ഇതോടെ ആകെ രോഗമുക്തരുടെ  എണ്ണം 62 ലക്ഷം (62,27,295) കവിഞ്ഞു. ദേശീയതലത്തില്‍ രോഗമുക്തി നിരക്ക് 86.78% ആണ്.


പുതുതായി രോഗമുക്തരായവരില്‍ 78% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 15,000 ത്തിലധികം പേരും കര്‍ണാടകത്തില്‍ 12,000 ത്തിലധികം പേരും രോഗമുക്തരായി.

രാജ്യത്തെ കോവിഡ് മരണങ്ങള്‍ തുടര്‍ച്ചയായ പത്താം ദിവസവും ആയിരത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 706 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 79 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മരണസംഖ്യയുടെ 23 ശതമാനവും മഹാരാഷ്ട്രയിലാണ് (165 മരണം).
 

****
 


(Release ID: 1663979) Visitor Counter : 226