പ്രധാനമന്ത്രിയുടെ ഓഫീസ്
നിര്‍മിത ബുദ്ധി സംബന്ധിച്ച മെഗാ വിര്‍ച്വല്‍ ഉച്ചകോടി റെയ്‌സ് 2020 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഇന്ത്യ നിര്‍മിത ബുദ്ധിയുടെ ആഗോള കേന്ദ്രമാകും: പ്രധാനമന്ത്രി
നിര്‍മിത ബുദ്ധി സംബന്ധിച്ച ദേശീയ പദ്ധതി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തും: പ്രധാനമന്ത്രി
Posted On:
05 OCT 2020 8:51PM by PIB Thiruvananthpuram
നിര്‍മിത ബുദ്ധി സംബന്ധിച്ച മെഗാ വിര്‍ച്വല്‍ ഉച്ചകോടി റെയ്‌സ് 2020 പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റെയ്‌സ് 2020 മറ്റു മേഖലകള്‍ക്കൊപ്പം ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, സ്മാര്‍ട് മൊബിലിറ്റി എന്നീ മേഖലകളില്‍ സാമൂഹിക പരിവര്‍ത്തനവും ഉള്‍ച്ചേര്‍ക്കലും ശാക്തീകരണവും സാധ്യമാക്കുന്നതിനായി ആശയങ്ങള്‍ കൈമാറുന്നതിനുള്ള ആഗോള കൂട്ടായ്മയാണ്.
നിര്‍മിത ബുദ്ധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു സംഘാടകരെ പ്രധാനമന്ത്രി പ്രശംസിച്ചു. സാങ്കേതിക വിദ്യ നമ്മുടെ തൊഴിലിടങ്ങളെ പരിവര്‍ത്തന വിധേയമാക്കി എന്നും കണക്റ്റിവിറ്റി വര്‍ധിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തവും നിര്‍മിത ബുദ്ധിയും തമ്മിലുള്ള ബന്ധം മാനുഷികതയാല്‍ നിര്‍മിത ബുദ്ധിയെ സമ്പന്നമാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി ഭൂമിയില്‍ അദ്ഭുതങ്ങള്‍ കാണിക്കാന്‍ യോജിച്ച പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ ഇന്ത്യ വിജ്ഞാനത്തിന്റെയും പഠനത്തിന്റെയും മേഖലകളില്‍ മുന്നോട്ടു നയിച്ചിട്ടുണ്ടെന്നും ഡിജിറ്റല്‍ രംഗത്തെ മെച്ചമാര്‍ന്ന പ്രകടനത്തിലൂടെ ലോകത്തെ രാജ്യം സന്തോഷിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുതാര്യതയും സേവനം ലഭ്യമാക്കലും മെച്ചപ്പെടുത്താന്‍ സാങ്കേതിക വിദ്യ എങ്ങനെ സഹായിക്കുന്നു എന്ന് ഇന്ത്യ അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്ന് ശ്രീ. മോദി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സവിശേഷ തിരിച്ചറിയല്‍ സംവിധാനമായ ആധാറും ലോകത്തിലെ ഏറ്റവും നൂതന ഡിജിറ്റല്‍ പണമിടപാടു സംവിധാനമായ യു.പി.ഐയും ചേര്‍ന്നു ദരിദ്രര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും നേരിട്ടു പണം കൈമാറുന്നതു പോലെയുള്ള സാമ്പത്തിക സേവനങ്ങള്‍ എങ്ങനെ സാധ്യമാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാവ്യാധിക്കാലത്തു പരമാവധി നേരത്തെയും ഏറ്റവും ഫലപ്രദമായ രീതിയിലും ജനങ്ങള്‍ക്കു സഹായമെത്തിക്കുന്നതിന് അതു സഹായിച്ചു.
നിര്‍മിത ബുദ്ധിയുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി, വരുംകാലങ്ങളില്‍ ഈ രംഗത്തു കൂടുതല്‍ ഇന്ത്യക്കാര്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരുമിച്ചു ജോലി ചെയ്യല്‍, വിശ്വാസം, സഹകരണങ്ങള്‍, ഉത്തരവാദിത്തം, ഉള്‍ച്ചേര്‍ക്കല്‍ എന്നീ അടിസ്ഥാനപരമായ ആശയങ്ങള്‍ ഈ ലക്ഷ്യത്തിലേക്കുള്ള സമീപനത്തെ ശാക്തീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പഠനവും നൈപുണ്യ വികസനവും വിദ്യാഭ്യാസത്തിന്റെ പ്രധാന ഭാഗമായുള്ള ദേശീയ വിദ്യാഭ്യാസ നയം 2020 ഇന്ത്യ അടുത്തിടെ അംഗീകരിച്ചതു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വിവിധ പ്രാദേശിക ഭാഷകളിലും നാടോടി ഭാഷകളിലും ഇ-കോഴ്‌സുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സമ്പൂര്‍ണ ഉദ്യമത്തിനു നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമുകളുടെ സ്വാഭാവിക ഭാഷാ സമ്പ്രദായ (എന്‍.എല്‍.പി.) ശേഷി ഗുണകരമാകും. ഏപ്രില്‍ 2020ല്‍ തുടക്കമിട്ട 'യുവാക്കള്‍ക്കായി ഉത്തരവാദിത്തപൂര്‍ണമായ നിര്‍മിത ബുദ്ധി' പദ്ധതി പ്രകാരം 11,000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടിസ്ഥാന കോഴ്‌സ് പൂര്‍ത്തിയാക്കിയെന്നും അവര്‍ നിര്‍മിത ബുദ്ധി പ്രോജക്ടുകള്‍ തയ്യാറാക്കിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിര്‍മിത ബുദ്ധി സംബന്ധിച്ച ദേശീയ പദ്ധതി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മിത ബുദ്ധിക്കു വലിയ പങ്കു വഹിക്കാന്‍ സാധിക്കുന്ന മേഖലകള്‍ ശ്രീ. മോദി എണ്ണിപ്പറഞ്ഞു: കൃഷി, വരുംതലമുറ നഗരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം സൃഷ്ടിക്കല്‍, ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കലും മലിനജലം ഒഴിവാക്കുന്ന സംവിധാനം മെച്ചപ്പെടുത്തലും ഊര്‍ജ ഗ്രിഡുകള്‍ സ്ഥാപിക്കലും ദുരന്ത പരിപാലന സംവിധാനം ശക്തിപ്പെടുത്തലും കാലാവസ്ഥാ പ്രശ്‌നം പരിഹരിക്കലും പോലുള്ള നഗരമേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍. ആശയ വിനിമയത്തിനു ഭാഷ തടസ്സമാകുന്നത് ഒഴിവാക്കാനും ഭാഷാ വൈവിധ്യവും ഗ്രാമ്യഭാഷകളും സംരക്ഷിക്കാനും നിര്‍മിത ബുദ്ധി ഉപയോഗിപ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. വിജ്ഞാനം പങ്കുവെക്കുന്നതിനും അദ്ദേഹം നിര്‍മിത ബുദ്ധി നിര്‍ദേശിച്ചു.
നിര്‍മിത ബുദ്ധി എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത് എന്ന വിശ്വാസം നേടിയെടുക്കുന്നതില്‍ അല്‍ഗോരിതം ട്രാന്‍സ്പാരന്‍സി പ്രധാനമാണെന്നും അത് ഉറപ്പാക്കേണ്ടതു നമ്മുടെ പൊതു ഉത്തരവാദിത്തമാണെന്നും്പ്രധാനമന്ത്രി പറഞ്ഞു.
നിര്‍മിത ബുദ്ധിയെ നോണ്‍-സ്‌റ്റേറ്റ് ആക്ടര്‍മാര്‍ ആയുധവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്തുന്നതില്‍നിന്നു ലോകത്തെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. മനുഷ്യന്റെ സൃഷ്ടിപരതയും വികാരങ്ങളുമാണു നമ്മുടെ ഏറ്റവും വലിയ കരുത്തെന്നും യന്ത്രങ്ങളെ അപേക്ഷിച്ചു നമുക്കുള്ള സവിശേഷത ഇതാണെന്നും ശ്രീ. മോദി പറഞ്ഞു. യന്ത്രങ്ങളേക്കാള്‍ ബൗദ്ധികമായ ഔന്നത്യം നിലനിര്‍ത്താന്‍ എങ്ങനെ സാധിക്കുമെന്ന് എല്ലാവരും ചിന്തിക്കണമെന്നും മനുഷ്യ ബുദ്ധി എല്ലായ്‌പ്പോഴും നിര്‍മിത ബുദ്ധിയെക്കാള്‍ ഒരു ചുവടു മുന്നിലാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. സ്വന്തം ശേഷി വര്‍ധിപ്പിക്കാന്‍ മനുഷ്യരെ നിര്‍മിതി ബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തരുടെയും സവിശേഷമായ കഴിവുകള്‍ പുറത്തെടുക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കുമെന്നും അതുവഴി സമൂഹത്തിനായി ഫലപ്രദമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റെയ്‌സ് 2020 പങ്കാളികളോട് ആശയങ്ങള്‍ പരസ്പരം കൈമാറുന്നതിന് ആഹ്വാനംചെയ്ത അദ്ദേഹം, നിര്‍മിത ബുദ്ധിയെ ഉള്‍ക്കൊള്ളുന്നതിനു പൊതു പദ്ധതി തയ്യാറാക്കാന്‍ അഭ്യര്‍ഥിച്ചു. ചര്‍ച്ചകളിലൂടെ യാഥാര്‍ഥ്യമാക്കപ്പെടുന്ന ഉത്തരവാദിത്തപൂര്‍ണമായ നിര്‍മിത ബുദ്ധിക്കായുള്ള കര്‍മപദ്ധതി ലോകത്താകമാനമുള്ള ജനങ്ങളുടെ ജീവിതവും ഉപജീവന മാര്‍ഗവും മെച്ചപ്പെടുത്തുന്നതിനു സഹായകമാകുമെന്നു പ്രധാനമന്ത്രി ആശംസിച്ചു.
***
(Release ID: 1661943)
Visitor Counter : 307
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada