പ്രധാനമന്ത്രിയുടെ ഓഫീസ്
സോലാങ്ങില്‍ അഭിനന്ദന്‍ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
ഹാമിര്‍പുരില്‍ 66 മെഗാവാട്ടിന്റെ ധൗലസിദ്ധ് ജലപദ്ധതി പ്രഖ്യാപിച്ചു
Posted On:
03 OCT 2020 5:41PM by PIB Thiruvananthpuram
ഹിമാചല്‍ പ്രദേശിലെ സോലാങ് താഴ്‌വരയില്‍ നടന്ന അഭിനന്ദന്‍ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. നേരത്തേ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമായ അടല്‍ തുരങ്കം രാജ്യത്തിനു സമര്‍പ്പിച്ച അദ്ദേഹം, ഹിമാചല്‍ പ്രദേശിലെ ശിസ്സുവില്‍ അഭര്‍ സമാരോഹില്‍ പങ്കെടുക്കുകയും ചെയ്തു.
തുരങ്കം വരുത്തുന്ന മാറ്റങ്ങള്‍
മണാലിയോടുള്ള സ്‌നേഹം ചടങ്ങില്‍ സംസാരിക്കവേ വെളിപ്പെടുത്തിയ പ്രധാനമന്ത്രി, ഈ മേഖലയിലെ അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും വിനോദസഞ്ചാര വ്യവസായവും മെച്ചപ്പെടുത്തണമെന്ന ആഗ്രഹമാണു തുരങ്കം യാഥാര്‍ഥ്യമാക്കാനുള്ള തന്റെ തീരുമാനത്തിനു പിന്നിലെന്നു വ്യക്തമാക്കി.
അടല്‍ തുരങ്കം ഹിമാചലിലെയും ലെയിലെയും ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുമെന്നു ശ്രീ. മോദി പറഞ്ഞു. തുരങ്കം സാധാരണക്കാരുടെ ദുരിതം കുറയാന്‍ സഹായിക്കുന്നു എന്നും ലഹൗലിലേക്കും സ്പിതിയിലേക്കും എല്ലായ്‌പ്പോഴും എളുപ്പത്തില്‍ യാത്ര സാധ്യമാക്കുന്നു എന്നും വിശദീകരിച്ചു.
കുളു മണാലിയില്‍ സിദ്ദു ഘീയുടെ പ്രാതല്‍ കഴിച്ച് ലഹൗലിലെത്തി 'ദോ-മാര്‍', 'ചില്‍ദേ' ഉച്ചഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹാമിര്‍പ്പൂരില്‍ ധൗലസിദ്ധ് ജല പദ്ധതി
ഹാമിര്‍പ്പൂരില്‍ 66 മെഗാവാട്ടിന്റെ ധൗലസിദ്ധ് ജല പദ്ധതി ആരംഭിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതുവഴി വൈദ്യുതി ലഭ്യമാവുക മാത്രമല്ല, മേഖലയിലെ യുവാക്കള്‍ക്കു വളരെയധികം തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധുനിക അടിസ്ഥാന സൗകര്യം, വിശേഷിച്ച് ഗ്രാമീണ റോഡുകളും ഹൈവേകളും ഊര്‍ജ പദ്ധതികളും റെയില്‍ കണക്റ്റിവിറ്റിയും വ്യോമ കണക്റ്റിവിറ്റിയും, കെട്ടിപ്പടുക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളില്‍ പ്രധാന പങ്കാളിയാണ് ഹിമാചല്‍ പ്രദേശെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ അടിസ്ഥാന സൗകര്യ വികസനം
കിര്‍താര്‍പൂര്‍-കുളു-മണാലി റോഡ് ഇടനാഴി, സിര്‍കാപ്പൂര്‍-പര്‍വാനൂ-സോളന്‍-കൈത്‌ലിഘട്ട് റോഡ് ഇടനാഴി, നംഗള്‍ ഡാം-തല്‍വാര റെയില്‍പ്പാത, ഭാനുപാലി-ബിലാസ്പൂര്‍ റെയില്‍പ്പാത എന്നിവയുടെ നിര്‍മാണം പരമാവധി വേഗത്തില്‍ നടന്നുവരികയാണെന്നും ഈ പദ്ധതികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കുക വഴി ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കു സേവനം നല്‍കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
റോഡ്, റെയില്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ജനങ്ങളുടെ ജീവിതം സുഖകരമാക്കാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവയും വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ ആയിരം ദിവസംകൊണ്ട് ഇതു പൂര്‍ത്തിയാക്കുമെന്നും ശ്രീ. മോദി വെളിപ്പെടുത്തി.
ഈ പദ്ധതിയില്‍ ഗ്രാമങ്ങളിലും വൈ-ഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്നും വീടുകൡും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിധത്തിലും നേട്ടമാകും.
ജനജീവിതം സുഗമമാക്കുന്നതിനും അവകാശങ്ങള്‍ അനുവദിച്ചുകിട്ടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും ശ്രമിച്ചുവരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ശമ്പളം, പെന്‍ഷന്‍, ബാങ്കിങ് സേവനങ്ങള്‍, വൈദ്യുതിയുടെയും ടെലിഫോണിന്റെയും ബില്ലടയ്ക്കല്‍ തുടങ്ങിയ ഗവണ്‍മെന്റ് സേവനങ്ങളെല്ലാം ഡിജിറ്റല്‍വല്‍ക്കരിച്ചു. ഇത്തരം പല പരിഷ്‌കാരങ്ങളും പണം ലാഭിക്കാനും അഴിമതി അവസാനിപ്പിക്കാനും സഹായകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
കൊറോണക്കാലത്തു പോലും ഹിമാചല്‍ പ്രദേശില്‍ അഞ്ചു ലക്ഷത്തിലേറെ പെന്‍ഷനര്‍മാരുടെയും ആറു ലക്ഷത്തിലേറെ ഗുണഭോക്താക്കളുടെയും ജന്‍ധന്‍ അക്കൗണ്ടുകളില്‍ നൂറുകണക്കിനു കോടി രൂപ നിക്ഷേപിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക പരിഷ്‌കാരങ്ങള്‍
അടുത്തിടെ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കാരങ്ങളെ എതിര്‍ത്തവരെ വിമര്‍ശിക്കവേ, സ്വന്തം രാഷ്ട്രീയ താല്‍പരങ്ങള്‍ക്കായി പ്രവര്‍ത്തിച്ചവരെ പരിഷ്‌കാരങ്ങള്‍ വിഷമിപ്പിക്കുന്നു എന്നു വിശദീകരിച്ചു. അവര്‍ സൃഷ്ടിച്ച മധ്യവര്‍ത്തികള്‍ ഉള്‍പ്പെട്ട സംവിധാനം ഇല്ലാതാക്കിയതാണ് അത്തരക്കാരെ വിഷമിപ്പിക്കുന്നത്.
കുളു, ഷിംല, കിന്നൗര്‍ മേഖലകളിലെ കര്‍ഷകരില്‍നിന്ന് 40 മുതല്‍ 50 വരെ രൂപയ്ക്ക് ആപ്പിള്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് നൂറോ നൂറ്റന്‍പതോ രൂപയ്ക്കു വില്‍ക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. കര്‍ഷകനോ വാങ്ങുന്നയാള്‍ക്കോ ഗുണം ലഭിക്കുന്നില്ല. ഇതുമാത്രമല്ല, ആപ്പിള്‍ സീസണില്‍ വില ഗണ്യമായി താഴുകയും ചെറിയ തോട്ടങ്ങളുള്ള കര്‍ഷകരെ കൂടുതല്‍ ബാധിക്കുകയും ചെയ്യുന്നു. കാര്‍ഷിക മേഖലയുടെ വികാസത്തിനായി ചരിത്രപരമായ നിയമനിര്‍മാണം നടന്നുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ അസോസിയേഷനുകളെ മറികടന്ന് രാജ്യത്തെവിടെയും ആപ്പിളുകള്‍ വില്‍ക്കാന്‍ സാധിക്കും.
പിഎം കിസാന്‍ സമ്മാന്‍ നിധി
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരം രാജ്യത്തെ 10.25 കോടി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആയിരം കോടി രൂപ ലഭിച്ച ഹിമാചല്‍ പ്രദേശിലെ ഒന്‍പതു ലക്ഷം കര്‍ഷക കുടുംബങ്ങളുണ്ട്.
അടുത്ത കാലം വരെ പല മേഖലകളിലും ജോലി ചെയ്യാന്‍ സ്ത്രീകളെ അനുവദിക്കാത്ത സാഹചര്യം നിലനിന്നിരുന്നു എന്നും അടുത്തിടെ തൊഴില്‍പരിഷ്‌കാരങ്ങളിലൂടെ അത്തരമൊരു സാഹചര്യം ഇല്ലാതാക്കിയെന്നും ശ്രീ. മോദി പറഞ്ഞു. ഇപ്പോള്‍ സ്ത്രീകള്‍ക്കു ജോലി ചെയ്യാന്‍ തുല്യ അവസരം നല്‍കുന്നു എന്നും സ്ത്രീകള്‍ക്കു പുരുഷനു തുല്യമായ വേതനം നല്‍കുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഓരോ പൗരന്റെയും ആത്മവിശ്വാസത്തെ തട്ടിയുണര്‍ത്തുന്നതിനും സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമായി പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാചലിലെയും രാജ്യത്തെയും ഓരോ യുവാവിന്റെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണു പരമപ്രധാനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
*****
(Release ID: 1661469)
Visitor Counter : 269
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada