പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-ഡെന്‍മാര്‍ക്ക് വിര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
Posted On:
28 SEP 2020 5:25PM by PIB Thiruvananthpuram
നമസ്‌കാരം ബഹുമാന്യരേ,
ഈ വിര്‍ച്വല്‍ ഉച്ചകോടിയിലൂടെ താങ്കളോടു സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഞാന്‍ ആദ്യംതന്നെ കോവിഡ്-19 നിമിത്തം ഡെന്‍മാര്‍ക്കിന് ഉണ്ടായ നഷ്ടത്തില്‍ അനുശോചനം രേഖപ്പെടുത്തട്ടെ. പ്രതിസന്ധി നേരിടുന്നതില്‍ കാട്ടുന്ന നൈപുണ്യം നിറഞ്ഞ നേതൃത്വത്തിനു നിങ്ങളെ അഭിനന്ദിക്കേണ്ടതുണ്ട്.
മറ്റു പല തിരക്കുകള്‍ക്കിടയിലും ഈ സംവാദത്തിനു താങ്കള്‍ സമയം കണ്ടെത്തി എന്നതു വെളിപ്പെടുത്തുന്നതു പരസ്പര ബന്ധത്തിനു നിങ്ങള്‍ നല്‍കുന്ന ഊന്നലും അതിനായി നിങ്ങള്‍ കാട്ടുന്ന പ്രതിബദ്ധതയുമാണ്.
ഏതാനും മാസങ്ങള്‍ക്കുമുന്‍പു നാം ഫോണില്‍ ക്രിയാത്മകമായി സംസാരിച്ചിരുന്നു. ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള സഹകരണം പല മേഖലകളിലും വികസിപ്പിക്കുന്നതിനെക്കുറിച്ചു നാം ചര്‍ച്ചചെയ്തിരുന്നു.
ഈ വിര്‍ച്വല്‍ ഉച്ചകോടിയിലൂടെ ലക്ഷ്യങ്ങള്‍ക്കു പുതിയ ദിശയും വേഗവും പകരുകയാണു നാം എന്നതു സന്തോഷകരമാണ്. ഞാന്‍ മുഖ്യമന്ത്രി ആയിരിക്കെ, 2009 മുതല്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ ഡെന്‍മാര്‍ക്ക് പങ്കെടുക്കുന്നുണ്ട് എന്നതിനാല്‍ എനിക്കു ഡെന്‍മാര്‍ക്കിനോടു പ്രത്യേക അടുപ്പമുണ്ട്. രണ്ടാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിക്ക് ആതിഥ്യം നല്‍കാമെന്നുള്ള താങ്കളുടെ നിര്‍ദേശത്തിനു നന്ദി. സാഹചര്യം മെച്ചപ്പെടുമ്പോള്‍ ഡെന്‍മാര്‍ക്കിലെത്തി താങ്കളെ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു.
ബഹുമാന്യരേ,
നിയമവാഴ്ചയുള്ളതും സുതാര്യവും മാനുഷികവും ഒപ്പം ജനാധിപത്യപരവുമായ മൂല്യവ്യവസ്ഥ നിലനില്‍ക്കുന്നതുമായ നമ്മുടേതു പോലെ സമാന ചിന്തകള്‍ ഉള്ള രാജ്യങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്നു കഴിഞ്ഞ ഏതാനും മാസങ്ങളിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
സമാന ചിന്താഗതിയുള്ള രാജ്യങ്ങള്‍ കുത്തിവെപ്പു കണ്ടെത്തുന്നതിനായി സഹകരിക്കുന്നതു മഹാവ്യാധിയെ നേരിടുന്നതിനു സഹായകമാകും. പകര്‍ച്ചവ്യാധിക്കാലത്ത് ഇന്ത്യയുടെ മരുന്ന് ഉല്‍പാദന ശേഷി ലോകത്തിനാകെ പ്രയോജനപ്പെട്ടു. നാം പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിലും അതു തന്നെ ചെയ്യുന്നു.
പ്രധാന സാമ്പത്തിക മേഖലകളിലുള്ള ഇന്ത്യയുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും ലോകത്തെ സേവിക്കുന്നതിനുമുള്ള നമ്മുടെ 'ആത്മനിര്‍ഭര്‍ ഭാരത്' (സ്വാശ്രയ ഇന്ത്യ) പ്രചരണത്തിന്റെ ശ്രമഫലമായി കൂടി ഉള്ളതാണ് ഇത്.
ഈ പ്രചരണത്തിനു കീഴില്‍ നാം ഊന്നല്‍ നല്‍കുന്നതു സമഗ്ര പരിഷ്‌കാരങ്ങള്‍ക്കാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു നിയന്ത്രണ, നികുതി പരിഷ്‌കാരങ്ങള്‍ നേട്ടമാവും. മറ്റു മേഖലകളിലും പരിഷ്‌കരണം നടന്നുവരികയാണ്. കാര്‍ഷിക, തൊഴില്‍ മേഖലകളില്‍ ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരുന്നു.
ബഹുമാന്യരേ,
ഒറ്റ സ്രോതസ്സിനെ മാത്രം വല്ലാതെ ആശ്രയിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു എന്ന് കോവിഡ്-19 വെളിപ്പെടുത്തുന്നു.
വിതരണ ശൃംഖല വൈവിധ്യവല്‍ക്കരണത്തിനും പൂര്‍വസ്ഥിതി പാലിക്കുന്നതിനും ഞങ്ങള്‍ ജപ്പാനുമായും ഓസ്‌ട്രേലിയയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സമാന ചിന്താഗതിയുള്ള മറ്റു രാജ്യങ്ങള്‍ക്കും ഈ യത്‌നത്തില്‍ പങ്കുചേരാം.
ഈ സാഹചര്യത്തില്‍, നമ്മുടെ വിര്‍ച്വല്‍ ഉച്ചകോടി ഇന്ത്യ-ഡെന്‍മാര്‍ക്ക് ബന്ധത്തിനു മാത്രമല്ല, ആഗോള വെല്ലുവിളികളെ സംബന്ധിച്ച പൊതു സമീപനം കെട്ടിപ്പടുക്കുന്നതിനും സഹായകമാകുമെന്നു ഞാന്‍ കരുതുന്നു.
സമയം നീക്കിവെച്ചതിന് ബഹുമാന്യരേ, ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു. തുടക്കം കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കായി ഞാന്‍ താങ്കളെ ക്ഷണിക്കുന്നു.
****
(Release ID: 1659959)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada