പ്രധാനമന്ത്രിയുടെ ഓഫീസ്‌

നമാമി ഗംഗയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ആറ് മെഗാ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


''റോവിങ് ഡൗണ്‍ ദ ഗംഗ'' പുസ്തകം പ്രകാശനം ചെയ്യും

ഗംഗയെക്കുറിച്ചുള്ള ആദ്യ മ്യൂസിയം 'ഗംഗ അവലോകന്‍' ഉദ്ഘാടനം ചെയ്യും

Posted On: 28 SEP 2020 5:18PM by PIB Thiruvananthpuram

ഉത്തരാഖണ്ഡില്‍ നമാമി ഗംഗയുടെ കീഴിലുള്ള ആറ് മെഗാ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 സെപ്റ്റംബര്‍ 29) രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.

68 എം.എല്‍.ഡി ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ് (എസ്ടിപി) നിര്‍മ്മാണം, ഹരിദ്വാറിലെ ജഗ്ജീത്പുരില്‍ നിലവിലുള്ള 27 എം.എല്‍.ഡിയുടെ നവീകരണം, ഹരിദ്വാറിലെ സരായില്‍ 18 എം.എല്‍.ഡി എസ്ടിപി നിര്‍മാണം തുടങ്ങിയവയാണ് പദ്ധതികള്‍. 68 എംഎല്‍ഡി ജഗ്ജീത്പുര്‍ പദ്ധതിയുടെ ഉദ്ഘാടനം പിപിപിയുടെ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ ഏറ്റെടുത്ത ആദ്യത്തെ മലിനജല നിര്‍മാര്‍ജന പദ്ധതിയുടെ പൂര്‍ത്തീകരണം കൂടിയാണ്.

ഋഷികേശില്‍, ലക്കാഡ്ഘട്ടിലെ 26 എംഎല്‍ഡി എസ്ടിപിയും ഉദ്ഘാടനം ചെയ്യും.

ഹരിദ്വാര്‍-ഋഷികേശ് മേഖലയാണ് ഗംഗാ നദിയിലേക്ക് 80% മലിനജലവും എത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ മലിനജല സംസ്‌കരണ പ്ലാന്റുകളുടെ ഉദ്ഘാടനം ഗംഗാ നദി മാലിന്യമുക്തമാക്കുന്നതില്‍  നിര്‍ണായക പങ്ക് വഹിക്കും.

മുനി കി രേതി പട്ടണത്തില്‍, ചന്ദ്രേശ്വര്‍ നഗറിലെ 7.5 എംഎല്‍ഡി ശേഷിയുള്ള എസ്ടിപി, രാജ്യത്തെ ആദ്യ 4 നിലയുള്ള, മലിനജല ശുദ്ധീകരണ പ്ലാന്റായി മാറും. പരിമിതമായിമാത്രം സ്ഥലം ഉപയോഗപ്പെടുത്തിയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. 900 ചതുരശ്രമീറ്ററില്‍ കുറച്ചു സ്ഥലം മാത്രമെടുത്താണ് എസ്ടിപി നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ആവശ്യമുള്ള സ്ഥലത്തിന്റെ 30% മാത്രമാണ് ഇത്.

ചോര്‍പാനിയില്‍ 5 എംഎല്‍ഡി എസ്ടിപിയും ബദരീനാഥില്‍ 1 എംഎല്‍ഡി, 0.01 എംഎല്‍ഡി ശേഷിയുള്ള രണ്ട് എസ്ടിപികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഗംഗാ നദിക്കടുത്തുള്ള 17 ഗംഗാ പട്ടണങ്ങളില്‍ നിന്നുള്ള മാലിന്യനിര്‍മാര്‍ജനത്തിനായുള്ള ഉത്തരാഖണ്ഡിലെ 30 പദ്ധതികളും (100%) ഇപ്പോള്‍ പൂര്‍ത്തിയായി. ഇത് ഒരു പ്രധാന നേട്ടമാണ്.

ഗംഗാ നദിയുടെ സംസ്‌കാരം, ജൈവവൈവിധ്യങ്ങള്‍, പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനായി ഗംഗയുമായി ബന്ധപ്പെട്ട ആദ്യ മ്യൂസിയമായ ''ഗംഗ അവലോകന്‍'' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹരിദ്വാറിലെ ചാന്ദി ഘട്ടിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയും വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'റോവിങ് ഡൗണ്‍ ഗംഗ' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. ഗംഗാ നദിയുടെ ജൈവവൈവിധ്യവും സംസ്‌കാരവും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് വര്‍ണാഭമായ ഈ പുസ്തകം. ഗംഗയുടെ കഥയാണ് പുസ്തകത്തില്‍ പറയുന്നത്. ഉത്ഭവസ്ഥാനമായ ഗോമുഖില്‍ നിന്നു തുടങ്ങി സമുദ്രവുമായി ചേരുന്നതിനുമുമ്പുള്ള അവസാനകേന്ദ്രമായ ഗംഗാ സാഗറിലേക്ക് എത്തുന്നതുവരെയുള്ള കാഴ്ചകളാണ് ഈ പുസ്‌കത്തില്‍ വിവരിച്ചിരിക്കുന്നത്.

ജല്‍ ജീവന്‍ മിഷന്റെ ലോഗോ, 'ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള മാര്‍ഗദര്‍ശിക, ജല്‍ ജീവന്‍ മിഷനു കീഴിലുള്ള ജലസമിതികള്‍' എന്നിവയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

ഈ ലിങ്ക് വഴി പരിപാടി കാണാം:  https://pmevents.ncog.gov.in/

**



(Release ID: 1659815) Visitor Counter : 260