ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് രോഗമുക്തരുടെ എണ്ണം 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു


11 ദിവസത്തിനിടെ രോഗമുക്തരായത് 10 ലക്ഷം പേര്‍

സുഖംപ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5 മടങ്ങു കൂടുതല്‍

Posted On: 28 SEP 2020 11:40AM by PIB Thiruvananthpuram

 


രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു (50,16,520). കഴിഞ്ഞ 24 മണിക്കൂറിനിടെ  74,893 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. അടുത്തിടെ ദിനംപ്രതി 90,000-ത്തിലധികം പേരാണു രാജ്യത്തു രോഗമുക്തരാകുന്നത്.

സുഖംപ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5 മടങ്ങു കൂടുതലാണിപ്പോള്‍. രോഗമുക്തരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതിനാല്‍ ഒരു മാസത്തിനുള്ളില്‍ രോഗമുക്തരുടെ എണ്ണത്തില്‍ 100% വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
 
രാജ്യത്ത് രോഗമുക്തി നിരക്ക് 82.58 ശതമാനമായി ഉയര്‍ന്നു. 15 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.

പുതുതായി രോഗമുക്തരായവരില്‍ 73% മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, കേരളം, ഒഡിഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്. 13,000 രോഗമുക്തരോടെ മഹാരാഷ്ട്രയാണു പട്ടികയില്‍ മുന്നില്‍.

ആകെ രോഗമുക്തരുടെ എണ്ണം 2020 ജൂണിലെ ഒരു ലക്ഷത്തില്‍ നിന്ന് കുത്തനെയാണ് വര്‍ധിച്ചത്. ഏറ്റവും ഒടുവില്‍ 10 ലക്ഷം പേര്‍ രോഗമുക്തരായത് കഴിഞ്ഞ 11 ദിവസത്തിനുള്ളിലാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.

ആകെ രോഗമുക്തരില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ആകെ രോഗമുക്തരില്‍ ഏറ്റവുമധികം മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിലായി ആന്ധ്രാപ്രദേശും തമിഴ്‌നാടും.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 82,170 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. പുതിയ കേസുകളില്‍ 79 ശതമാനവും  പത്ത് സംസ്ഥാനങ്ങളിലാണ്. ഇതില്‍ മഹാരാഷ്ട്രയില്‍ 18,000 ത്തിലധികവും കര്‍ണാടകത്തില്‍ 9,000 ത്തിലധികവും രോഗികളുണ്ട്.

 കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,039 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇവയില്‍ 84 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 36% മഹാരാഷ്ട്രയില്‍ നിന്നാണ് (380 മരണം). തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ യഥാക്രമം 80 ഉം 79 ഉം പേര്‍ മരിച്ചു.
 

***

 



(Release ID: 1659727) Visitor Counter : 171