രാസവസ്തു, രാസവളം മന്ത്രാലയം

രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,500 ആയി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഗവണ്‍മെന്റ്

Posted On: 17 SEP 2020 1:56PM by PIB Thiruvananthpuram

ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി, രാജ്യത്തെ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ (പി.എം.ബി.ജെ.കെ) എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. 2024 മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,  500 ആക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കേന്ദ്ര രാസവസ്തു, രാസവളം വകുപ്പ് മന്ത്രി ശ്രീ. ഡി.വി. സദാനന്ദ ഗൗഡ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഉണ്ടാകും. നിലവില്‍ രാജ്യത്ത് 66063 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആണ് ഉള്ളത്.

 കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ കാലയളവില്‍ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഗ്രീഡിയന്‍സിന്റെ ലഭ്യതക്കുറവിനൊപ്പം  സംഭരണ കേന്ദ്രങ്ങളില്‍ നിന്നും ചില്ലറ വില്‍പനശാലകളിലേക്കുള്ള ഔഷധങ്ങളുടെ ചരക്കു നീക്കത്തിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.  ഈ പ്രതിസന്ധി മറികടക്കുന്നതിന് എല്ലാ വില്പന കേന്ദ്രങ്ങളെയും  ബന്ധിപ്പിച്ചുകൊണ്ട് ഐടി അധിഷ്ഠിത ലോജിസ്റ്റിക്‌സ്, വിപണന ശൃംഖലയ്ക്കും  തുടക്കംകുറിക്കും. നിലവില്‍ ഗുരുഗ്രാം,  ചെന്നൈ, ബംഗളൂരു, ഗുവാഹത്തി എന്നിവിടങ്ങളിലാണ്  പ്രധാനമന്ത്രി ജന്‍ ഔഷധി യോജനക്കു കീഴിലെ സംഭരണ കേന്ദ്രങ്ങള്‍ ഉള്ളത്. പശ്ചിമ ഇന്ത്യയിലും മധ്യ ഇന്ത്യയിലും  രണ്ട് സംഭരണ കേന്ദ്രങ്ങള്‍  കൂടി ആരംഭിക്കും. വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണക്കാരെ നിയമിക്കാനും മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2020- 21 മുതല്‍ 2024-2025 വര്‍ഷത്തേക്ക് വരെ 490 കോടി രൂപയാണ് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയ്ക്കായി ബജറ്റില്‍  വകയിരുത്തിയിട്ടുള്ളത്

ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴിലെ ബ്യൂറോ ഓഫ് ഫാര്‍മസി പി.എസ് യൂസ് ഓഫ് ഇന്ത്യ ആണ് പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.

***



(Release ID: 1655689) Visitor Counter : 180