പ്രധാനമന്ത്രിയുടെ ഓഫീസ്‌

പി.എം.-സ്വനിധി പദ്ധതിയുടെ നടത്തിപ്പ് പ്രധാനമന്ത്രി അവലോകനം ചെയ്തു


തെരുവു കച്ചവടക്കാര്‍ ആദ്യന്തം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതാവണം പദ്ധതിയുടെ രൂപരേഖയെന്നു പ്രധാനമന്ത്രി

പദ്ധതി കേവലം വായ്പാ സൗകര്യം വിപുലപ്പെടുത്തുന്ന ഒന്നാണെന്നു കാണരുത്; മറിച്ച് തെരുവുകച്ചവടക്കാരുടെ സമഗ്ര വികസനവും അവര്‍ക്കു സാമ്പത്തിക ഉയര്‍ച്ച പ്രദാനം ചെയ്യലും ലക്ഷ്യമാക്കി അവരിലേക്ക് എത്തുന്ന ഒന്നായി കണക്കാക്കണം: പ്രധാനമന്ത്രി

Posted On: 25 JUL 2020 6:10PM by PIB Thiruvananthpuram

 

പാര്‍പ്പിട, നഗരകാര്യ മന്ത്രാലയത്തിന്റെ പി.എം.-സ്വനിധി പദ്ധതിയുടെ നടത്തിപ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു. 
2.6 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായും 64,000 എണ്ണം അംഗീകരിച്ചതായും 5,500 എണ്ണത്തില്‍ പണം വിതരണം ചെയ്യതായും വിശദീകരിക്കപ്പെട്ടു. സുതാര്യതയും ഉത്തരവാദിത്ത ബോധവും വേഗവും ഉറപ്പാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നതിനായി വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും ഉപയോഗിച്ച് പദ്ധതി ആദ്യന്തം ഐ.ടി. സംവിധാനത്തിലൂടെ നടപ്പാക്കുന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. 
പദ്ധതിയുടെ നടത്തിപ്പിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ സമ്പൂര്‍ണ ഐ.ടി. സംവിധാനം നടപ്പാക്കുന്നതിനായി പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം പ്രവര്‍ത്തിച്ചുവരികയാണെന്നതു പരാമര്‍ശിച്ച പ്രധാനമന്ത്രി, പദ്ധതിയുടെ രൂപരേഖ ആദ്യന്തം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തെരുവു കച്ചവടക്കാരെ പ്രേരിപ്പിക്കുന്നതാകണം എന്നു നിര്‍ദേശിച്ചു. ഇത് അവരുടെ ബിസിനസ്സിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്നതാകണം. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതു മുതല്‍ വില്‍പന വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാകണം. ഇതിനാവശ്യമായ പ്രോല്‍സാഹനം നല്‍കുകയും പരിശീലനങ്ങള്‍ കൊടുക്കുകയും വേണം. ഡിജിറ്റല്‍ ഇടപാടുകള്‍ ശീലിക്കുന്നത് ക്രെഡിറ്റ് പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനു സഹായകമാവുകയും അതു ഭാവിയില്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനു ഗുണകരമായിത്തീരുകയും ചെയ്യും. 
പദ്ധതി കേവലം വായ്പാ സൗകര്യം വിപുലപ്പെടുത്തുന്ന ഒന്നായി കണ്ടാല്‍ പോരെന്നു പ്രധാനമന്ത്രി പറഞ്ഞു. മറിച്ച് തെരുവുകച്ചവടക്കാരുടെ സമഗ്ര വികസനവും ഒപ്പം അവര്‍ക്കു സാമ്പത്തിക ഉയര്‍ച്ച പ്രദാനം ചെയ്യലും ലക്ഷ്യമാക്കി അവരിലേക്ക് എത്തുന്ന ഒന്നായി കണക്കാക്കണം. ഇതിലൊന്ന്, ആവശ്യമായ നയപരമായ ഇടപെടലുകള്‍ സാധ്യമാക്കുന്നതിനായി അവരുടെ സാമൂഹ്യ, സാമ്പത്തിക വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ ആയിരിക്കണം. അത്തരം വിവരങ്ങള്‍ അര്‍ഹമായ പദ്ധതികളുടെ നേട്ടം മുന്‍ഗണനാ ക്രമത്തില്‍ തെരുവു കച്ചവടക്കാര്‍ക്കു ലഭ്യമാക്കുന്നതിനായി വിവിധ കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങള്‍ ഉപയോഗപ്പെടുത്തണം. പി.എം.എ.വൈ.-യു പ്രകാരം വീട്, ഉജ്വല പ്രകാരം പാചകവാതകം, സൗഭാഗ്യ പ്രകാരം വൈദ്യുതി, ആയുഷ്മാന്‍ ഭാരത് പ്രകാരം ആരോഗ്യം, ഡേ-എന്‍.യു.എല്‍.എം. പ്രകാരം നൈപുണ്യ പരിശീലനം, ജന്‍ധന്‍ പ്രകാരം ബാങ്ക് അ്ക്കൗണ്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 
പശ്ചാത്തലം:
50 ലക്ഷത്തോളം തെരുവു കച്ചവടക്കാര്‍ക്കു തങ്ങളുടെ ബിസിനസ് പുനരാരംഭിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് പതിനായിരം രൂപ വീതം പ്രവര്‍ത്തന മൂലധനം ഈടില്ലാതെ നല്‍കാനുള്ള പിഎം സ്വനിധി പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. പലിശയിളവ് (പ്രതിവര്‍ഷം 7 ശതമാനം നിരക്കില്‍), ക്യാഷ് ബാക്ക് (പ്രതിവര്‍ഷം 1,200 രൂപ) എന്നിവ മികച്ച രീതിയില്‍ തിരിച്ചടയ്ക്കുന്ന സ്വഭാവവും ഡിജിറ്റല്‍ ഇടപാടും പ്രോല്‍സാഹിപ്പിക്കുന്നതിനായി നടപ്പാക്കി. 24 ശതമാനം വാര്‍ഷിക പലിശയുള്ള പതിനായിരം രൂപയുടെ വായ്പയുടെ ആകെ പലിശയുടെ 30 ശതമാനം വരും ഫലത്തില്‍ പലിശയിളവ്. 
അതിനാല്‍, എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തുകയും യഥാസമയം തിരിച്ചയ്ക്കുകയും ചെയ്യുന്നപക്ഷം തെരുവു കച്ചവടക്കാരനു പലിശ അടയ്‌ക്കേണ്ടിവരുന്നില്ല എന്നു മാത്രമല്ല, വായ്പയില്‍ സബ്‌സിഡി ലഭിക്കുകയും ചെയ്യുന്നു. നേരത്തേയോ യഥാസമയമോ വായ്പ തിരിച്ചടയ്ക്കുന്നപക്ഷം കൂടിയ തുകയുടെ അടുത്ത വായ്പ നേടുന്നതിനുള്ള വ്യവസ്ഥയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(സിഡ്ബി) വഴി ഐ.ടി. പ്ലാറ്റ്‌ഫോമായ പി.എം.സ്വനിധിയിലൂടെ 2020 ജൂലൈ രണ്ടിനു വായ്പകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. സിഡ്ബിക്കാണു പദ്ധതിയുടെ നടത്തിപ്പു ചുമതല. 
***
 



(Release ID: 1655550) Visitor Counter : 174