പ്രധാനമന്ത്രിയുടെ ഓഫീസ്‌

അധികാരത്തിന്റെ രണ്ടാം വര്‍ഷത്തെ ആദ്യ മന്ത്രിസഭായോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

Posted On: 01 JUN 2020 5:31PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍, 2020 ജൂണ്‍ 1 തിങ്കളാഴ്ച കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികഞ്ഞശേഷമുള്ള ആദ്യ മന്ത്രിസഭായോഗമാണിത്.


യോഗത്തില്‍, ചരിത്രം കുറിക്കുന്ന നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടു. രാജ്യത്തെ കഠിനാധ്വാനികളായ കര്‍ഷകരുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയുടെയും വഴിയോരക്കച്ചവടക്കാരുടെയും ജീവിതഗതിയെത്തന്നെ സ്വാധീനിക്കുന്ന തരത്തിലുള്ളതാണ് ഈ തീരുമാനങ്ങള്‍.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സഹായഹസ്തം:

ശക്തവും സ്വയംപര്യാപ്തവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ 6 കോടിയിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

ആത്മനിര്‍ഭര്‍ ഭാരതിനു കീഴില്‍, സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ നടപ്പിലാക്കുന്നതില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്ക് മുന്‍ഗണന നല്‍കി. ഇതുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന് കീഴിലുള്ള മറ്റ് പ്രഖ്യാപനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നവ ഇനി പറയുന്നു:

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തിന്റെ പുനരവലോകനം.
പ്രതിസന്ധിയിലായ  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കാനായി 20,000 കോടി രൂപ വായ്പ നല്‍കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം. പ്രതിസന്ധിയിലായ 2 ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇത് ഗുണമാകും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി 50,000 കോടി രൂപയുടെ ഓഹരി നിക്ഷേപത്തിനായുള്ള നിര്‍ദേശത്തിനും കേന്ദ്ര മന്ത്രിസഭ അനുവാദം നല്‍കി. ഇത് ഓഹരി വിപണിയില്‍ ഇടംപിടിക്കാനുള്ള അവസരം നല്‍കും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തിന്റെ അധിക പുനരവലോകനം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനം കൂടുതല്‍ നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാക്കേജ് പ്രഖ്യാപനത്തില്‍, ഒരു കോടി രൂപ മുതല്‍മുടക്കും 5 കോടി രൂപ വിറ്റുവരവും ഉള്ളവയെ സൂക്ഷ്മ നിര്‍മ്മാണ, സേവന യൂണിറ്റായി ഉയര്‍ത്തി. 10 കോടി രൂപ മുതല്‍മുടക്കും 50 കോടി രൂപ വിറ്റുവരവുമുള്ളവയായി ചെറുകിട യൂണിറ്റുകളെ നിര്‍വചിച്ചു. അതുപോലെ, 20 കോടി രൂപ മുതല്‍മുടക്കും 100 കോടി രൂപ വിറ്റുവരവുമുള്ളവയെ ഇടത്തരം യൂണിറ്റായി പരിഗണിക്കാനും തീരുമാനിച്ചു.

2020 മെയ് 13 ലെ പാക്കേജ് പ്രഖ്യാപനത്തിനു പിന്നാലെ നിര്‍വചനങ്ങള്‍ കൂടുതല്‍ നവീകരിക്കണമെന്ന് വിവിധ കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ മനസില്‍ വച്ചാണ്, ഇടത്തരം ഉല്‍പ്പാദന, സേവന യൂണിറ്റുകളുടെ പരിധി വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. ഇപ്പോള്‍ ഇത് 50 കോടി മുതല്‍മുടക്കും 250 കോടി വിറ്റുവരവുമാണ്.

നമ്മുടെ കഠിനാധ്വാനികളായ വഴിയോരക്കച്ചവടക്കാര്‍ക്ക് പിന്തുണ:

വഴിയോരക്കച്ചവടക്കാര്‍ക്ക് മിതമായ നിരക്കില്‍ വായ്പ നല്‍കുന്നതിനായി ഭവന, നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയം പ്രത്യേക മൈക്രോ ക്രെഡിറ്റ് ഫെസിലിറ്റി സ്‌കീം - പി എം സ്വനിധി - പിഎം വഴിയോരക്കച്ചവടക്കാരുടെ ആത്മ നിര്‍ഭര്‍ നിധി ആരംഭിച്ചു.

50 ലക്ഷത്തിലേറെപ്പേര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

പദ്ധതി നടപ്പാക്കുന്നതില്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കും.

ഈ പദ്ധതിയെ പ്രത്യേകതയുള്ളതാക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്:

1. ചരിത്രപരമായ ആദ്യത്തേത്:

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നഗര / ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വഴിയോരക്കച്ചവടക്കാര്‍ ഒരു നഗര ഉപജീവന പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്.

കച്ചവടക്കാര്‍ക്ക് 10,000 രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ ലഭിക്കും. ഇത് പ്രതിമാസ തവണകളായി ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ മതി.

വായ്പ യഥാസമയമോ നേരത്തെയോ തിരിച്ചടയ്ക്കുമ്പോള്‍, 7 ശതമാനം പ്രതിമാസ പലിശ ഇളവ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാകും ആറു മാസങ്ങളില്‍ ഈ തുക എത്തുന്നത്.

നഗരത്തിലെ ദരിദ്രര്‍ക്കായുള്ള ഒരു പദ്ധതിയില്‍ ഇതാദ്യമായാണ് എംഎഫ്ഐ/ എന്‍ബിഎഫ്സി/ എസ്എച്ച്ജി ബാങ്കുകള്‍ അനുവദിക്കുന്നത്.

2. ശാക്തീകരണത്തിനുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തല്‍:

പദ്ധതി കൈകാര്യം ചെയ്യുന്നതിനായി വെബ് പോര്‍ട്ടല്‍ / മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ്. കച്ചവടക്കാരെ നിയമാനുസൃത സാമ്പത്തിക വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനും ഐടി പ്ലാറ്റ്ഫോം സഹായിക്കും. വായ്പ കൈകാര്യം ചെയ്യലിനായി ഈ പ്ലാറ്റ്ഫോം വെബ് പോര്‍ട്ടലിനെ / മൊബൈല്‍ ആപ്ലിക്കേഷനെ സി.ഐ.ഡി.ബി.ഐയുടെ ഉദ്യാമി മിത്ര പോര്‍ട്ടലുമായി സംയോജിപ്പിക്കും. ഒപ്പം പലിശ ഇളവ് സ്വയമേവ നല്‍കുന്നതിന് ഭവന, നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ പൈസ പോര്‍ട്ടലുമായും ബന്ധിപ്പിക്കും.

3. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക:

വഴിയോരകച്ചവടക്കാര്‍ക്കു പ്രതിമാസ ക്യാഷ് ബാക്ക് നല്‍കുന്നതിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഈ പദ്ധതി പ്രോത്സാഹനം നല്‍കുന്നു.

4. ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ

ഭവന, നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ജൂണ്‍ മാസത്തില്‍ രാജ്യത്തുടനീളമുള്ള എല്ലാ പങ്കാളികളുടെയും ഐഇസി പ്രവര്‍ത്തനങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കല്‍, സാമ്പത്തിക സാക്ഷരതാ പദ്ധതി എന്നിവ ആരംഭിക്കും. ജൂലൈ മാസത്തില്‍ വായ്പ വിതരണം ആരംഭിക്കുകയും ചെയ്യും.

ജയ് കിസാന്റെ സത്തയെ ദീപ്തമാക്കുന്നു:

2020-21 ലെ ഖാരിഫ് സീസണില്‍, കുറഞ്ഞ താങ്ങുവിലയെ ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയായെങ്കിലും നിലനിര്‍ത്താമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചിട്ടുണ്ട്. സിഎസിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2020-21 ലെ ഖാരിഫ് സീസണിലെ 14 വിളകളുടെ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചു. 50 ശതമാനം മുതല്‍ 83 ശതമാനം വരെയാണ് വര്‍ധന.

കാര്‍ഷിക മേഖലയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍കൂര്‍ നല്‍കിയ  3 ലക്ഷം രൂപ വരെയുള്ള എല്ലാ ഹ്രസ്വകാല വായ്പകള്‍ക്കും തിരിച്ചടവ് തീയതി 31.08.2020 വരെ നീട്ടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പലിശ ഇളവിന്റെയും കാലതാമസം വരുത്താതെയുള്ള തിരിച്ചടവ് പ്രോത്സാഹനത്തിന്റെയും ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കും.

2020 മാര്‍ച്ച് ഒന്നിനും 2020 ഓഗസ്റ്റ് 31 നും ഇടയിലുള്ള കാര്‍ഷിക ഹ്രസ്വകാല വായ്പയ്ക്ക് ബാങ്കുകള്‍ക്ക് 2 ശതമാനം പലിശ ഇളവ് ആനുകൂല്യവും കര്‍ഷകര്‍ക്ക് 3 ശതമാനം കാലതാമസം വരുത്താതെയുള്ള തിരിച്ചടവ് പ്രോത്സാഹനവും തുടര്‍ന്നും ലഭ്യമാകും.

ബാങ്കിലൂടെ പ്രതിവര്‍ഷം 7 ശതമാനം നിരക്കില്‍ അത്തരം വായ്പകള്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലൂടെ പ്രതിവര്‍ഷം 4 ശതമാനം നിരക്കില്‍ 3 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. ബാങ്കുകള്‍ക്ക് പ്രതിവര്‍ഷം 2 ശതമാനം പലിശ ഇളവ്, കര്‍ഷകര്‍ യഥാസമയം തിരിച്ചടയ്ക്കുന്നതിലൂടെ 3 ശതമാനം അധിക ആനുകൂല്യങ്ങള്‍ എന്നിവയും ഇതിനൊപ്പം ലഭ്യമാണ്.

സര്‍ക്കാരിന്റെ മുഖ്യ ശ്രദ്ധ പാവപ്പെട്ടവരെ പരിപാലിക്കുന്നതില്‍:

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കുമാണ്.

ഭക്ഷ്യസുരക്ഷയോടെ 80 കോടി പേര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നത് മുതല്‍ 20 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതുവരെ; മുതിര്‍ന്ന പൗരന്മാരുടെയും പാവപ്പെട്ട വിധവകളുടെയും പാവപ്പെട്ട ഭിന്നശേഷിക്കാരുടെയും കൈയില്‍ പണം എത്തിക്കുന്നതു മുതല്‍ കോടിക്കണക്കിനു കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി-കിസാന്‍ പദ്ധതിയുടെ തവണകള്‍ എത്തിക്കുന്നതുവരെ നിരവധി നടപടികളാണ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍, കോടിക്കണക്കിന് ആളുകളിലേക്ക് നേരിട്ട്, പണമായോ മറ്റു വിധത്തിലോ സഹായം എത്തി.

ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് പോലും സൗജന്യ ഭക്ഷ്യധാന്യങ്ങള്‍, താങ്ങാനാവുന്ന വാടകയോടെ ഭവനപദ്ധതി തുടങ്ങി നിരവധി പദ്ധതികളും പ്രഖ്യാപിച്ചു.

***
 



(Release ID: 1655068) Visitor Counter : 231